News - 2024

അര്‍മേനിയന്‍ സഭാധ്യക്ഷന്‍ ഒരു പതിറ്റാണ്ടിന് ശേഷം ഫ്രാൻസിസ് പാപ്പയുമായി കൂടിക്കാഴ്ച നടത്തി

പ്രവാചകശബ്ദം 14-06-2024 - Friday

വത്തിക്കാന്‍ സിറ്റി: അര്‍മേനിയന്‍ സഭാധ്യക്ഷന്‍ അരാം ഒന്നാമന്‍ ഫ്രാൻസിസ് മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തി. ലെബനോൻ, സിറിയ, സൈപ്രസ്, ഇറാൻ, ഗ്രീസ് എന്നിവിടങ്ങളിലായി വ്യാപിച്ചിരിക്കുന്ന 800,000 അർമേനിയൻ ക്രൈസ്തവരുടെ അധികാരപരിധിയിലുള്ള അർമേനിയൻ ചർച്ച് ഓഫ് സിലിസിയയുടെ തലവനായ അരാം ഒന്നാമന്‍ ഒരു പതിറ്റാണ്ടിനിടെ മാര്‍പാപ്പയുമായി നടത്തുന്ന ആദ്യ കൂടിക്കാഴ്ചയാണ്. ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് കൂടിക്കാഴ്ച നടന്നത്. മാര്‍പാപ്പയുടെ സ്വകാര്യ ഓഫീസിൽ വാതിലുകള്‍ അടച്ചിട്ടായിരിന്നു കൂടിക്കാഴ്ച. കൂടുതൽ വിവരങ്ങളൊന്നും വത്തിക്കാൻ പുറത്തുവിട്ടിട്ടില്ല.

2014 ജൂണിൽ വത്തിക്കാനിൽവെച്ചാണ് ഫ്രാൻസിസ് മാർപാപ്പ അവസാനമായി അരാം ഒന്നാമനെ കണ്ടത്. ആ അവസരത്തിൽ ക്രിസ്തീയ ഐക്യം കൈവരിക്കുന്നതിനുള്ള പ്രതിബദ്ധതയ്ക്ക് പരിശുദ്ധ പിതാവ് നന്ദി അര്‍പ്പിച്ചിരിന്നു. ലോകമെമ്പാടുമായി അഞ്ചു ദശലക്ഷത്തിലധികം അംഗങ്ങളുള്ള അർമേനിയൻ അപ്പസ്തോലിക് സഭയുമായി അർമേനിയൻ ചർച്ച് ഓഫ് സിലിസിയ പൂർണമായ കൂട്ടായ്മയിലാണ്. കാനഡയിലെ ആറ് ഇടവകകൾക്കൊപ്പം അമേരിക്കയില്‍ രണ്ട് രൂപതകളും 34 ഇടവകകളും അർമേനിയൻ ചർച്ച് ഓഫ് സിലിസിയയുടെ പരിധിയിലുണ്ട്. ലോകത്തിൽ ഒന്നാമതായി ക്രൈസ്തവ വിശ്വാസം രാഷ്ട്രത്തിന്റെ വിശ്വാസമായി അംഗീകരിച്ചത് അർമേനിയയാണ്.

കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ?


Related Articles »