Youth Zone - 2024

ഇറ്റാറ്റി മാതാവിന്റെ സവിധത്തിലേക്കുള്ള തീര്‍ത്ഥാടനത്തില്‍ മൂന്നു ലക്ഷം യുവജനങ്ങളുടെ പങ്കാളിത്തം

പ്രവാചകശബ്ദം 22-09-2022 - Thursday

കൊറിയന്റസ്: വടക്കന്‍ അര്‍ജന്‍റീനയിലെ കൊറിയന്റസിന്റെ മധ്യസ്ഥയും,സംരക്ഷകയുമായ ഇറ്റാറ്റി മാതാവിന്റെ ബസിലിക്കയിലേക്ക് സെപ്റ്റംബര്‍ 17-ന് നടത്തിയ 43-മത് മരിയന്‍ തീര്‍ത്ഥാടനത്തില്‍ പങ്കെടുത്തത് മൂന്നു ലക്ഷത്തിലധികം യുവജനങ്ങള്‍. രണ്ടു വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇത്രയും യുവജനങ്ങള്‍ വിവിധ രൂപതകളെ പ്രതിനിധീകരിച്ച് ഒരുമിക്കുന്നത്. “മറിയത്തോടൊപ്പം, ഞങ്ങള്‍ വീണ്ടും ഒരു സിനഡല്‍ സഭയായി കണ്ടുമുട്ടുന്നു” എന്ന മുഖ്യ പ്രമേയവുമായി കൊറിയന്റെസിനും ഇറ്റാറ്റിക്കുമിടയില്‍ ആറോളം മൈലുകള്‍ നടന്നാണ് യുവജനങ്ങള്‍ തീര്‍ത്ഥാടനം പൂര്‍ത്തിയാക്കിയത്. 100 വാഹനങ്ങളുടെ അകമ്പടിയോടെയായിരുന്നു തീര്‍ത്ഥാടനം. തീര്‍ത്ഥാടനത്തിന്റെ ഭാഗമായി അര്‍പ്പിച്ച വിശുദ്ധ കുര്‍ബാനയില്‍ സാന്‍ റോക്ക് ഡെ പ്രസിഡന്‍സിയാ റോക്ക്യു സായെന്‍സ് പെന മെത്രാനായ ഹ്യൂഗോ നിക്കോളാസ് ബാര്‍ബാരോ മുഖ്യകാര്‍മ്മികത്വം വഹിച്ചു.

അവളുടെ മധുരമായ മാതൃശബ്ദം ശ്രദ്ധിക്കണമെന്നും ജീവിതത്തിന്റെ സമ്പുഷ്ടത പങ്കുവെക്കുവാനായി സന്തോഷമുള്ളവരും, സ്നേഹിക്കാന്‍ കഴിവുള്ളവരുമായിരിക്കുക എന്നതാണ് മാതാവിന്റെ ആഗ്രഹമെന്നും ബിഷപ്പ് പറഞ്ഞു. “ഞാന്‍ എന്നെത്തന്നെ നിന്റെ കരങ്ങളില്‍ സമര്‍പ്പിക്കുന്നു, സദാ ദൈവേഷ്ടം അനുസരിച്ച് പ്രവര്‍ത്തിക്കുവാന്‍ എന്നെ സഹായിക്കണമേ. എന്റെ ആനന്ദത്തിന്റേയും, സമാധാനത്തിന്റേയും കാരണം നീയാണ്, അമ്മേ ഞങ്ങളുടെ അപേക്ഷകളെ ഉപേക്ഷിക്കരുതേ; എല്ലാ അപകടങ്ങളില്‍ നിന്നും ഞങ്ങളെ രക്ഷിക്കണേ” എന്ന പ്രാര്‍ത്ഥനയോടെയാണ് മെത്രാന്‍ തന്റെ പ്രസംഗം അവസാനിപ്പിച്ചത്. 'തങ്ങള്‍ക്ക് മാര്‍ഗ്ഗവും, ശക്തിയും, പ്രതീക്ഷയും നല്‍കികൊണ്ടിരിക്കുന്ന അമ്മയെ യുവജനങ്ങള്‍ ആശ്ലേഷിക്കുന്നത് തങ്ങള്‍ ആഘോഷിക്കുകയാണെന്നു പോസാഡാ രൂപതയുടെ യൂത്ത് മിനിസ്ട്രിയുടെ കോ-ഓര്‍ഡിനേറ്റര്‍ ആയ മരിയാനെല വില്ലാര്‍ പറഞ്ഞു.

ഈ സമയത്തിനായി പ്രതീക്ഷയോടെയും സന്തോഷത്തോടെയും കാത്തിരിക്കുകയായിരുന്നുവെന്നും പരിശുദ്ധാത്മാവിന്റെ സഹായത്തോടെ ഒരുമിച്ച് നടക്കുവാനും, ഞങ്ങളുടെ പ്രദേശങ്ങള്‍ക്ക് വേണ്ട പരിഹാരങ്ങൾ കണ്ടെത്തുവാനും ആഗ്രഹിക്കുകയാണെന്നും മറ്റ് ചിലര്‍ പ്രതികരിച്ചു. പരാനയിലെ ഒരു നദിക്കരയിൽ ഒരു പാറക്കടിയിലായി മൂന്ന്‍ തവണ ദൈവമാതാവിന്റെ പ്രതിബിംബം ദൃശ്യമായിടത്താണ് ഇറ്റാറ്റി മാതാവിന്റെ രൂപം സ്ഥാപിച്ചതെന്നാണ് ചരിത്രം. 1900-ല്‍ ലിയോ പതിമൂന്നാമന്‍ പാപ്പയാണ് ഇറ്റാറ്റി മാതാവിനെ കൊറിയന്റസിന്റെ മാധ്യസ്ഥയായി പ്രഖ്യാപിച്ചത്. ഇന്ന്‍ അര്‍ജന്റീനയിലെ ഏറ്റവും വലിയ കത്തോലിക്ക തീര്‍ത്ഥാടന കേന്ദ്രമാണ് ഇറ്റാറ്റി ബസിലിക്ക. ദൈവമാതാവിന്റെ തിരുനാള്‍ ജൂലൈ 9-നും, വാര്‍ഷികം ജൂലൈ 16-നുമാണ് ഇവിടെ ആഘോഷിക്കുന്നത്.


Related Articles »