News - 2025
എറിത്രിയയിൽ ഭരണകൂട സ്വേച്ഛാധിപത്യം വീണ്ടും; കത്തോലിക്ക മെത്രാനും രണ്ടു വൈദികരും അറസ്റ്റിൽ
പ്രവാചകശബ്ദം 19-10-2022 - Wednesday
അസ്മാര: ആഫ്രിക്കൻ രാജ്യമായ എറിത്രിയയിൽ ഒരു കത്തോലിക്ക മെത്രാനും, രണ്ടു വൈദികരും അറസ്റ്റിലായി. സേജിനിറ്റി എപ്പാർക്കിയുടെ ചുമതലയുളള ബിഷപ്പ് ഫിക്രിമാരിയം ഹാഗോസാണ് യൂറോപ്പിൽ നിന്ന് തിരികെ മടങ്ങവേ, അസ്മാരാ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് അറസ്റ്റിലായിരിക്കുന്നത്. അദി അബേട്ടോ ജയിലിലാണ് ബിഷപ്പ് ഫിക്രിമാരിയത്തെ തടവിലാക്കിയിരിക്കുന്നത്. സേജിനിറ്റി എപ്പാർക്കി വൈദികനായ മിഹ്റെതാബ് സ്തേഫാനോസ്, കപ്പൂച്ചിൻ വൈദികൻ ഫാ. അബോട്ട് അബ്രഹാം എന്നീ രണ്ട് വൈദികരെയും അദി അബേട്ടോ ജയിലിൽ അറസ്റ്റ് ചെയ്ത് പാർപ്പിച്ചിട്ടുണ്ടെന്ന് 'ഏജൻസിയ ഫിഡെസ്' മാധ്യമം റിപ്പോർട്ട് ചെയ്തു.
രാജ്യത്ത് നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളെ പറ്റി പ്രസംഗങ്ങളിൽ ചൂണ്ടിക്കാട്ടിയതാണ് ഇവരുടെ അറസ്റ്റിലേക്ക് നയിച്ചതെന്ന് കരുതപ്പെടുന്നു. പ്രായമായവരെയും, സ്ത്രീകളെയും ജയിലിൽ അടയ്ക്കുക, ചെറുപ്പക്കാരെ നിർബന്ധിച്ചു യുദ്ധ മുഖത്തേക്ക് പോരാട്ടത്തിനായി കൊണ്ടുപോവുക, വീടുകൾ നിർബന്ധിച്ച് അടപ്പിക്കുക, വളര്‍ത്തുമൃഗങ്ങളെ പിടിച്ചെടുക്കുക തുടങ്ങിയ നിരവധി മനുഷ്യാവകാശ ലംഘനങ്ങളാണ് സർക്കാർ നടത്തിവരുന്നതെന്ന് റിപ്പോര്‍ട്ടുണ്ട്. ഇക്കാര്യങ്ങളിൽ ആശങ്ക രേഖപ്പെടുത്തി ഇംഗ്ലണ്ടിലെയും, അയർലണ്ടിലെയും എറിത്രിയൻ സ്ഥാനപതിക്ക് അടുത്തിടെ ക്രിസ്ത്യൻ സോളിഡാരിറ്റി വേൾഡ് വൈഡ് അടക്കമുള്ള ചില സംഘടനകളും, യുകെയിലെ എറിത്രിയൻ ഓർത്തഡോക്സ് സഭയും സംയുക്തമായി കത്തയച്ചിരുന്നു.
മെയ് ഇരുപതാം തീയതി അയച്ച കത്തിൽ ക്രൈസ്തവ വിശ്വാസത്തിന്റെ പേരിൽ മാത്രം ജയിലിൽ അടയ്ക്കപ്പെട്ടവരുടെ കാര്യം ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു. 'ബ്രദേഴ്സ് ഓഫ് ദ ക്രിസ്ത്യൻ സ്കൂൾസ്' നടത്തിവന്നിരുന്ന ഹാഗാസ് ആഗ്രോ ടെക്നിക്കൽ സ്കൂൾ ഓഗസ്റ്റ് മാസത്തിൽ പിടിച്ചെടുത്തത് സർക്കാർ നടത്തുന്ന പിടിച്ചെടുക്കലുകളിൽ ഒടുവിലത്തെതായിരിന്നു. മത പ്രസ്ഥാനങ്ങളുടെ പ്രവർത്തനം നിയന്ത്രിക്കുന്ന 1995-ല്‍ പാസാക്കിയ (റെഗുലേഷന്‍ 73/1995) നിയമത്തിന്റെ അടിസ്ഥാനത്തിലാണ് എറിത്രിയൻ സർക്കാർ ഇങ്ങനെ ചെയ്തത്. എന്നാൽ സഭയുടെ സാമൂഹ്യ സേവന പ്രവർത്തനങ്ങൾ സർക്കാരിനെ എതിരല്ലായെന്ന് കത്തോലിക്ക നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്.