Youth Zone

വിശുദ്ധിക്ക് വേണ്ടി ജീവന്‍ ബലികഴിച്ച മരിയ ഗൊരേത്തിയുടെ പിന്‍ഗാമി ബെനിഗ്ന കാര്‍ഡോസോ വാഴ്ത്തപ്പെട്ടവരുടെ ഗണത്തില്‍

പ്രവാചകശബ്ദം 28-10-2022 - Friday

ക്രേറ്റോ (ബ്രസീല്‍): ‘വിശുദ്ധി’ സംരക്ഷിക്കുവാന്‍ രക്തസാക്ഷിയായ വിശുദ്ധ മരിയ ഗൊരേത്തിയുടെ പിന്‍ഗാമിയായി രക്തസാക്ഷിത്വം വരിച്ച മറ്റൊരു പെണ്‍കുട്ടി കൂടി വാഴ്ത്തപ്പെട്ടവരുടെ ഗണത്തില്‍. “ചാരിത്ര്യ ശുദ്ധിയുടെ നായിക” എന്നറിയപ്പെടുന്ന പന്ത്രണ്ടുകാരിയായ ബ്രസീലിയന്‍ പെണ്‍കുട്ടി ബെനിഗ്ന കാര്‍ഡോസോ ഡാ സില്‍വ’യെ ഇക്കഴിഞ്ഞ ഒക്ടോബര്‍ 24-നാണ് വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചത്. ബ്രസീലിലെ ക്രാറ്റോ-സിഇ നഗരത്തിലെ പെഡ്രോ ഫെലിസിയോ കവൽകാന്റെ എക്‌സിബിഷൻ പാർക്കിൽ ഫ്രാൻസിസ് മാർപാപ്പയുടെ പ്രതിനിധിയായി മനാസിലെ ആർച്ച് ബിഷപ്പ് കർദ്ദിനാള്‍ ഡോം ലിയോനാർഡോ സ്റ്റെയ്‌നറുടെ മുഖ്യകാര്‍മ്മികത്വത്തിലായിരിന്നു തിരുകര്‍മ്മങ്ങള്‍. മുപ്പതിനായിരത്തോളം വിശ്വാസികള്‍ ചടങ്ങില്‍ പങ്കെടുത്തു.

ഇക്കഴിഞ്ഞ ബുധനാഴ്ചത്തെ പൊതു അഭിസംബോധനക്ക് ശേഷം ഫ്രാന്‍സിസ് പാപ്പ, ബെനിഗ്ന കാര്‍ഡോസോയേ “ദൈവ വചനം പാലിക്കുവാന്‍ തന്റെ ജീവിത വിശുദ്ധിയും, അന്തസ്സും സംരക്ഷിച്ചുകൊണ്ട് രക്തസാക്ഷിത്വം വരിച്ച യുവരക്തസാക്ഷി” എന്നു വിശേഷിപ്പിച്ചിരിന്നു. ക്രിസ്തുവിന്റെ ഉദാരമതികളായ രക്തസാക്ഷികളാകുവാന്‍ അവളുടെ മാതൃക നമ്മളെ സഹായിക്കട്ടേ എന്ന് പറഞ്ഞ പാപ്പ, നിരന്തരവും, ആനന്ദകരവുമായ നമ്മുടെ സുവിശേഷ സാക്ഷ്യം ഈ ഭൂമിയിലെ ജീവിതത്തെ ആശ്രയിച്ചാണിരിക്കുന്നതെന്നും കൂട്ടിച്ചേര്‍ത്തു.

1928 ഒക്ടോബര്‍ 15-ന് ബ്രസീലിലെ സാന്റാന ഡോ കാരിരിയില്‍ ജനിച്ച ബെനിഗ്നക്ക് ചെറുപ്പത്തില്‍ തന്നെ ദിവ്യകാരുണ്യത്തോട് വളരെയധികം ഭക്തിയുണ്ടായിരിന്നു. തന്റെ പ്രഥമ ദിവ്യകാരുണ്യ സ്വീകരണത്തിന് ശേഷം അവള്‍ ദൈവ കല്‍പ്പനകള്‍ പത്തും കൃത്യതയോടെ പാലിച്ചു ജീവിക്കുമെന്ന ഉറച്ച തീരുമാനമെടുത്തു. ഒരിക്കലും വിശുദ്ധ കുര്‍ബാന മുടക്കാതിരുന്ന ബെനിഗ്ന യേശുവിന്റെ തിരുഹൃദയത്തിനായി എല്ലാ ആദ്യ വെള്ളിയാഴ്ചകളിലും പ്രത്യേകമായി പ്രാര്‍ത്ഥിച്ച് ഒരുങ്ങുകയും, മുടക്കം കൂടാതെ ബൈബിള്‍ വായിക്കുകയും ചെയ്തിരുന്നു. റൌള്‍ ആല്‍വ്സ് എന്ന ആണ്‍കുട്ടി ലൈംഗീക താല്‍പ്പര്യത്തോടെ അവളെ ശല്ല്യപ്പെടുത്തിയപ്പോള്‍ തന്റെ ഇടവക വികാരിയുടെ ഉപദേശം തേടുകയാണ് ബെനിഗ്ന ചെയ്തത്.

തന്റെ നേര്‍ക്കുള്ള ഏത് പ്രലോഭനങ്ങളേയും ചെറുക്കുവാന്‍ അവളുടെ പ്രാര്‍ത്ഥനയും വിശ്വാസവും അവളെ ശക്തിപ്പെടുത്തിയിരുന്നു. 1941- ഒക്ടോബര്‍ 24നു പതിവുപോലെ വെള്ളം എടുക്കുവാന്‍ പോകുന്ന വഴിക്ക് കുറ്റിക്കാട്ടില്‍ ഒളിച്ചിരുന്ന റൌള്‍ ആല്‍വ്സ് അവളെ ലൈംഗീകമായി കീഴ്പ്പെടുത്തുവാന്‍ ശ്രമിച്ചു. വിശുദ്ധി സംരക്ഷിക്കുവാന്‍ അവള്‍ ചെറുത്തതോടെ കയ്യില്‍ കരുതിയിരുന്ന വെട്ടുകത്തി ഉപയോഗിച്ച് റൌള്‍ അവളെ കൊലപ്പെടുത്തുകയായിരുന്നു.സംഭവത്തിന് ശേഷം ഓടിപ്പോയ റൌള്‍ പിന്നീട് അറസ്റ്റിലാവുകയും തന്റെ ജീവിതത്തിന്റെ നല്ലൊരു ഭാഗം ജയിലില്‍ കഴിയുകയും ചെയ്തു.

2011-ലാണ് ബെനിഗ്നയുടെ നാമകരണ നടപടികള്‍ ആരംഭിച്ചത്. 2019 ഒക്ടോബര്‍ 2-ന് ഫ്രാന്‍സിസ് പാപ്പ അവളുടെ രക്തസാക്ഷിത്വം അംഗീകരിച്ചു. ജീവിത വിശുദ്ധിയ്ക്കു വേണ്ടി ബെനിഗ്നയും സമാനമായ രീതിയില്‍ രക്തസാക്ഷിത്വം വരിച്ച വിശുദ്ധിയുടെ കിരീടം ചൂടിയ വിശുദ്ധ മരിയ ഗൊരേത്തിക്കൊപ്പം ചേരുകയാണ്. 1950 ജൂൺ 24ന് പന്ത്രണ്ടാം പീയൂസ് മാർപ്പാപ്പ മരിയ ഗൊരേത്തിയെ വിശുദ്ധയായി പ്രഖ്യാപിക്കുന്നതിന് സാക്ഷ്യം വഹിക്കുവാന്‍ തടിച്ചു കൂടിയ ജനാവലിക്കൊപ്പം അവളുടെ ഘാതകനായ അലെസാന്ദ്രോയും സന്നിഹിതനായിരുന്നു. 1991-ല്‍ ജയില്‍ മോചിതനായ ബെനിഗ്നയുടെ ഘാതകന്‍ റൌള്‍, കൊലപാതകം നടന്ന സ്ഥലത്തെത്തി താന്‍ ചെയ്ത തെറ്റില്‍ ആത്മാര്‍ത്ഥമായി പശ്ചാത്തപിച്ചിരിന്നുവെന്നതാണ് ചരിത്രം.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »