News - 2024

യുക്രൈനിൽ നടത്തുന്ന ക്രൂരത അവസാനിപ്പിക്കണം: പുടിനോട് ഫ്രാന്‍സിസ് പാപ്പ

പ്രവാചകശബ്ദം 03-10-2022 - Monday

വത്തിക്കാൻ സിറ്റി: യുക്രൈനിൽ നടത്തുന്ന അതിക്രമങ്ങളും മരണങ്ങളും അവസാനിപ്പിക്കണമെന്നു റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനോട് അപേക്ഷിച്ച് ഫ്രാൻസിസ് പാപ്പ. ഇന്നലെ ഒക്‌ടോബർ 2-ന് അപ്പസ്‌തോലിക് കൊട്ടാരത്തിന്റെ ജനാലയ്ക്കരികെ നിന്നുക്കൊണ്ട് നടത്തിയ പതിവ് ആഞ്ചലൂസ് പ്രസംഗത്തിലാണ് പാപ്പ വിഷയം വീണ്ടും അവതരിപ്പിച്ചത്. യുക്രൈന്‍ പ്രസിഡന്റ് സെലൻസ്കി സമാധാന ചർച്ചകൾക്കു സന്നദ്ധത കാണിക്കണമെന്നും നയതന്ത്ര മാർഗങ്ങളിലൂടെ യുദ്ധം അവസാനിപ്പിക്കാൻ അന്താരാഷ്ട്ര സമൂഹവും ശ്രമിക്കണമെന്നും ഇന്നലെ വിശ്വാസികളെ അഭിസംബോധന ചെയ്യവേ മാർപാപ്പ ആവശ്യപ്പെട്ടു. മനുഷ്യരാശിയുടെ ഭയാനകമായ, മുറിവ് ചുരുങ്ങുന്നതിനു പകരം, രക്തസ്രാവം തുടരുകയാണെന്ന് ഫ്രാൻസിസ് പാപ്പ പറഞ്ഞു.

യുദ്ധം അവസാനിക്കുന്നതിന് മുമ്പ് എത്ര രക്തം ഒഴുകണമെന്ന് ഫ്രാൻസിസ് പാപ്പ ചോദ്യമുയര്‍ത്തി. ഈ വലിയ ദുരന്തം അവസാനിപ്പിക്കാൻ എല്ലാ നയതന്ത്ര മേഖലകളും ഇടപെടണമെന്ന് ഫ്രാൻസിസ് പാപ്പ ആഹ്വാനം ചെയ്തു. ബുച്ചയും മരിയുപോളും ഉൾപ്പെടെയുള്ള പൌരന്മാരുടെ മരണവുമായി ബന്ധപ്പെട്ടിരിക്കുന്ന നഗരങ്ങളുടെയും പട്ടണങ്ങളുടെയും പേരുകളിലൂടെ ലോകം യുക്രൈനിന്റെ ഭൂമിശാസ്ത്രത്തെക്കുറിച്ച് മനസിലാക്കുകയാണെന്ന് പാപ്പ വേദന പ്രകടിപ്പിച്ചു. യുദ്ധത്തിലുടനീളമുള്ള ആയുധങ്ങളിലേക്കുള്ള ആശ്രയത്തെ അപലപിച്ച പാപ്പ സംഭാഷണത്തിന് വഴി തുറക്കണമെന്ന് അഭ്യര്‍ത്ഥിച്ചു.

ഇക്കഴിഞ്ഞ ദിവസം യുക്രൈനില്‍ സേവനം ചെയ്യുന്ന മലയാളി കന്യാസ്ത്രീ സിസ്റ്റര്‍ ലിജി പയ്യപ്പിള്ളി മാധ്യമങ്ങള്‍ക്ക് പങ്കുവെച്ച വീഡിയോയില്‍ യുക്രൈനിലെ ദയനീയമായ സാഹചര്യം വിവരിച്ചിരിന്നു. ഏത് സമയത്തും ആണവ ആക്രമണം ഉണ്ടായേക്കുമെന്ന് മുന്നറിയിപ്പ് ഉണ്ടെന്നും സൈറൺ മുഴങ്ങിയാൽ ശരീരത്തിന്റെ എല്ലാ ഭാഗങ്ങളും മൂടത്തക്ക രീതിയിൽ റെയിൻ കോട്ടും ഇതര വസ്ത്രങ്ങളും ധരിച്ച് വായുവുമായി യാതൊരു സമ്പർക്കവും കൂടാതെ ഭൂമിയുടെ അന്തർഭാഗത്ത് ഒളിക്കണമെന്നാണ് നിര്‍ദ്ദേശം ലഭിച്ചിരിക്കുന്നതെന്നും സിസ്റ്റര്‍ ലിജി വെളിപ്പെടുത്തിയിരിന്നു.


Related Articles »