News - 2025
നവ സുവിശേഷവത്ക്കരണത്തിന് എണ്‍പതോളം മെത്രാന്മാരെ ഒരുക്കാന്‍ വത്തിക്കാനില്‍ പഠനശിബിരം
പ്രവാചകശബ്ദം 04-09-2022 - Sunday
വത്തിക്കാന്‍ സിറ്റി: കത്തോലിക്ക സഭയുടെ ഭരണസിരാകേന്ദ്രമായ വത്തിക്കാന്‍ കാര്യാലയത്തിലെ ‘ഡിക്കാസ്റ്ററി ഫോര്‍ മിഷന്‍സ്’ന്റെ കീഴില്‍ വരുന്ന എണ്‍പതോളം മെത്രാന്‍മാര്‍ക്കായി സുവിശേഷവല്‍ക്കരണത്തിനുള്ള വത്തിക്കാന്‍ ഡിക്കാസ്റ്ററി പഠന ശിബിരം സംഘടിപ്പിക്കുന്നു. പൊന്തിഫിക്കല്‍ കോളേജ് ഓഫ് സെന്റ് പോള്‍ ദി അപ്പോസ്തലില്‍ സംഘടിപ്പിക്കുന്ന സെമിനാറില്‍ സമീപകാലത്തായി ആഫ്രിക്ക, ഏഷ്യ, അമേരിക്ക, ഓഷ്യാനിയ എന്നീ മേഖലകളില്‍ നിയമിക്കപ്പെട്ട മെത്രാന്‍മാരാണ് പങ്കെടുക്കുക. സെപ്റ്റംബര്‍ 5-ന് കര്‍ദ്ദിനാള്‍ ലൂയീസ് അന്റോണിയോയുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ അര്‍പ്പിക്കുന്ന വിശുദ്ധ കുര്‍ബാനയോടെ ആരംഭിക്കുന്ന സെമിനാര്‍ സെപ്റ്റംബര്‍ 17-ന് സെന്റ് പീറ്റേഴ്സ് ബസിലിക്കയില്‍ അര്‍പ്പിക്കുന്ന വിശുദ്ധ കുര്‍ബാനയോടെയാണ് സമാപിക്കുക. സെമിനാറിന്റെ അവസാന ദിവസം ഫ്രാന്‍സിസ് പാപ്പയുമായുള്ള മെത്രാന്മാരുടെ കൂടിക്കാഴ്ചയും നിശ്ചയിച്ചിട്ടുണ്ട്.
തങ്ങള്‍ നിയമിക്കപ്പെട്ട പ്രേഷിത മേഖലയിലെ ഇടവകകളുടെ ഭരണ കാര്യങ്ങള്‍ നിര്‍വഹിക്കുന്നതിനുള്ള പരിശീലനത്തിനും, സ്വയം വിചിന്തനത്തിനും മെത്രാന്‍മാര്‍ക്ക് അവസരം നല്‍കുക എന്നതാണ് സെമിനാറിന്റെ ലക്ഷ്യം. പ്രാര്‍ത്ഥനയോടെ ആരംഭിക്കുന്ന ഓരോ ദിവസവും മൂന്ന്‍ ലെക്ച്ചറുകളും, അതിന് ശേഷം ചര്‍ച്ചകളുമായിട്ടായിരിക്കും കടന്നുപോവുക. ഓരോ ദിവസത്തിന്റെ അവസാനവും പ്രാര്‍ത്ഥന ഉണ്ടായിരിക്കും. 'രൂപതാ മെത്രാന്‍മാരും സുവിശേഷ വല്‍ക്കരണത്തിനുള്ള ഡിക്കാസ്റ്ററിയുമായുള്ള ബന്ധം', 'റോമന്‍ കൂരിയ', 'രൂപതയുടെ ഘടന', 'സമര്‍പ്പിത ജീവിതം', 'അല്‍മായര്‍' തുടങ്ങിയ എട്ടോളം വിഷയങ്ങളെ അടിസ്ഥാനമാക്കിയാണ് സെമിനാര്‍ മുന്നോട്ട് പോവുക.
മെത്രാപ്പോലീത്തയായ പ്രോട്ടാസെ റുഗാംബ്വ, ഗിയാംപിയത്രോ ഡാല്‍ ടോസോ, മോണ്‍. മാര്‍ക്കോ മെല്ലിനോ, മെത്രാപ്പോലീത്ത റിച്ചാര്‍ഡ് ഗല്ലാഗര്‍, മോണ്‍. റിനോ ഫിസിചെല്ല, മോണ്‍. റിനോ ഫിസിചെല്ല, മോണ്‍. ആഞ്ചെലോ വിന്‍സെന്‍സൊ സാനി, കര്‍ദ്ദിനാള്‍ ലൂയീസ് ഫ്രാന്‍സിസ്കോ ലഡാരിയ ഫെറെര്‍ തുടങ്ങിയ പ്രമുഖരാണ് ക്ലാസ്സുകള്‍ നയിക്കുക. സുവിശേഷവല്‍ക്കരണം, വിശ്വാസ പ്രഖ്യാപനം, മാധ്യമങ്ങളുടെ ഉപയോഗം, മതാന്തര സംവാദം, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ചാരിറ്റി, മെത്രാന്മാരുടെ കോളേജ് തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ടവയാണ് സെപ്റ്റംബര്‍ 8, 9 ദിവസങ്ങളിലെ ക്ലാസ്സുകള്‍. സെപ്റ്റംബര്‍ 11-ന് കര്‍ദ്ദിനാള്‍ റാനിയറോ നയിക്കുന്ന ആത്മീയ ധ്യാനവും നടക്കും.