Social Media

ചരിത്രത്തിലെ ആദ്യ മരിയൻ പ്രത്യക്ഷീകരണം

ഫാ. ജെയ്സണ്‍ കുന്നേല്‍ എം‌സി‌ബി‌എസ് 12-10-2022 - Wednesday

തിരുസഭ അംഗീകരിച്ചിരിക്കുന്ന വളരെ പ്രധാനപ്പെട്ട മരിയൻ പ്രത്യക്ഷീകരണങ്ങളെല്ലാം മധ്യ നൂറ്റാണ്ടുകൾക്ക് ശേഷമാണ് നടന്നിരിക്കുന്നത്. 1531 മെക്സിക്കോയിൽ ഗ്വാഡലൂപ്പ മാതാവിന്റെ ദർശനം, 1858 ൽ ഫ്രാൻസിലെ ലൂർദിലെ മരിയൻ പ്രത്യക്ഷീകരണം. നൂറു വർഷങ്ങൾക്കു മുമ്പ് 1917 ൽ പോർച്ചുഗലിലെ ഫാത്തിമയിൽ മൂന്നു ഇടയ കുട്ടികൾക്കു പരിശുദ്ധ കന്യകാമറിയം സ്വയം വെളിപ്പെടുത്തിയ സംഭവം. പരിശുദ്ധ കന്യകാമറിയത്തിന്റേതായി വിശ്വസിക്കപ്പെടുന്ന ആദ്യത്തെ പ്രത്യക്ഷീകരണം എ‌ഡി 40 ലേക്കു നമ്മളെ കൂട്ടികൊണ്ടു പോകുന്നു.

വിശുദ്ധ യാക്കോബ് സ്പെയിനിൽ സുവിശേഷം പ്രഘോഷിക്കുന്ന സമയം. കാര്യമായ രീതിയിൽ പ്രേഷിത വേല നിർവ്വഹിച്ചിട്ടു വളരെ കുറച്ചുപേരെ മാത്രമേ യാക്കോബിനു മാനസാന്തരപ്പെടുത്താനുള്ളു. ഹൃദയവേദനയോടെ യാക്കോബ് ശ്ലീഹാ തന്റെ കൊച്ചു സഭാ സമൂഹത്തോടെപ്പം പ്രാർത്ഥിക്കുമ്പോൾ, പരിശുദ്ധ കന്യകാമറിയം അത്ഭുതകരമായി പ്രത്യക്ഷപ്പെട്ടു. മറിയം ഒരു സ്തുപത്തിനു മുകളിൽ നിൽക്കുന്നു. അവൾക്കു ചുറ്റു മാലാഖമാരുടെ ഒരു ഗണം. നിങ്ങൾ ആരോട് സുവിശേഷം പ്രസംഗിക്കുന്നുവോ അവർ ക്രമേണ മാനസാന്തരപ്പെടുമെന്നും അവരുടെ വിശ്വാസം താൻ നിൽക്കുന്ന സ്തൂപം പോലെ ദൃഢമായിരിക്കുമെന്നും മാതാവ് അവർക്കു ഉറപ്പു നൽകി.

എ‌ഡി 40 ഒക്ടോബർ മാസം പന്ത്രണ്ടാം തീയതിയാണ് മറിയം യാക്കോബിനു ദർശനം നൽകിയത്. പ്രത്യക്ഷീകരണ സ്ഥലത്ത് ഒരു ദേവാലയം നിർമ്മിക്കാനും സ്തൂപത്തിൽ അവളുടെ രൂപം പ്രതിഷ്ഠിക്കാനും, മറിയം യാക്കോബിനോട് ആവശ്യപ്പെടുകയും, അവൾ അപ്രത്യക്ഷമാവുകയും ചെയ്തു. യാക്കോബ് ശ്ലീഹാ തനിക്കു കിട്ടിയ നിർദ്ദേശമനുസരിച്ച് സ്തൂപത്തിനു ചുറ്റു ഒരു ദേവാലയവും, സ്തൂപത്തിൽ ഒരു രൂപവും നിർമ്മിച്ചു. ജറുസലേമിലേക്ക് മടങ്ങിയ യാക്കോബ് എ‌ഡി 44 ൽ രക്തസാക്ഷിയായി.

ഈ സംഭവത്തെ കൂടുതൽ അവിശ്വസനീയമാക്കുന്നത് മറിയം ഈ സമയത്ത് എഫേസൂസിൽ ജീവിച്ചിരുന്നു എന്നതാണ്. മറിയത്തിന്റെ സ്വർഗ്ഗാരോപണത്തിന്റെ യഥാർത്ഥ വർഷം നമുക്കറിയില്ല. മറിയം ഈ സമയം എഫേസൂസിൽ ജീവിച്ചിരുന്നെങ്കിൽ, മറിയത്തിന്റെ ഈ പ്രത്യക്ഷീകരണം ഒരു ബൈലോക്കേഷനായി (ഒരേ സമയം രണ്ടിടത്ത് പ്രത്യക്ഷപ്പെടാനുള്ള സിദ്ധി) മനസ്സിലാക്കേണ്ടതാണ്.

സ്തൂപവും മാതാവിന്റെ പ്രതിമയും ഇന്നും സ്പെയിനിലെ സ്സരാഗോസായിലുള്ള പില്ലർ മാതാവിന്റെ ബസിലിക്കയിൽ ( Basilica of Our Lady of the Pillar) കാണാവുന്നതാണ്. സ്പെയിന്റെ സ്വർഗ്ഗീയ മധ്യസ്ഥയാണ് പില്ലർ മാതാവ്.

സ്തൂപത്തിന്റെ അടിഭാഗം ലോഹ നിർമ്മിതമാണ്. സൂര്യകാന്തം കൊണ്ട് നിർമ്മിച്ചിരിക്കുന്ന ഈ സ്തൂപത്തെ ചെമ്പും വെള്ളിയും കൊണ്ടുള്ള അവരണത്താൽ മൂടപ്പെട്ടിരിക്കുന്നു. സ്തൂപത്തെ നീലയും വെള്ളയും കലർന്ന വസ്ത്രം കൊണ്ട് അലങ്കരിച്ചിരിക്കുന്നു. ഈ മേലങ്കിയെ മാന്തോ എന്നാണു വിളിക്കുക. പതിനാറാം നൂറ്റാണ്ടു മുതൽ സ്തൂപത്തെ മേലങ്കി അണിയിക്കുന്ന പാരമ്പര്യമുണ്ട്. പതിനേഴിനും പത്തൊമ്പതിനും ഇടയിലുള്ള നൂറ്റാണ്ടുകളിലാണ് ഇപ്പോഴുള്ള ബസിലിക്ക നിർമ്മിച്ചത്.

പില്ലർ മാതാവിനോടുള്ള ഭക്തി പന്ത്രണ്ടാം നൂറ്റാണ്ടിൽ ആരംഭിച്ചു എന്നാണ് കത്തലിക് എൻസൈക്ലോപീഡിയാ സാക്ഷ്യപ്പെടുത്തുന്നത്. നിലവിലുള്ള മാതാവിന്റെ രൂപം ആദ്യകാലംമുതലേയുള്ളതാണോ അതോ പിന്നീട് നിർമ്മിച്ചതാണോ എന്നതിനെ പ്രതി തർക്കമുണ്ട്. ചിലരുടെ അഭിപ്രായത്തിൽ 1434 ൽ ദേവാലയം കത്തിനശിച്ചപ്പോൾ മതാവിന്റെ രൂപവും കത്തിനശിച്ചുവെന്നും, ഇപ്പോൾ ഉള്ളത് പഴയതിന്റെ ഒരു പകർപ്പാണന്നും ഒരു കൂട്ടർ വാദിക്കുന്നു. പരി. കന്യാകാമറിയത്തിന്റെ അത്ഭുതരൂപം തീപിടുത്തത്തെ അതിജീവിച്ചു എന്നാണ് മറുപക്ഷം വാദിക്കുന്നത്.

തർക്കങ്ങൾക്കിവിടെ പ്രസക്തിയില്ല. പരി. മറിയത്തിലുടെ യേശുവിലേക്ക് അതാണ് നമ്മുടെ ലക്ഷ്യം.


Related Articles »