News - 2025
ഇറാനിലെ ക്രൈസ്തവർ കടുത്ത ഞെരുക്കത്തിൽ: ആശങ്കപ്പെടുത്തുന്ന റിപ്പോർട്ട് പുറത്ത്
പ്രവാചകശബ്ദം 14-10-2022 - Friday
ടെഹ്റാന്‍: ഇറാനിലെ ക്രൈസ്തവർ കടുത്ത ഞെരുക്കത്തിലെന്ന് വെളിപ്പെടുത്തുന്ന കൺട്രി ഓഫ് ഒർജിൻ റിപ്പോർട്ട് പുറത്തുവന്നു. ക്രൈസ്തവ വിശ്വാസിയായി ജീവിച്ചാൽ അത് അറസ്റ്റ് വാറണ്ട് നൽകുന്നതിലേക്ക് പോലും നയിക്കാൻ സാധ്യതയുണ്ടെന്നാണ് ക്രൈസ്തവ വിശ്വാസികളെ പറ്റിയും, ക്രൈസ്തവ വിശ്വാസത്തിലേക്ക് പരിവർത്തനം ചെയ്തവരെ പറ്റിയുമുള്ള റിപ്പോർട്ടിൽ പറയുന്നത്. ഹിജാബ് ശരിയായ വിധം ധരിച്ചില്ല എന്ന ആരോപണമുന്നയിച്ച് പോലീസ് മർദ്ദിച്ച് കൊലപ്പെടുത്തിയ മഹ്സ അമിനിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് രാജ്യത്തുടനീളം വലിയ പ്രക്ഷോഭങ്ങൾ നടക്കുകയാണ്. ഇതിനിടയിലാണ് ക്രൈസ്തവരുടെ ഇടയിലും ആശങ്ക ഉയർത്തുന്ന റിപ്പോർട്ട് പുറത്തുവന്നിരിക്കുന്നത്. ഓപ്പൺ ഡോർസ്, മിഡിൽ ഈസ്റ്റ് കൺസേൺ, ക്രിസ്ത്യൻ സോളിഡാരിറ്റി വേൾഡ് വൈഡ് തുടങ്ങിയ സന്നദ്ധ സംഘടനകളുടെ റിപ്പോർട്ട് പ്രകാരം നിരവധി പേരാണ് ക്രൈസ്തവ വിശ്വാസം സ്വീകരിച്ചതിന്റെ പേരിൽ രാജ്യത്തുടനീളം അറസ്റ്റ് ചെയ്യപ്പെടുന്നതെന്ന്‍ കൺട്രി ഓഫ് ഒർജിനില്‍ ചൂണ്ടിക്കാട്ടപ്പെടുന്നു.
രാജ്യത്തെ നിയമം അനുസരിച്ച് അധികൃതരുടെ പക്കൽ രജിസ്റ്റർ ചെയ്ത ആരാധനാലയങ്ങൾക്ക് മാത്രമേ പ്രവർത്തന അനുമതി ലഭിക്കുകയുള്ളൂ. കൂടാതെ ക്രൈസ്തവർ സുവിശേഷവത്കരണം നടത്തരുതെന്ന് നിയമത്തിൽ നിഷ്കർഷിക്കുന്നുവെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. മുസ്ലിം പശ്ചാത്തലത്തിൽ നിന്നുള്ള ആളുകൾ ക്രൈസ്തവ ആരാധനാലയങ്ങളിൽ സന്ദർശനം നടത്തുന്നുണ്ടോയെന്ന് നോക്കാൻ പ്രത്യേക നിരീക്ഷകരെയും സർക്കാർ നിയമിച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. വിശ്വസനീയമായ അന്താരാഷ്ട്ര കേന്ദ്രങ്ങളിൽ നിന്ന് വിവരങ്ങൾ ശേഖരിച്ച് തയ്യാറാക്കുന്ന കൺട്രി ഓഫ് ഒർജിൻ റിപ്പോർട്ട്, ആളുകൾക്ക് അഭയം നൽകുന്നതിൽ തീരുമാനമെടുക്കാൻ ബ്രിട്ടീഷ് ആഭ്യന്തരമന്ത്രാലയം ഉപയോഗിക്കാറുണ്ട്.
രാജ്യത്തെ നിയമ വ്യവസ്ഥ അനുസരിച്ച് ഇസ്ലാം മതത്തിലേക്ക് ആളുകൾക്ക് പരിവർത്തനം ചെയ്യാമെങ്കിലും ഇസ്ലാം മതസ്ഥർക്ക് മറ്റു മതങ്ങളിലേക്ക് പരിവർത്തനം ചെയ്യാൻ അനുമതിയില്ല. ഇങ്ങനെ ചെയ്താൽ ഇത് ശരിയത്ത് നിയമപ്രകാരം വധശിക്ഷ പോലും ലഭിക്കാൻ സാധ്യതയുള്ള കുറ്റമാണ്. 1976ലാണ് ഇറാൻ ഔദ്യോഗികമായി ഷിയ മുസ്ലിം രാജ്യമായി മാറുന്നത്. സർക്കാർ കണക്കനുസരിച്ച് 99.6 ശതമാനം പൗരന്മാരും ഇസ്ലാം മത വിശ്വാസികളാണ്. 0.3 ശതമാനം പൗരന്മാർ ക്രൈസ്തവ വിശ്വാസം ഉൾപ്പെടെയുള്ള മറ്റു മതങ്ങളുടെ ഭാഗമാണ്. അർമേനിയൻ വംശജരാണ് ക്രൈസ്തവ വിശ്വാസികളിലെ ഏറ്റവും വലിയ വിഭാഗം. രാജ്യത്ത് 5 ലക്ഷത്തിനും 8 ലക്ഷത്തിനും ഇടയിൽ ക്രൈസ്തവ വിശ്വാസികളുണ്ടെന്നാണ് കണക്ക്.
പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും.
☛ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
☛ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക