News - 2025

നിക്കരാഗ്വേയിൽ ക്രൈസ്തവ പീഡനം തുടരുന്നു; മറ്റൊരു കത്തോലിക്ക വൈദികനെ കൂടി തടങ്കലിലാക്കി

പ്രവാചകശബ്ദം 18-10-2022 - Tuesday

മനാഗ്വേ: ലാറ്റിൻ അമേരിക്കൻ രാജ്യമായ നിക്കരാഗ്വേയിൽ തുടരുന്ന കത്തോലിക്ക വിരുദ്ധതയുടെ ബാക്കിപത്രമായി മറ്റൊരു വൈദികനെ കൂടി തടങ്കലിലാക്കി. മനാഗ്വേയിൽ സ്ഥിതി ചെയ്യുന്ന സെന്റ് റീത്താ ദേവാലയത്തിന്റെ ചുമതലയുണ്ടായിരിന്ന ഫാ. എനറിക് മാർട്ടിനസ് എന്ന വൈദികനെയാണ് യാതൊരു കാരണവും കൂടാതെ അറസ്റ്റു ചെയ്തുകൊണ്ടു പോയത്. ഡാനിയൽ ഒർട്ടേഗ ഭരണകൂടത്തിന്റെ പീഡനം ശക്തമായതിനെ തുടര്‍ന്നു രാജ്യം വിട്ടുപോയ ഇപ്പോൾ ഇറ്റലിയിൽ താമസിക്കുന്ന ഫാ. ഉരിയേൽ വല്ലേജോസാണ് ട്വിറ്ററിൽ ഇക്കാര്യം വെളിപ്പെടുത്തിയത്. വൈദികർക്കും, സഭയ്ക്കും എതിരെയുള്ള പീഡനം അവസാനിപ്പിക്കാൻ വൈദികരും, കത്തോലിക്ക സഭയും ആവശ്യപ്പെടുകയാണെന്ന് അദ്ദേഹം പോസ്റ്റിനൊപ്പം കുറിച്ചു. അദ്ദേഹം എവിടെയാണ് തടവിലാക്കപ്പെട്ടിരിക്കുന്നത് എന്നതിൽ വ്യക്തതയില്ലെന്ന് നിക്കരാഗ്വേ നുൻസാ മാസ് എന്ന സംഘടന ട്വീറ്റ് ചെയ്തു.

ഇതോടുകൂടി തടവിൽ കഴിയുന്ന വൈദികരുടെ എണ്ണം 11 ആയെന്ന് സംഘടന ചൂണ്ടിക്കാട്ടി. ഇതിൽ മാസങ്ങളായി വീട്ടുതടങ്കലിൽ കഴിയുന്ന ബിഷപ്പ് റോളാൻഡോ അൽവാരെസും ഉൾപ്പെടുന്നു. കത്തോലിക്ക സഭക്കെതിരെ ഭരണകൂടം നടത്തുന്ന പീഡനങ്ങൾ തുടരുകയാണെന്ന് നിക്കരാഗ്വ നുൻസാ മാസ് പ്രസ്താവിച്ചു. അടിച്ചമർത്തല്‍ അവസാനിപ്പിക്കണമെന്നും, വൈദികരയും, 219 രാഷ്ട്രീയ തടവുകാരയും മോചിപ്പിക്കണമെന്നും മറ്റ് സംഘടനകളും ആവശ്യപ്പെട്ടിട്ടുണ്ട്. രാഷ്ട്രീയ തടവുകാരെ പാർപ്പിക്കുന്ന എൽ ചിപോട്ട് ജയിലിലാണ് ഏതാനും വൈദികരെ തടവിൽ പാർപ്പിച്ചിരിക്കുന്നത്. അവിടെ ഏതാനും ഡിക്കന്മാരും, സെമിനാരി വിദ്യാർത്ഥികളും, അൽമായരുമുണ്ട്.

സർക്കാരിൻറെ സ്വേച്ഛാധിപത്യപരവും നീതിരഹിതവുമായ ഭരണത്തിനെതിരെ സ്വരമുയർത്തിയതാണ് കത്തോലിക്ക സഭയ്ക്കെതിരെയുള്ള ഇത്തരം നടപടികൾക്കു കാരണം. തന്നെ അധികാരത്തില്‍ നിന്നും പുറത്താക്കുവാനുള്ള ശ്രമങ്ങളെ കത്തോലിക്ക സഭ പിന്തുണക്കുന്നു എന്നാരോപിച്ചുകൊണ്ട് സഭക്കെതിരെ പരസ്യമായി ശത്രുത്ര പ്രഖ്യാപിച്ചിരിക്കുന്ന ഒര്‍ട്ടേഗ വളരെ മോശം വിശേഷണങ്ങളാണ് മെത്രാന്മാര്‍ക്ക് നല്‍കുന്നത്. ലാറ്റിന്‍ അമേരിക്കന്‍ ആന്‍ഡ്‌ കരീബിയന്‍ എപ്പിസ്കോപ്പല്‍ സമിതിയിലെ മെത്രാന്മാര്‍ ഉള്‍പ്പെടെ ലോകമെമ്പാടുമുള്ള മെത്രാന്‍ സമിതികള്‍, അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ്, യൂറോപ്യന്‍ യൂണിയന്‍ തുടങ്ങി നിരവധി സംഘടനകള്‍ നിക്കാരാഗ്വേ ഭരണകൂടത്തിന്റെ കിരാത നടപടികളെ ശക്തമായി അപലപിച്ചിരിന്നു.

More Archives >>

Page 1 of 797