Arts

വിശുദ്ധ പത്രോസിന്റെ ജീവിതം സെന്റ് പീറ്റേഴ്സ് ബസിലിക്കയുടെ ചുമരിൽ ദൃശ്യമാക്കുവാന്‍ ഒരുങ്ങുന്നു

പ്രവാചകശബ്ദം 21-09-2022 - Wednesday

വത്തിക്കാന്‍ സിറ്റി: വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയുടെ പുറത്തെ ചുമരിൽ തിരുസഭയുടെ ആദ്യ മാർപാപ്പയായ വിശുദ്ധ പത്രോസിന്റെ ജീവിതം വീഡിയോ രൂപത്തിൽ പ്രദർശനത്തിന് എത്തുന്നു. 'ഫോളോ മി: ദ ലൈഫ് ഓഫ് സെന്റ് പീറ്റർ' എന്ന് പേരിട്ടിരിക്കുന്ന വീഡിയോ ഒക്ടോബർ 2 മുതൽ 16 വരെ രാത്രി 9 മണി മുതലായിരിക്കും പ്രദർശിപ്പിക്കുക. വീഡിയോയുടെ ഏതാനും ഭാഗങ്ങൾ ഇന്നലെ സെപ്റ്റംബർ 20നു നടന്ന പത്രസമ്മേളനത്തിൽ പുറത്തുവിട്ടിരുന്നു. വത്തിക്കാൻ മ്യൂസിയത്തിലെയും ബസിലിക്കയുടെ ഉള്ളിലെയും ചരിത്രപരമായ ചിത്രങ്ങൾ ഉൾപ്പെടെയുള്ളവ വീഡിയോയില്‍ ദൃശ്യമാണ്.

2025ലെ ജൂബിലി വർഷത്തിന് മുന്നോടിയായി വിശുദ്ധ പത്രോസിന്റെ ശവകുടീരത്തിലേക്ക് ആളുകളെ സ്വീകരിക്കുന്നതിനായി നടപ്പിലാക്കുന്ന വിവിധ അജപാലന പദ്ധതികളിൽ ആദ്യത്തെതാണ് ഇതെന്ന് ബസിലിക്കയുടെ ആർച്ച് പ്രീസ്റ്റ് പദവി വഹിക്കുന്ന കർദിനാൾ മൗരോ ഗാംബറ്റി പറഞ്ഞു. 2025 ജൂബിലി വർഷത്തിൽ 3 കോടി ആളുകൾ സന്ദർശനത്തിന് എത്തുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

എല്ലാവരെയും സ്വീകരിക്കുന്ന അമ്മയായ സഭയുടെ മുഖം ആളുകൾ കാണുകയെന്നത് പ്രധാനപ്പെട്ടതാണ്. പത്രോസിന്റെയും, അദ്ദേഹത്തിന്റെ വിശ്വാസ പ്രഖ്യാപനത്തിന്റെയും മേൽ പണിതുയർത്തപ്പെട്ട ആദിമ സഭയുടെ ചിത്രം ആളുകളിൽ എത്തിക്കാമെന്ന് തങ്ങൾ ചിന്തിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ഒക്ടോബർ മാസത്തിലെ ആദ്യത്തെ രണ്ടാഴ്ച, രാത്രി 9 മണി മുതൽ 11 മണിവരെ 15 മിനിറ്റ് ഇടപെട്ട് ആയിരിക്കും വീഡിയോ ബസിലിക്ക ദേവാലയത്തിന്റെ ചുമരിൽ പ്രദർശിപ്പിക്കപ്പെടുക.


Related Articles »