India

സഹന ദാസരെ ചേര്‍ത്തുപിടിച്ച് ജെറുസലേം ധ്യാനകേന്ദ്രം; സഹനപ്പൂക്കൾ ധ്യാനം സമാപിച്ചു

പ്രവാചകശബ്ദം 12-10-2022 - Wednesday

താലോര്‍: ജീവിതത്തെ സഹനത്തിന്റെ ഇടമായി ധ്യാനിച്ച് കൃപയോടു കൂടി ജീവിക്കുന്ന എഴുപത്തിയഞ്ചോളം സഹനദാസര്‍ ഒന്നുചേർന്ന സഹനപ്പൂക്കൾ ധ്യാനം സമാപിച്ചു. വിവിധ രോഗാവസ്ഥകളെ തുടര്‍ന്നു കഠിനമായ പ്രതിസന്ധികളിലൂടെ കടന്നുപോകുമ്പോഴും നവമായ ആത്മീയ ചൈതന്യം പകര്‍ന്നുള്ള ധ്യാനം ഒക്ടോബര്‍ 8, 9, 10 തീയതികളിലായി തൃശൂര്‍ താലോര്‍ ജെറുസലേം ധ്യാനകേന്ദ്രത്തിലാണ് നടന്നത്. ധ്യാന സമാപനത്തിൽ ഇരിങ്ങാലക്കുട രൂപത മെത്രാൻ മാർ പോളി കണ്ണൂക്കാടൻ സമാപന സന്ദേശം നൽകി ആശീർവദിച്ചു. ജീവിതത്തിലെ സഹനത്തിന്റെ ഇടനാഴിയിലൂടെ യാത്രചെയ്യുമ്പോൾ ഈ സഹനങ്ങൾ ക്രിസ്തു സ്നേഹത്തിൻറെ അനുഭവമായി അനേകരിലേക്ക് പടർത്താൻ ശ്രമിക്കണമെന്ന് അദ്ദേഹം ആഹ്വാനം നൽകി. സഭയ്ക്ക് വേണ്ടി പ്രാർത്ഥിക്കുവാനും സഹനങ്ങൾ എല്ലാം സഭയുടെ വളർച്ചയ്ക്ക് വേണ്ടി കാഴ്ചവയ്ക്കാനും ബിഷപ്പ് ഉദ്ബോധിപ്പിച്ചു.

മാർ പോളി കണ്ണൂക്കാടൻ എല്ലാവർക്കും സ്നേഹോപഹാരം നൽകി. അനുദിന ഉപയോഗത്തിനുള്ള ബെഡ്ഷീറ്റ്, പുതപ്പ്, കുളിക്കാനും വൃത്തിയാക്കാനുളള മറ്റു പല സാധനങ്ങളും-ഉപകരണങ്ങളുമായി നൽകാൻ സുമനസ്സുകൾ സന്നദ്ധരായി. പരസഹായം കുടാതെ ഒന്നും ചെയ്യാൻ സാധിക്കാത്ത ഇവരെ സഹായിക്കാൻ ജറുസലെമിൽ ശുശ്രൂഷ ചെയ്യുന്ന എല്ലാ യുവജനങ്ങളും അണിനിരന്നുവെന്ന് ജെറുസലേം ധ്യാനകേന്ദ്രത്തിന്റെ ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു. ബൈബിൾ ഗ്രാമത്തിന്റെ ചാരിറ്റി മിനിസ്ട്രി അംഗങ്ങളും പ്രേഷിതസമൂഹം കുടുബത്തോടൊപ്പവും രാവും പകലും കിടപ്പുരോഗികളെ ശുശ്രൂഷിക്കാനെത്തി.

ധ്യാനകേന്ദ്രം ഡയറക്ടർ ഫാ. ഡേവിസ് പട്ടത്തിന്റെ നേതൃത്വത്തിൽ പ്രാർത്ഥനയുടെയും വലിയ ഒരുക്കത്തിന്റെയും പ്രവർത്തനഫലമായാണ് ഈ ധ്യാനം സംഘടിപ്പിക്കപ്പെട്ടത്. ധ്യാനത്തിന് മുന്നോടിയായി എഴുപത്തിയഞ്ചോളം വരുന്ന ഇവരുടെ ഭവനങ്ങളിൽ ഫാ. ഡേവിസ് സന്ദർശിക്കുകയും അവർക്കുവേണ്ടി പ്രാർത്ഥിക്കുകയും ചെയ്തിരുന്നു. ജീവിതത്തെ പുതിയ തലത്തിൽ നോക്കി കാണുവാനും പ്രത്യാശ നഷ്ടപ്പെട്ട ജീവിതങ്ങൾക്ക് ദൈവസ്നേഹത്തിന്റെ പ്രകാശം കാണിച്ചുകൊടുക്കുവാനുമുള്ള വലിയ ഒരു അവസരമായാണ് സഹന പൂക്കൾ ധ്യാനത്തെ പലരും വിശേഷിപ്പിക്കുന്നത്. ഫാ. പോൾ കള്ളിക്കാടന്‍. ഫാ.സോളമന്‍, ഫാ..സിജോ തയ്യാലയ്ക്കല്‍ എന്നിവരും ധ്യാനത്തിന്റെ വിവിധ ദിവസങ്ങളില്‍ ബലിയര്‍പ്പിച്ചു സന്ദേശം നല്കി.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »