News - 2024

കോംഗോയില്‍ കത്തോലിക്ക ആശുപത്രിക്കു നേരെ ഇസ്ലാമിക ഭീകരരുടെ ആക്രമണം; കന്യാസ്ത്രീ ഉൾപ്പെടെ 7 പേർ കൊല്ലപ്പെട്ടു

പ്രവാചകശബ്ദം 22-10-2022 - Saturday

കിൻഷാസ: ആഫ്രിക്കൻ രാജ്യമായ കോംഗോയിലെ മബോയ ഗ്രാമത്തില്‍ ഇസ്ലാമിക ഭീകരർ കത്തോലിക്ക മിഷൻ ആശുപത്രിക്കു നേർക്കു നടത്തിയ ആക്രമണത്തിൽ കന്യാസ്ത്രീ ഉൾപ്പെടെ ഏഴു പേർ കൊല്ലപ്പെട്ടു. ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുള്ള അലൈഡ് ഡെമോക്രാറ്റിക് ഫോഴ്സസ് (എഡിഎഫ്) ആണു ബുധനാഴ്ച വൈകുന്നേരം ആശുപത്രി ആക്രമിച്ചത്. സിസ്റ്റർ സിൽവി കലിമ എന്ന സന്യാസിനിയാണ് കൊല്ലപ്പെട്ടത്. രണ്ടു കന്യാസ്ത്രീകളെയും, ആശുപത്രിക്കു സമീപമുള്ള വ്യാപാരസ്ഥാപനങ്ങളിലെയും വീടുകളിലെയും നിരവധി പേരെയും കാണാതായിട്ടുണ്ട്. ഇവരെ ഭീകരർ തട്ടിക്കൊണ്ടുപോയെന്നാണു നിഗമനം. കൊല്ലപ്പെട്ടവരിൽ രോഗികളും ആശുപത്രി ജീവനക്കാരനും ഉൾപ്പെടുന്നു. മരുന്നുകളും മെഡിക്കൽ ഉപകരണങ്ങളും കവർന്ന ഭീകരർ ആശുപത്രിക്കു തീവച്ചു. കത്തിക്കരിഞ്ഞ നിലയിലാണു സിസ്റ്റർ സിൽവി കലിമയുടെ മൃതദേഹം കണ്ടെടുത്തത്. ബന്ധുക്കളെത്തി മൃതദേഹം തിരിച്ചറിഞ്ഞു.

ഒക്ടോബർ ആദ്യവും എഡിഎഫ് ഭീകരർ ആക്രമണം നടത്തിയിരുന്നു. ക്രിസ്ത്യൻ ഭൂരിപക്ഷമുള്ള ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയെ (ഡിആർസി) ഇസ്ലാമികവൽക്കരിക്കാനുള്ള ശ്രമത്തിലാണ് ആക്രമണ പരമ്പര. ഒക്‌ടോബർ നാലിന് കൈനാമ, നോർഡ്-കിവുവിൽ നടത്തിയ ആക്രമണത്തില്‍ 20 ക്രിസ്ത്യാനികളാണ് കൊല്ലപ്പെട്ടത്. നോർഡ്-കിവു, ഇറ്റൂരി പ്രവിശ്യകളിൽ തീവ്രവാദികളുടെ ആക്രമണങ്ങൾ പതിവ് സംഭവമാണ്. കഴിഞ്ഞ ജൂൺ 21 ബെനി നഗരത്തിലെ മകിസാബോ എന്ന ഗ്രാമത്തില്‍ അലൈഡ് ഡെമോക്രാറ്റിക് ഫോഴ്സസ് നടത്തിയ ആക്രമണത്തില്‍ പത്തോളം ക്രൈസ്തവ വിശ്വാസികള്‍ കൊല്ലപ്പെട്ടിരിന്നു. തീവ്രവാദികളുടെ ആക്രമണങ്ങളില്‍ ജീവിതം ദുരിതപൂർണമാകുന്നത് തുടരുകയാണെന്ന് പ്രാദേശിക സമൂഹം ഇന്റർനാഷണൽ ക്രിസ്ത്യൻ കൺസേണിനോട് വെളിപ്പെടുത്തിയിരിന്നു.

തീവ്രവാദികൾ ആളുകള്‍ക്ക് നേരെ തിരിയാത്ത ഒരു ദിവസം പോലുമില്ല. ഗ്രാമങ്ങൾ സുരക്ഷിതമല്ല. റോഡുകൾ സുരക്ഷിതമല്ല. പട്ടണങ്ങൾ സുരക്ഷിതമല്ല. ദൈവത്തിന്റെ കരുണ കൊണ്ട് മാത്രമാണ് ജീവിക്കുന്നതെന്നുമാണ് രാജ്യത്തെ ക്രൈസ്തവ സമൂഹം പറയുന്നത്. കത്തോലിക്ക ഭൂരിപക്ഷ രാജ്യമായ കോംഗോയെ ഇസ്ലാമികവത്ക്കരിക്കുക എന്ന ലക്ഷ്യത്തോടെയുള്ള ഭീകരരുടെ വ്യാപനം ക്രൈസ്തവ വിശ്വാസികള്‍ക്ക് നേരെ ഉയര്‍ത്തുന്നത് കനത്ത ഭീഷണിയാണ്. തീവ്രവാദം ശക്തമായി വേരൂന്നിയിരിക്കുന്ന കോംഗോയില്‍ കത്തോലിക്ക ദേവാലയങ്ങള്‍ ആക്രമിക്കപ്പെടുന്നതും പതിവായിരിക്കുകയാണ്.


Related Articles »