News - 2025
പത്രോസിന്റെ പിൻഗാമിയായി പന്ത്രണ്ട് വർഷം; പാപ്പയ്ക്ക് ആശംസ അറിയിച്ച് ആഗോള സമൂഹം
പ്രവാചകശബ്ദം 14-03-2025 - Friday
വത്തിക്കാന്‍ സിറ്റി; റോമിന്റെ മെത്രാനും, പത്രോസിന്റെ പിൻഗാമിയുമെന്ന നിലയിൽ കത്തോലിക്ക സഭയെ നയിക്കാന്‍ ഫ്രാന്‍സിസ് പാപ്പയെ തെരഞ്ഞെടുത്തിട്ട് പന്ത്രണ്ടു വര്‍ഷം തികഞ്ഞ പശ്ചാത്തലത്തില്‍ ആശംസകളുമായി ആഗോള സമൂഹം. ഇരുശ്വാസകോശങ്ങളിലും ന്യുമോണിയ ബാധിച്ച്, റോമിലെ ജെമെല്ലി പോളിക്ലിനിക്ക് ആശുപത്രിയിൽ തുടരുന്ന ഫ്രാൻസിസ് പാപ്പായുടെ തിരഞ്ഞെടുപ്പിന്റെ പന്ത്രണ്ടാം വാർഷികദിനമായ ഇന്നലെ മാർച്ച് 13ന്, പാപ്പയുടെ സൗഖ്യത്തിനായി പ്രാർത്ഥിച്ചും, ഉദ്ബോധനങ്ങൾക്കും സാക്ഷ്യത്തിനും നന്ദി പറഞ്ഞും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും സന്ദേശങ്ങൾ എത്തിയെന്ന്‍ വത്തിക്കാന്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
രാഷ്ട്രീയ, സാമൂഹ്യനേതൃത്വങ്ങളും, പ്രാദേശികസഭാനേതൃത്വങ്ങളും മെത്രാൻ സമിതികളും, കത്തോലിക്കാ, ക്രൈസ്തവ സഭാനേതൃത്വങ്ങളും, മറ്റു മതവിശ്വാസികളും പാപ്പയ്ക്ക് ആശംസകളും പ്രാർത്ഥനകളും നേർന്നു. പാപ്പ നൽകുന്ന സാക്ഷ്യത്തിനും പകരുന്ന ശക്തിക്കും നന്ദി പറഞ്ഞ ഇറ്റാലിയൻ മെത്രാൻസമിതി, തങ്ങൾ പാപ്പയ്‌ക്കൊപ്പവും പാപ്പയ്ക്കുവേണ്ടിയും പ്രാർത്ഥിക്കുന്നുവെന്ന് എഴുതി. പാപ്പയുടെ ജന്മനാടായ അർജന്റീനയിലെ മെത്രാൻ സമിതി പ്രസിഡന്റ് ബിഷപ്പ് മർസെല്ലോ കൊളോമ്പോ, പരിശുദ്ധ പിതാവിന്റെ ഇടയ സേവനത്തെയും, ഔദാര്യ മനോഭാവത്തെയും ഓർത്ത് ദൈവത്തിന് നന്ദി പറയുവാനായി വിശുദ്ധ ബലിയർപ്പണം നടത്താൻ അർജന്റീനയിലെ സഭയോട് ആവശ്യപ്പെട്ടിരിന്നു.
പാപ്പയുടെ ഉദ്ബോധനങ്ങളുടെ കൂടെ അടിസ്ഥാനത്തിൽ, ലോകത്ത് പ്രത്യാശയുടെ അടയാളങ്ങളായിത്തീരാനും, മനുഷ്യാന്തസ്സ് ഉയർത്തിപ്പിടിക്കാനും, നീതിയും സഹകരണവും പ്രോത്സാഹിപ്പിക്കാനും അദ്ദേഹം ആഹ്വാനം ചെയ്തു. പാപ്പ മെത്രാനായിരിക്കുന്ന റോമാ രൂപത, പാപ്പായുടെ തിരഞ്ഞെടുപ്പിന്റെ വാർഷികദിനത്തിലും തങ്ങളുടെ ഇടയന് സാമീപ്യമറിയിച്ചുകൊണ്ടുള്ള സന്ദേശം അയച്ചിരിന്നു. പാപ്പായുടെ ഉദ്ബോധനങ്ങൾക്ക് റോം രൂപത നന്ദി പറഞ്ഞു.
പ്രത്യാശയോടെയും ശക്തിയോടെയും മുന്നോട്ടുപോകാനാണ് പാപ്പാ ഇപ്പോഴും തങ്ങളോട് ആവശ്യപ്പെടുന്നതെന്ന് തങ്ങൾ തിരിച്ചറിയുന്നുവെന്ന് റോമിലെ വിശ്വാസികൾക്ക് വേണ്ടി എഴുതിയ കർദ്ദിനാൾ വികാരിയും, എപ്പിസ്‌കോപ്പൽ കൗൺസിലും, പാപ്പായുടെ ആരോഗ്യത്തോടെയുള്ള തിരികെവരവിനായി തങ്ങൾ കാത്തിരിക്കുന്നുവെന്ന് എഴുതി. പോളണ്ട്, അൽബേനിയ തുടങ്ങിയ വിവിധ രാജ്യങ്ങളിലെ മെത്രാൻ സമിതികളും, വിവിധ തെക്കേ അമേരിക്കൻ മെത്രാൻ സമിതികളും, അർമേനിയയുടെ പ്രസിഡന്റ് ഉൾപ്പെടെ വിവിധ രാഷ്ട്രനേതൃത്വങ്ങളും പാപ്പായ്ക്ക് ആശംസകള്‍ അറിയിച്ചു.
