News - 2024

അര്‍മേനിയന്‍ ക്രൈസ്തവ വിശ്വാസി ജില്ല ഗവര്‍ണർ; തുര്‍ക്കിയുടെ ചരിത്രത്തില്‍ ഇതാദ്യം

പ്രവാചകശബ്ദം 23-08-2022 - Tuesday

ഇസ്താംബൂള്‍: കടുത്ത ഇസ്ലാമിക രാഷ്ട്രമായ തുര്‍ക്കിയുടെ ചരിത്രത്തിലാദ്യമായി ഒരു അര്‍മേനിയന്‍ ക്രൈസ്തവന്‍ ജില്ലാ ഗവര്‍ണറാവുന്നു. ഇസ്താംബൂളില്‍ ജനിച്ചു വളര്‍ന്ന ഇരുപത്തിയേഴുകാരനായ ബെര്‍ക്ക് അകാര്‍ ഈ പദവിയിലെത്തുന്ന ആദ്യത്തെ അര്‍മേനിയന്‍ ക്രൈസ്തവ വിശ്വാസിയാണ്. തെക്ക്-കിഴക്കന്‍ പ്രവിശ്യയായ ഡെനിസ്ലിയിലെ ബാബാദാഗ് ജില്ലാ ഗവര്‍ണറായി അകാറിനെ നിയമിച്ചു കൊണ്ടുള്ള ഔദ്യോഗിക ഉത്തരവ് ഈ അടുത്ത ദിവസമാണ് പുറത്തുവന്നത്. കഴിഞ്ഞ വര്‍ഷം അങ്കാരയില്‍ നടന്ന ഗവര്‍ണര്‍ തിരഞ്ഞെടുപ്പിൽ നേടിയ ഉന്നത വിജയത്തെ തുടർന്നാണ് ബെര്‍ക്ക് അകാറിന് പദവി ലഭിച്ചിരിക്കുന്നത്.

2020-ല്‍ ഇസ്താംബൂളിലെ ബില്‍ജി യൂണിവേഴ്സിറ്റി ലോ സ്കൂളിൽ നിന്നും ബിരുദമെടുത്ത അകാര്‍ ഇസ്താംബൂളിലെ സിസ്ലി ജില്ലയിലെ ഒരു നിയമസ്ഥാപനത്തില്‍ പരിശീലനം നടത്തി വരവേയാണ് പുതിയ നിയമനം. തുര്‍ക്കിയിലെ 60,000-ത്തോളം വരുന്ന അര്‍മേനിയന്‍ അപ്പസ്തോലിക വിശ്വാസികളുടെ എണ്ണം കാലക്രമേണ കുറഞ്ഞു വരികയാണെന്നും, സഭയുടെ കീഴിലുള്ള 38 ദേവാലയങ്ങളില്‍ 33 എണ്ണവും ഇസ്താംബൂള്‍ മേഖലയിലാണ് ഉള്ളതെന്നും 2020-ല്‍ കോണ്‍സ്റ്റാന്റിനോപ്പിള്‍ പാത്രിയാര്‍ക്കീസായി തിരഞ്ഞെടുക്കപ്പെട്ടതിന്റെ തൊട്ടുപിന്നാലെ പാത്രിയാര്‍ക്കീസ് സാഹക് II പറഞ്ഞിരുന്നു.

ഹാഗിയ സോഫിയ അടക്കമുള്ള ചരിത്രപ്രസിദ്ധമായ പുരാതന ദേവാലയങ്ങള്‍ തുര്‍ക്കി പ്രസിഡന്റ് തയ്യിബ് എര്‍ദോര്‍ഗന്‍ മുന്‍കൈ എടുത്ത് മുസ്ലീം പള്ളിയാക്കി പരിവര്‍ത്തനം ചെയ്തതിനെ തുടര്‍ന്ന്‍ ആഗോള തലത്തിൽ വിമര്‍ശനം ഏറ്റുവാങ്ങിയ രാഷ്ട്രമാണ് തുര്‍ക്കി. തീവ്ര ഇസ്ലാമിക വാദിയായ എര്‍ദോര്‍ഗന്റെ നേതൃത്വത്തിലുള്ള തുര്‍ക്കി ഭരണകൂടം രാജ്യത്തെ മതന്യൂനപക്ഷങ്ങളായ ക്രൈസ്തവരെ രണ്ടാംതരം പൗരന്‍മാരായിട്ടാണ് പരിഗണിക്കുന്നതെന്ന ആരോപണം നേരത്തേ മുതലേ ശക്തമാണ്. അസര്‍ബൈജാന്‍-അര്‍മേനിയ സംഘര്‍ഷത്തില്‍ പക്ഷം ചേര്‍ന്ന്‍ എര്‍ദോര്‍ഗന്റെ നേതൃത്വത്തിലുള്ള തുര്‍ക്കി ഭരണകൂടം മറ്റൊരു ക്രൈസ്തവ വംശഹത്യയാണ് നടത്തിക്കൊണ്ടിരിക്കുന്നതെന്ന്‍ അമേരിക്കന്‍ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. 0.3 – 0.4 ശതമാനം ക്രൈസ്തവര്‍ മാത്രമാണ് ഇപ്പോള്‍ തുര്‍ക്കിയില്‍ ഉള്ളത്.


Related Articles »