Faith And Reason - 2024
എഴുപതോളം രാഷ്ട്രങ്ങളില്‍ നിന്നു രണ്ടായിരത്തിലധികം ക്രൈസ്തവരുടെ പങ്കാളിത്തവുമായി ജെറുസലേം മാര്‍ച്ച്
പ്രവാചകശബ്ദം 15-10-2022 - Saturday
ജെറുസലേം: കൂടാരതിരുനാളിനോട് (സുക്കോത്ത്) അനുബന്ധിച്ച് ജെറുസലേമിലെ ഇന്റര്‍നാഷണല്‍ ക്രിസ്ത്യന്‍ എംബസി (ഐ.സി.ഇ.ജെ) ഒക്ടോബര്‍ 13-ന് ഉച്ചകഴിഞ്ഞ് വിശുദ്ധനാട്ടില്‍ സംഘടിപ്പിച്ച ജെറുസലേം മാര്‍ച്ചില്‍ പങ്കെടുത്തത് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള നൂറുകണക്കിനാളുകള്‍ പങ്കെടുത്തു. 2019-ല്‍ കോവിഡ് മഹാമാരി പൊട്ടിപ്പുറപ്പെട്ട ശേഷം ഇതാദ്യമായാണ് മാര്‍ച്ച് സംഘടിപ്പിക്കുന്നത്. ഇക്കൊല്ലത്തെ കൂടാരതിരുനാളിനോട് അനുബന്ധിച്ച് നടന്ന മാര്‍ച്ചില്‍ എഴുപതോളം രാഷ്ട്രങ്ങളില്‍ നിന്നുമായി രണ്ടായിരത്തിലധികം ക്രൈസ്തവരാണ് പങ്കെടുത്തത്. ജെറുസലേം മേയര്‍ മോഹ്സേ ലിയോണ്‍, ഐ.സി.ഇ.ജെ പ്രസിഡന്റ് ഡോ. ജുര്‍ഗെന്‍ ബുളെര്‍ എന്നിവര്‍ നേതൃത്വം നല്‍കിയ മാര്‍ച്ച് പതിനായിരങ്ങള്‍ തത്സമയം വീക്ഷിച്ചു. കൊറോണ പകര്‍ച്ചവ്യാധിക്ക് ശേഷം വിശുദ്ധ നാട്ടിലേക്കുള്ള ക്രിസ്ത്യന്‍ തീര്‍ത്ഥാടനത്തിന്റെ തിരിച്ചുവരവിനേയാണ് ഇത് സൂചിപ്പിക്കുന്നത്.
രണ്ടുവര്‍ഷക്കാലം നീണ്ട യാത്രാവിലക്കുകള്‍ക്കൊടുവില്‍ വിശുദ്ധ നാട്ടില്‍ ക്രിസ്ത്യന്‍ തീര്‍ത്ഥാടകര്‍ വരുന്നതും ഇസ്രായേലികളെ അഭിവാദ്യം ചെയ്തുകൊണ്ട് മാര്‍ച്ചില്‍ പങ്കെടുക്കുന്നതും കാണുമ്പോള്‍ സന്തോഷമുണ്ടെന്നു ഡോ. ജുര്‍ഗെന്‍ ബുളെര്‍ പറഞ്ഞു. ഇക്കാലയളവില്‍ ജെറുസലേമില്‍ വന്നിട്ടുള്ള മാറ്റങ്ങള്‍ തീര്‍ത്ഥാടകരെ അമ്പരിപ്പിച്ചിരിക്കുകയാണെന്നും അദ്ദേഹം ജെറുസലേം മേയറോട് പറഞ്ഞു.
എല്ലാ മേഖലയിലും ജെറുസലേമില്‍ വലിയ പുരോഗതി ഉണ്ടായിട്ടുണ്ടെന്ന കാര്യത്തില്‍ തര്‍ക്കമില്ലെന്ന്‍ പ്രതികരിച്ച മേയര്‍, രണ്ടുവര്‍ഷങ്ങള്‍ക്കൊടുവില്‍ ക്രിസ്ത്യന്‍ തീര്‍ത്ഥാടകര്‍ക്ക് ആതിഥ്യമരുളുന്നതില്‍ അതിയായ സന്തോഷമുണ്ടെന്നും കൂട്ടിച്ചേര്‍ത്തു. ഈജിപ്തില്‍ നിന്നുള്ള പ്രതിനിധി സംഘവും, ഇസ്ലാമിക വിപ്ലവത്തിന് മുന്‍പുള്ള പേര്‍ഷ്യന്‍ പതാകയുമായി ഇറാനിയന്‍ പ്രവാസിയായ പെയ്മാന്‍ മോജ്താഹെദിയും ഇക്കൊല്ലത്തെ മാര്‍ച്ചിലെ വേറിട്ട കാഴ്ചയായി.
ജെറുസലേം മാര്‍ച്ചില്‍ പങ്കെടുക്കുവാനും ഇസ്രായേലികളെ കണ്ടുമുട്ടാനും കഴിഞ്ഞത് തന്റെ ഭാഗ്യമാണെന്നാണ് ഫിജിയില്‍ നിന്നും വന്ന മനാസാ കൊളിവുസോ എന്ന വചന പ്രഘോഷകന്‍ പറഞ്ഞു. താന്‍ ആദ്യമായാണ് ഇസ്രായേലില്‍ വരുന്നതെന്നും, അടുത്ത വര്‍ഷത്തെ സുക്കോത്ത് തിരുനാളിനായി ഫ്ലൈറ്റ് ചാര്‍ട്ടര്‍ ചെയ്യുന്ന കാര്യം ആലോചിച്ചു കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഏഴു ദിവസം നീണ്ടുനില്‍ക്കുന്ന കൂടാര തിരുനാള്‍ ഈ ഞായറാഴ്ചയാണ് സമാപിക്കുക. സമാപന ദിവസം ക്രിസ്ത്യന്‍ തീര്‍ത്ഥാടകര്‍ പടിഞ്ഞാറന്‍ നെഗേവിലേക്ക് ഒരു ഐക്യദാര്‍ഢ്യ റാലി നടത്തും. റാലിക്കൊടുവില്‍ ഗാസ അതിര്‍ത്തിയിലുള്ള പ്രാദേശിക ഇസ്രായേലി സമൂഹത്തോടൊപ്പം വൃക്ഷതൈകള്‍ നടുന്ന ചടങ്ങുമുണ്ട്. യഹൂദരുടെ ഏറ്റവും പ്രധാനപ്പെട്ട മൂന്ന് തിരുനാളുകളില്‍ ഒന്നാണ് കൂടാര തിരുനാൾ. വാഗ്ദത്ത ദേശത്തിലേക്കുള്ള യാത്രയിൽ മരുഭൂമിയിലൂടെ യാത്ര ചെയ്യുമ്പോൾ കർത്താവ് മോശയോട് കൽപിച്ചതനുസരിച്ചു കൂടാരം നിര്‍മ്മിച്ചതിന്റെ അനുസ്മരണമാണ് കൂടാര തിരുനാള്‍.