Faith And Reason
മെക്സിക്കോയില്‍ മരിയന്‍ വാര്‍ഷിക തീര്‍ത്ഥാടനത്തില്‍ പങ്കെടുത്തത് 24 ലക്ഷം വിശ്വാസികള്‍
പ്രവാചകശബ്ദം 23-10-2022 - Sunday
ജാലിസ്കോ: വടക്കേ അമേരിക്കന്‍ രാഷ്ട്രമായ മെക്സിക്കോയില്‍ പ്രത്യാശയുടെ രാജ്ഞിയും, ജാലിസ്കോ സംസ്ഥാനത്തിന്റെ മാധ്യസ്ഥയുമായി അറിയപ്പെടുന്ന സപോപ്പന്‍ മാതാവിന്റെ രൂപവും വഹിച്ചുകൊണ്ട് ഗ്വാഡലാജാര കത്തീഡ്രലില്‍ നിന്നും സപോപ്പന്‍ ബസലിക്കയിലേക്ക് നടത്തിയ വാര്‍ഷിക തീര്‍ത്ഥാടനത്തില്‍ പങ്കെടുത്തവരുടെ എണ്ണം സര്‍വ്വകാല റെക്കോര്‍ഡിലേക്ക്. 24 ലക്ഷത്തോളം തീര്‍ത്ഥാടകരാണ് ഇക്കൊലത്തെ തീര്‍ത്ഥാടനത്തില്‍ പങ്കുകൊണ്ടത്. 288 വര്‍ഷങ്ങളുടെ ചരിത്രത്തില്‍ ഇത്രയധികം തീര്‍ത്ഥാടകര്‍ ഇതാദ്യമായിട്ടാണ് സപോപ്പന്‍ ബസിലിക്കയില്‍ എത്തിയതെന്നു സംസ്ഥാന ഗവര്‍ണര്‍ എന്‍റിക്ക് അല്‍ഫാരോ ട്വീറ്റ് ചെയ്തു.
2018-മുതല്‍ ‘യുണൈറ്റഡ് നേഷന്‍സ് എജ്യൂക്കേഷണല്‍ സയന്റിഫിക് ആന്‍ഡ് കള്‍ച്ചറല്‍ ഓര്‍ഗനൈസേഷന്‍’(യുനെസ്കോ) തീര്‍ത്ഥാടനത്തെ മാനവികതയുടെ അദൃശ്യമായ ഒരു സാംസ്കാരിക പൈതൃകമായിട്ടാണ് കണക്കാക്കി വരുന്നത്. ജൂണ്‍ 13 മുതല്‍ ഒക്ടോബര്‍ 12 വരെ സപോപ്പന്‍ മാതാവിന്റെ രൂപം ഗ്വാഡലാജാര കത്തീഡ്രലിലായിരിന്നു സൂക്ഷിച്ചിരിന്നത്. 1821 ഒക്ടോബര്‍ സെപ്റ്റംബര്‍ 15-ന് ട്രിഗാരന്റെ ആര്‍മിയുടെ ഹോണററി പദവിയായ ‘ജനറല്‍’ പദവി ഈ രൂപത്തിന് നല്‍കിയിരിന്നു. കൃത്യം ഒരാഴ്ചക്കുള്ളില്‍ മെക്സിക്കോ സ്പെയിനില്‍ നിന്നും സ്വാതന്ത്ര്യവും നേടി. ജനറല്‍ അഗസ്റ്റിന്‍ ഡെ ഇറ്റുര്‍ബിഡെയുടെ നേതൃത്വത്തിലുള്ള സൈന്യം ‘ട്രിഗാരന്റെ’ എന്നാണ് വിളിക്കപ്പെട്ടിരുന്നത്.
കത്തോലിക്ക വിശ്വാസം, സ്പെയിനില്‍ നിന്നുള്ള സ്വാതന്ത്ര്യം, വിഘടിത സേനകളുടെ ഐക്യം എന്നീ മൂന്ന്‍ കാര്യങ്ങള്‍ക്ക് വേണ്ടിയായിരുന്നു സൈന്യം യുദ്ധം ചെയ്തിരുന്നത്. ഈ മൂന്ന്‍ കാര്യങ്ങളെ സൂചിപ്പിക്കുന്ന വെള്ള, പച്ച, ചുവപ്പ് എന്നിവയായിരുന്നു ട്രിഗാരന്റെ സേനയുടെ പതാകയിലെ നിറങ്ങള്‍. ഈ മൂന്ന്‍ നിറങ്ങളും മെക്സിക്കന്‍ ദേശീയ പതാകയില്‍ ഇപ്പോഴുമുണ്ട്. ഒക്ടോബര്‍ 12-ന് സപോപ്പന്‍ ബസിലിക്കയില്‍ അര്‍പ്പിച്ച വിശുദ്ധ കുര്‍ബാനയോടെയാണ് തീര്‍ത്ഥാടനത്തിന് സമാപനമായത്. ദൈവമാകുന്ന ഏകപിതാവിന്റെ മക്കളും സഹോദരങ്ങളുമാണ് നമ്മളെന്ന് ചൂണ്ടിക്കാട്ടിക്കൊണ്ട് മെക്സിക്കോ നേരിടുന്ന നിരവധി വിഭാഗീയതകളെ മറികടക്കുവാന്‍ വിശുദ്ധ കുര്‍ബാനമധ്യേ നടത്തിയ പ്രസംഗത്തിലൂടെ ഗ്വാഡലാജാര മെത്രാപ്പോലീത്ത കര്‍ദ്ദിനാള്‍ ഫ്രാന്‍സിസ്കോ റോബ്ലെസ് ഒര്‍ട്ടേഗ വിശ്വാസികളോട് ആഹ്വാനം ചെയ്തു.
നമുക്കിടയില്‍ ഒത്തിരി അക്രമങ്ങളുണ്ട്. നമുക്കിടയില്‍ വിഭാഗീയതയും, പ്രതികാരവും, അസ്വസ്ഥതയും ഒരുപാടുണ്ട്. ഇത്തരം വിഭാഗീയതയുമായി ജീവിക്കുന്നതില്‍ നമ്മള്‍ തൃപ്തരല്ലായെന്നും മെത്രാപ്പോലീത്ത പറഞ്ഞു. ദൈവത്തിന്റെ അനന്തവും, കരുണാമയവുമായ സ്നേഹത്താല്‍ അടയാളപ്പെടുത്തപ്പെട്ടിരിക്കുന്ന നമ്മള്‍ ഒരൊറ്റ കുടുംബമായിട്ടിരിക്കുവാനാണ് വിളിക്കപ്പെട്ടിരിക്കുന്നതെന്ന് ഓര്‍മ്മിപ്പിച്ചുകൊണ്ടാണ് മെത്രാപ്പോലീത്ത തന്റെ പ്രസംഗം അവസാനിപ്പിച്ചത്. ലോകത്തെ ഏറ്റവും വലിയ മരിയന്‍ തീര്‍ത്ഥാടനങ്ങളിലൊന്നാണ് സപോപ്പന്‍ മാതാവിന്റെ തീര്‍ത്ഥാടനം.