News - 2025
യേശുവാണ് തന്റെ കുടുംബത്തിന്റെയും കരിയറിന്റെയും അടിസ്ഥാനം: സീസണ്‍ റെക്കോര്‍ഡിട്ട ബേസ്ബോള്‍ താരം ആരോണ്‍ ജഡ്ജ്
പ്രവാചകശബ്ദം 18-11-2024 - Monday
ന്യൂയോര്‍ക്ക്: “ഞങ്ങള്‍ നയിക്കപ്പെടുന്നത് വിശ്വാസത്താലാണ്, കാഴ്ചയാലല്ല” (2 കൊറിന്തോസ് 5:7) എന്ന ബൈബിള്‍ വാക്യവും നെഞ്ചിലേറ്റി ഈ സീസണിനു ആരംഭം കുറിച്ച ന്യൂയോര്‍ക്ക് യാങ്കീസിന്റെ അമേരിക്കന്‍ പ്രൊഫഷണല്‍ ബേസ്ബോള്‍ ഔട്ട്‌ഫീല്‍ഡര്‍ ആരോണ്‍ ജഡ്ജിന് ഇത് നേട്ടങ്ങളുടെ കാര്യത്തില്‍ റെക്കോര്‍ഡിട്ട സീസണ്‍. ഇനിയും മത്സരങ്ങള്‍ അവശേഷിക്കുന്ന ഈ സീസണിലെ അവിശ്വസനീയമായ പ്രകടനത്തിലൂടെ താരം അക്ഷരാര്‍ത്ഥത്തില്‍ ആരാധകരുടെ ഹൃദയം കീഴടക്കുകയായിരുന്നു. ഇതിനെല്ലാം പിന്നില്‍ ക്രിസ്തു വിശ്വാസമാണെന്നാണ് അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നത്.
തന്നെ ദത്തെടുത്ത് വളര്‍ത്തിയ തന്റെ മാതാപിതാക്കളും തന്റെ ക്രിസ്ത്യന്‍ വിശ്വാസവുമാണ് തന്റെ ഈ വിജയത്തിന്റെ പിന്നിലെന്നു മുപ്പതുകാരനായ ഈ യാങ്കീസ് താരം പറയുന്നു. വെയ്നെ-പാറ്റി ദമ്പതികള്‍ ആരോണിനേയും അദ്ദേഹത്തിന്റെ സഹോദരനേയും ജനിച്ചപ്പോള്‍ തന്നെ ദത്തെടുത്തതാണ്. ദൈവമാണ് തങ്ങളെ ഒരുമിപ്പിച്ചതെന്നാണ് ഇതിനെ കുറിച്ച് ആരോണിന് പറയുവാനുള്ളത്. ആരോണിന്റെ 10 വയസ്സ് വരെ മാതാപിതാക്കള്‍ അവനെ ദത്തെടുത്തതാണെന്ന് അറിയിച്ചിരുന്നില്ല. എന്നാല്‍ 10 വയസ്സായപ്പോള്‍ മുതല്‍ അവന്‍ ‘ഞാന്‍ കാണാന്‍ നിങ്ങളേപ്പോലെ അല്ലല്ലോ?’ തുടങ്ങിയ ചോദ്യങ്ങള്‍ ചോദിക്കുവാന്‍ തുടങ്ങി. അവസാനം അവര്‍ അവന്റെ എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കി.
താന്‍ ദത്തെടുക്കപ്പെട്ടവനാണെന്ന്‍ അറിഞ്ഞതില്‍ തനിക്ക് യാതൊരു വിഷമവും തോന്നിയിരുന്നില്ല എന്ന് പറഞ്ഞ ആരോണ്‍ അവരാണ് തനിക്ക് അറിയാവുന്ന തന്റെ മാതാപിതാക്കളെന്നും കൂട്ടിച്ചേര്‍ത്തു. സ്നേഹവും പിന്തുണയും നല്‍കുന്ന മാതാപിതാക്കളെ ലഭിച്ച താന്‍ എത്രമാത്രം അനുഗ്രഹീതനാണെന്ന് ആരോണ്‍ പറയുമ്പോള്‍, അവനേക്കാളും ശരിക്കും തങ്ങളാണ് അനുഗ്രഹീതര്‍ എന്നാണ് അവന്റെ അമ്മ പറയുന്നത്. 2 കൊറിന്തോസ് 5:7-ല്‍ പറഞ്ഞിരിക്കുന്ന വാക്യമാണ് തനിക്ക് ഏറ്റവും പ്രിയപ്പെട്ട ബൈബിള്‍ വാക്യമെന്ന് താരം പറയുന്നു.
ഈ ബൈബിള്‍ വാക്യമനുസരിച്ച് ജീവിക്കുവാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുകളിലിരിക്കുന്നവനിലും, അവന്‍ നമുക്കായി കരുതിവെച്ചിരിക്കുന്നവയിലും വിശ്വസിക്കുക. നമ്മെ ചുറ്റിപ്പറ്റി എന്താണ് ഉള്ളതെന്ന് നമുക്കറിയില്ല, നമുക്ക് ദൈവത്തില്‍ വിശ്വാസമുണ്ടെങ്കില്‍ അവന്‍ നമ്മളെ ശരിയായ ദിശയില്‍ നയിക്കുമെന്നും ആരോണ്‍ പറയുന്നു. 65 ഹോം-റണ്‍ എന്ന റെക്കോര്‍ഡ് നേട്ടം കൈവരിക്കുവാനുള്ള ശ്രമത്തിലാണ് ആരോണ്‍. 2013-ലാണ് ഇദ്ദേഹം ന്യൂയോര്‍ക്ക് യാങ്കീസിന് വേണ്ടി കളിച്ച് തുടങ്ങുന്നത്. 2017-ല്‍ അമേരിക്കയിലെ ഏറ്റവും മൂല്യമുള്ള കളിക്കാരനായി ആരോണ്‍ തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
** Originally published on 29 September 2022