News

ശുചീകരണ തൊഴില്‍ മാത്രം ക്രൈസ്തവര്‍ക്ക്; ഉന്നത തൊഴിൽ മേഖലകളിൽ പൂർണ്ണമായി തഴയപ്പെട്ട് പാക്ക് ക്രൈസ്തവർ

പ്രവാചകശബ്ദം 25-08-2022 - Thursday

ഇസ്ലാമാബാദ്: തീവ്ര ഇസ്ലാമിക ഭൂരിപക്ഷ രാജ്യമായ പാക്കിസ്ഥാന്റെ തലസ്ഥാനമായ ഇസ്ലാമാബാദിലെ ശുചീകരണ തൊഴിലാളികളില്‍ 90%വും ക്രൈസ്തവര്‍. ഉന്നത തൊഴിൽ മേഖലകളിൽ പൂർണ്ണമായി തഴയപ്പെടുന്ന ക്രൈസ്തവരുടെ ദയനീയാവസ്ഥയും നാമ മാത്ര ശമ്പളത്തിന് ജോലി ചെയ്യുന്ന ആഴ്ചകളോളം തങ്ങളുടെ ശമ്പളത്തിനായി കാത്തിരിക്കുന്ന സാഹചര്യവും നിലനില്‍ക്കുന്നുണ്ടെന്ന് ജര്‍മ്മന്‍ സര്‍ക്കാരിന്റെ സഹായമുള്ള വാര്‍ത്ത ഏജന്‍സിയായ 'ഡച്ചേ വില്ല' കഴിഞ്ഞ ദിവസം പുറത്തുവിട്ട ലേഖനത്തില്‍ പറയുന്നു. “എന്തുകൊണ്ടാണ് ഇസ്ലാമാബാദിലെ ശുചീകരണ തൊഴിലാളികളില്‍ ഭൂരിഭാഗവും ക്രൈസ്തവര്‍?” എന്ന തലക്കെട്ടോടെ പുറത്തുവന്ന ലേഖനത്തിലാണ് ഇക്കാര്യമുള്ളത്.

ശുചീകരണ തൊഴില്‍ ക്രിസ്ത്യാനികളെ മാത്രം ലക്ഷ്യമിട്ടുള്ളതാണെന്നും, വാസ്തവത്തില്‍ ഇത്തരം തസ്തികകളിലേക്കുള്ള റിക്രൂട്ട്മെന്റിന്റെ പരസ്യത്തില്‍ “അമുസ്ലീങ്ങള്‍ക്ക് മാത്രം” എന്ന് ചേര്‍ക്കുന്നത് മുസ്ലീങ്ങളുടെ നിലവാരത്തിന് താഴെയായി കണക്കാക്കപ്പെടുന്ന തൊഴില്‍ എന്നാണ് അര്‍ത്ഥമാക്കുന്നതെന്നും ലേഖനത്തില്‍ പറയുന്നു. യാതൊരു വിധ സുരക്ഷാ ഉപാധികളുമില്ലാതെ അപടകരമായ സാഹചര്യങ്ങളില്‍ പോലും ക്രിസ്ത്യാനികള്‍ക്ക് ജോലി ചെയ്യണ്ടതായി വരുന്നുണ്ട്. സീവേജ് (മാലിന്യ ഓടകള്‍) ശുചീകരണ തൊഴിലാളികളില്‍ ഭൂരിഭാഗം വരുന്ന ക്രൈസ്തവര്‍ക്ക് യാതൊരു സുരക്ഷയുമില്ലാതെ ആഴങ്ങളിലിറങ്ങി തടസ്സങ്ങള്‍ നീക്കേണ്ടി വരുന്നത് ഇതിന് ഉദാഹരണമാണ്.

ഇത്തരം സാഹചര്യങ്ങളില്‍ മാരകമായ വിഷവാതകം ശ്വസിച്ച് തൊഴിലാളികളില്‍ മരണപ്പെടുന്നതും പതിവാണ്. ഇവരുടെ മൃതസംസ്കാരത്തിന് തികയുന്ന നാമമാത്രമായ സഹായം മാത്രമാണ് മരണപ്പെടുന്നവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരില്‍ നിന്നും ലഭിക്കുക. ഭൂരിപക്ഷം വരുന്ന മുസ്ലീം സമുദായത്തില്‍ അപമാനം, വിവേചനം എന്നിവയിലാണ് ഇന്ന് പാക്കിസ്ഥാനിലെ ക്രൈസ്തവര്‍ കഴിഞ്ഞുപോകുന്നതെന്നും ലേഖനത്തില്‍ ചൂണ്ടിക്കാട്ടുന്നു.

ശമ്പളത്തിന്റെ കാര്യത്തില്‍ ശുചീകരണ തൊഴിലാളികള്‍ പലപ്പോഴും വഞ്ചിക്കപ്പെടുന്നുണ്ടെന്ന് അന്താരാഷ്ട്ര മതസ്വാതന്ത്ര്യ നിരീക്ഷക സംഘടനയായ ഇന്റര്‍ നാഷണല്‍ ക്രിസ്റ്റ്യന്‍ കണ്‍സേണിന്റെ വക്താവായ മാത്യാസ് പെര്‍ട്ടുല ചൂണ്ടിക്കാട്ടി. ശമ്പളം ലഭിക്കുകയാണെങ്കില്‍ തന്നെ തൊഴിലുടമയുടെ അവഹേളനത്തിന് ഇരയാവുകയും ചെയ്യുന്നുണ്ട്. പ്രത്യേകം നിഷ്കര്‍ഷിച്ചിട്ടുള്ള പൈപ്പുകളില്‍ നിന്നും മാത്രമാണ് അവര്‍ക്ക് വെള്ളം കുടിക്കുവാന്‍ അവകാശമുള്ളുവെന്നും അദ്ദേഹം പറയുന്നു.

സര്‍ക്കാര്‍ തലത്തിലും, സാമൂഹ്യ ജീവിതത്തിലും ഈ മതഭ്രാന്ത്‌ പ്രകടമാണ്. കുപ്രസിദ്ധമായ മതനിന്ദാ നിയമമാണ് പാകിസ്ഥാനിലെ ക്രിസ്ത്യാനികള്‍ നേരിടുന്ന മറ്റൊരു വെല്ലുവിളി. വധ ശിക്ഷ, ജീവപര്യന്തം പോലെയുള്ള കടുത്ത ശിക്ഷകള്‍ ലഭിക്കുന്നതിനാല്‍ ക്രിസ്ത്യാനികള്‍ ഭയന്നാണ് കഴിയുന്നതെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. മതന്യൂനപക്ഷങ്ങള്‍ക്കും തുല്യ സമത്വമുള്ള ഒരു സമൂഹം കെട്ടിപ്പടുക്കുന്നതില്‍ പാക്കിസ്ഥാന് ഇനിയും ഏറെ മുന്നോട്ട് പോകുവാനുണ്ട്. സര്‍ക്കാര്‍ എന്തൊക്കെ പറഞ്ഞാലും സര്‍ക്കാര്‍ കൊട്ടിഘോഷിക്കുന്ന മത സൗഹാര്‍ദ്ദത്തില്‍ നിന്നും കടകവിരുദ്ധമാണ് മതന്യൂനപക്ഷങ്ങളുടെ ജീവിതമെന്നത് ഒരു യാഥാര്‍ത്ഥ്യമാണെന്ന് പറഞ്ഞുകൊണ്ടാണ് ലേഖനം അവസാനിക്കുന്നത്.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »