News - 2025
ഭരണകൂട വേട്ടയാടലില്‍ നിക്കാരാഗ്വേ മെത്രാനെ തടവിലാക്കിയിട്ട് മൂന്നാഴ്ചയാകുന്നു
പ്രവാചകശബ്ദം 06-09-2022 - Tuesday
മനാഗ്വേ: മധ്യ അമേരിക്കന്‍ രാജ്യമായ നിക്കാരാഗ്വേയില്‍ പ്രസിഡന്റ് ഡാനിയല്‍ ഒര്‍ട്ടേഗയുടെ നേതൃത്വത്തിലുള്ള സ്വേച്ഛാധിപത്യ ഭരണകൂടത്താല്‍ വേട്ടയാടപ്പെട്ട മതഗല്‍പ്പ രൂപതാധ്യക്ഷന്‍ ബിഷപ്പ് റോളണ്ടോ അല്‍വാരെസ് ജയിലിലായിട്ട് മൂന്നാഴ്ചയാകുന്നു. ഇതുവരെ അദ്ദേഹത്തിനെതിരായ കുറ്റപത്രം സമര്‍പ്പിച്ചിട്ടില്ലെന്നതാണ് ഏറ്റവും ഖേദകരമായ വസ്തുത. 15 ദിവസങ്ങളായി വീട്ടുതടങ്കലിലായിരുന്ന ബിഷപ്പ് അല്‍വാരെസ് 4 വൈദികര്‍ക്കും, രണ്ട് സെമിനാരി വിദ്യാര്‍ത്ഥികള്‍ക്കും, ഒരു ക്യാമറാമാനുമൊപ്പം ഇക്കഴിഞ്ഞ ഓഗസ്റ്റ് 19-നാണ് അറസ്റ്റിലാകുന്നത്. രാജ്യത്തെ അസ്ഥിരപ്പെടുത്തുവാനും, അധികാരികളെ ആക്രമിക്കുന്നതിനായി അക്രമി സംഘങ്ങളെ സംഘടിപ്പിക്കുവാനും ശ്രമിച്ചുവെന്ന അടിസ്ഥാനരഹിതമായ ആരോപണമാണ് ഒര്‍ട്ടേഗയുടെ ഭാര്യാ സഹോദരനായ ഫ്രാന്‍സിസ്കോ ഡിയാസിന്റെ നേതൃത്വത്തിലുള്ള ദേശീയ പോലീസ് ഉന്നയിച്ചിരിക്കുന്നത്. എന്നാല്‍ ഇതിനൊന്നും യാതൊരു തെളിവുമില്ല.
ഇതുവരെ ഏതെങ്കിലും പൊതു മന്ത്രാലയമോ, ദേശീയ പോലീസോ ബിഷപ്പ് അല്‍വാരെസിനെതിരെ ഔദ്യോഗിക ആരോപണമൊന്നും ഉന്നയിച്ചിട്ടില്ലെന്നതും ശ്രദ്ധേയമാണ്. 2007-ല്‍ ഒര്‍ട്ടേഗ അധികാരത്തില്‍ വന്ന ശേഷം അറസ്റ്റ് ചെയ്യപ്പെടുന്ന ആദ്യത്തെ മെത്രാനാണ് അല്‍വാരെസ്. ബിഷപ്പ് അല്‍വാരസ് എവിടെ?, അറസ്റ്റ് ചെയ്യപ്പെട്ട വൈദികരെയും, സെമിനാരി വിദ്യാര്‍ത്ഥികളെയും, ക്യാമറമാനേയും എന്തു ചെയ്തു? എന്ന ചോദ്യങ്ങള്‍ നീതി ലഭിക്കും വരെ തങ്ങള്‍ തുടരുമെന്നു മനുഷ്യാവകാശ സംഘടനയായ നിക്കാരാഗ്വേന്‍ സെന്റര്‍ ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് വ്യക്തമാക്കി. നിക്കാരാഗ്വേയിലെ അവസ്ഥ ആശങ്കാജനകവും, ദുഃഖകരവുമായി തുടരുകയാണെന്നും, സഭയും ഒര്‍ട്ടേഗ ഭരണകൂടവും തമ്മില്‍ മാന്യവും, സമാധാനപരവുമായ സഹവര്‍ത്തിത്വം തുടരുന്നതിന് തുറന്ന ചര്‍ച്ച ആവശ്യമാണെന്നും ഫ്രാന്‍സിസ് പാപ്പ ഇക്കഴിഞ്ഞ ഓഗസ്റ്റ് 21നു പ്രസ്താവിച്ചിരിന്നു.
അതേസമയം സ്വേച്ഛാധിപതിയായ ഡാനിയല്‍ ഒര്‍ട്ടേഗയുമായി ചര്‍ച്ചയല്ല വേണ്ടതെന്നും, ഇപ്പോള്‍ നിക്കാരാഗ്വേക്ക് സ്വാതന്ത്ര്യമാണ് ആവശ്യമെന്നും നിക്കാരാഗ്വേ വിട്ട് പ്രവാസ ജീവിതം നയിക്കുന്ന ബിഷപ്പ് സില്‍വിയോ ജോസ് ബയേസ് പറഞ്ഞു. ഈ വര്‍ഷത്തിന്റെ ആരംഭത്തില്‍ അപ്പസ്തോലിക പ്രതിനിധി വാള്‍ഡെമാര്‍ സ്റ്റാനിസ്ലോ സോമ്മാര്‍ടാഗിനേയും, വിശുദ്ധ മദര്‍ തെരേസ സ്ഥാപിച്ച മിഷ്ണറീസ് ഓഫ് ചാരിറ്റി സന്യാസിനികളായ 18 കന്യാസ്ത്രീകളെയും രാജ്യത്തു നിന്നും പുറത്താക്കിയിരുന്നു. എഴ് വൈദികരെ യാതൊരു കാരണവും കൂടാതെ അറസ്റ്റ് ചെയ്യുകയും, 9 കത്തോലിക്കാ റേഡിയോ സ്റ്റേഷനുകളും, 3 കത്തോലിക്കാ ചാനലുകളും ഭരണകൂടം അടച്ചുപൂട്ടുകയും ചെയ്തിട്ടുണ്ട്. ഏകാധിപത്യ ഭരണകൂടത്തിന് കീഴില്‍ കഴിയുന്ന നിക്കാരാഗ്വേയിലെ 66 ലക്ഷം വരുന്ന ജനസംഖ്യയുടെ 58.5 ശതമാനവും കത്തോലിക്കരാണ്.