Meditation. - July 2024
ദരിദ്രരോടുള്ള ഓരോ ക്രൈസ്തവന്റെയും ഉത്തരവാദിത്വം
സ്വന്തം ലേഖകന്‍ 17-07-2024 - Wednesday
''ദരിദ്രയായ ഒരു വിധവ രണ്ട് ചെമ്പുതുട്ടുകള്‍ ഇടുന്നതും യേശു കണ്ടു'' (ലൂക്കാ 21:2).
വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: ജൂലൈ 17
സ്വന്തം ഉപജീവനത്തിനുള്ള വക പോലും ഇല്ലാഞ്ഞിട്ടും ആരെയും ശ്രദ്ധിക്കാതെ കാണിക്ക നല്‍കുന്ന സാധുവായ വിധവയ്ക്ക് വളരെ വലിയ പ്രശംസയാണ് യേശു നല്‍കുന്നത്. എല്ലാവരും കാണ്‍കെ പൊങ്ങച്ചത്തോടെ നിക്ഷേപിക്കുന്ന ധനികന്‍റെ കാണിക്കയും അവളുടെ കാണിക്കയുമായുള്ള വ്യത്യാസം യേശു പ്രത്യേകം എടുത്തു പറയുന്നുണ്ട്.
തങ്ങളുടെ സഹജീവികളുടെ നന്മയ്ക്കായി ജീവിതത്തില്‍ എത്രമാത്രം സമയം മാറ്റി വെച്ചിട്ടുണ്ട് എന്ന ചോദ്യം അന്തിമവിധി നാളില്‍ ഉയരുമെന്ന് നാം മനസ്സിലാക്കേണ്ടിയിരിക്കുന്നു. നാം ജീവിതത്തിന്റെ ഏതവസ്ഥകളിലായിരിന്നാലും അപരന്റെ ആവശ്യങ്ങളെ മനസ്സിലാക്കുകയും അവരെ ശരിയായി സംരക്ഷിക്കണമെന്നുമാണ് ദൈവം ആഗ്രഹിക്കുന്നത്. ഇത് നാം ആത്മപരിശോധന ചെയ്യുവാനാണ് ദൈവം നമ്മെ ക്ഷണിക്കുന്നത്.
ഈ ലോകത്ത് നിലനില്‍ക്കുന്ന അധികാരത്തിന്റേയും ആര്‍ഭാടത്തിന്റേയും അവസ്ഥകള്‍ നമ്മളെ ദൈവമക്കളെന്ന സ്ഥാനത്ത് നിന്ന്‍ മാറ്റിയിട്ടുണ്ടോ? സാധുക്കള്‍ക്കും, പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്കും, വെറുക്കപ്പെട്ടവര്‍ക്കും വേണ്ടി പ്രവര്‍ത്തിക്കുന്നതാണ് ക്രിസ്തുവിലുള്ള വിശ്വാസത്തിന്റെ തക്കതായ അര്‍ത്ഥമെന്ന്‍ നാം മനസ്സിലാക്കിയിട്ടുണ്ടോ? ''എന്റെ പിതാവിനാല്‍ അനുഗ്രഹിക്കപ്പെട്ടവരേ, വരുവിന്‍, ലോകസ്ഥാപനം മുതല്‍ നിങ്ങള്‍ക്കായി സജ്ജമാക്കിയിരിക്കുന്ന രാജ്യം അവകാശപ്പെടുത്തുവിന്‍'' (മത്തായി 25:34) ഈ വചനത്തിന്റെ വെളിച്ചത്തില്‍ നമ്മുടെ ജീവിതത്തിന്റെ വിശുദ്ധി കൊണ്ടും അപരനോടുള്ള ദയ കൊണ്ടും സ്വര്‍ഗീയ സമ്മാനത്തിനായി നമ്മെ തന്നെ ഒരുക്കിയെടുക്കാം.
(വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, റോം, 10.11.85).
'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.