News - 2025

ഭ്രൂണഹത്യക്കെതിരെ 40 ദിവസം നീണ്ടുനിൽക്കുന്ന പ്രാർത്ഥനയിൽ പങ്കെടുക്കാൻ ബൊളീവിയയും

പ്രവാചകശബ്ദം 01-10-2022 - Saturday

ലാ പാസ്: ഭ്രൂണഹത്യക്കെതിരെ, ജീവന്റെ സന്ദേശം ഉയർത്തിപ്പിടിച്ച് 68ന് മുകളിൽ രാജ്യങ്ങളിൽ നടക്കുന്ന ഫോർട്ടി ഡേയ്സ് ഫോർ ലൈഫ് ക്യാമ്പയിനിൽ, ലാറ്റിന്‍ അമേരിക്കൻ രാജ്യമായ ബൊളീവിയയും ഭാഗമാകും. സെപ്റ്റംബർ 28 മുതൽ നവംബർ 6 വരെയാണ് ക്യാമ്പയിൻ നടക്കുക. ഭ്രൂണഹത്യയെ പറ്റി ചിന്തിക്കുക പോലും ചെയ്യാൻ സാധിക്കാത്ത സാഹചര്യത്തിലേക്ക് കാര്യങ്ങൾ എത്തുന്നത് വരെ പ്രാർത്ഥനയിൽ ഒരുമിച്ച് മുന്നോട്ടു പോകാൻ ഫോർട്ടി ഡേയ്സ് ഫോർ ലൈഫിന്റെ ബൊളീവിയയിലെ അധ്യക്ഷ പദവി വഹിക്കുന്ന എലിസ ലൻസ ആഹ്വാനം ചെയ്തു. ഉദരത്തിലുള്ള കുഞ്ഞുങ്ങളെ കൊല്ലാൻ വേണ്ടി ആളുകൾ എത്തുന്ന ക്ലിനിക്കുകളുടെ മുന്നിൽ നിന്ന് പ്രാർത്ഥിക്കുക. തങ്ങളുടെ ജീവിതത്തിലെ ഏറ്റവും മോശം തീരുമാനമെടുക്കാൻ വരുന്നവർ പ്രോലൈഫ് പ്രവര്‍ത്തകരുടെ പ്രാർത്ഥന കണ്ടു തീരുമാനം മാറ്റട്ടെയെന്നു എലിസ പറഞ്ഞു.

തങ്ങൾ സുവിശേഷത്തിന്റെ മിഷ്ണറിമാരാണ് എന്ന് പറഞ്ഞ എലിസ ലൻസ, ജീവിക്കുന്ന കരുണയുള്ള ക്രിസ്തുവിന്റെ മുഖമാണ് തെരുവിലെ മരണത്തിന്റെ കേന്ദ്രങ്ങളിലേക്ക് തങ്ങൾ എത്തിക്കുന്നതെന്ന് കൂട്ടിച്ചേർത്തു. അമ്മയുടെ ഉദരത്തിൽ ഉരുവാകുന്ന നിമിഷം മുതൽ സ്വഭാവിക മരണം വരെ ജീവനെ സംരക്ഷിക്കുകയെന്നത് ക്രൈസ്തവ വിശ്വാസത്തിന്റെ മുഖമുദ്രയാണെന്ന് ലാ പാസിലെ ആർച്ച് ബിഷപ്പ് പേഴ്സി ഗാൽവാൻ പറഞ്ഞു. ജീവൻ എന്നത് ദൈവം മനുഷ്യന് നൽകിയ ഏറ്റവും വലിയ സമ്മാനമാണെന്നും, അതിനെ പരിപാലിക്കുക, പുഷ്ടിപ്പെടുത്തുകയെന്നത് സഭയുടെ ഉത്തരവാദിത്വമാണെന്നും സുക്രിയ രൂപതയുടെ സഹായം മെത്രാൻ ബിറ്റ്ഷി മേയർ വിശദീകരിച്ചു. മറ്റു ചില മെത്രാന്മാരും കാമ്പയിന്റെ ഭാഗമാകാൻ വിശ്വാസികളോട് ആഹ്വാനം ചെയ്തിട്ടുണ്ട്. അമേരിക്കയിൽ ആരംഭിച്ച ഫോർട്ടി ഡേയ്സ് ഫോർ ലൈഫ് ക്യാമ്പയിൻ ഇപ്പോൾ ലാറ്റിൻ അമേരിക്കയിലും വ്യാപിച്ചിട്ടുണ്ട്.


Related Articles »