News - 2025
തയ്യാറെടുപ്പുകൾ പൂർത്തിയായി; ഏഴാമത്തെ അറബ് രാജ്യ സന്ദർശനത്തിനായി ഫ്രാൻസിസ് മാർപാപ്പ നാളെ ബഹ്റൈനിൽ
പ്രവാചകശബ്ദം 02-11-2022 - Wednesday
മനാമ: കത്തോലിക്ക സഭയുടെ പരമാധ്യക്ഷനായ ഫ്രാൻസിസ് മാർപാപ്പയുടെ ബഹ്‌റൈൻ സന്ദർശനത്തിന് വേണ്ടിയുള്ള ഒരുക്കങ്ങൾ പൂർത്തിയായി. നാളെ നവംബർ മൂന്നാം തീയതി മുതൽ ആറാം തീയതി വരെയായിരിക്കും പാപ്പ ബഹ്‌റൈനിൽ സന്ദർശനം നടത്തുക. ഇത് ആദ്യമായിട്ടാണ് കത്തോലിക്ക സഭയുടെ തലവൻ ബഹ്‌റൈൻ സന്ദർശിക്കുന്നത്. ഹമാദ് ബിൻ ഇസ അൽ ഖലീഫ രാജാവിന്റെ ക്ഷണം സ്വീകരിച്ചാണ് പാപ്പ സന്ദർശനത്തിനു വേണ്ടി എത്തുക. ഫ്രാൻസിസ് പാപ്പ സന്ദർശിക്കുന്ന ഏഴാമത്തെ അറബ് രാജ്യമാണ് ബഹ്‌റൈൻ. കിഴക്കും - പടിഞ്ഞാറും തമ്മിലുള്ള സഹവർത്തിത്വം എന്ന വിഷയത്തിൽ നടക്കുന്ന ബഹ്‌റൈൻ ഫോറം ഫോർ ഡയലോഗ് അടക്കം നിരവധി പരിപാടികളിൽ ഫ്രാൻസിസ് മാർപാപ്പ പങ്കെടുക്കും. 2013 മാർച്ച് മാസം കത്തോലിക്ക സഭയുടെ തലവനായി ചുമതലയേറ്റതിന് ശേഷം പാപ്പ നടത്തുന്ന അൻപത്തിയെട്ടാമത്തെ വിദേശ സന്ദർശനമാണിത്. ഇതിനുമുമ്പ് 6 അറബ് രാജ്യങ്ങളാണ് ഫ്രാൻസിസ് മാർപാപ്പ സന്ദർശിച്ചിട്ടുള്ളത്.
ജോർദാനാണ് പരിശുദ്ധ പിതാവ് സന്ദർശിച്ച ആദ്യത്തെ അറബ് രാജ്യം. ഇതിനുശേഷം പലസ്തീനിൽ പാപ്പ സന്ദർശനം നടത്തി. ബെത്ലഹേമിലെ തിരുപ്പിറവി ദേവാലയത്തിന് പുറത്ത് ദിവ്യബലി അർപ്പിച്ച്, സമാധാനത്തിനു വേണ്ടി ഫ്രാൻസിസ് മാർപാപ്പ നടത്തിയ ആഹ്വാനം ലോകശ്രദ്ധ ആകർഷിച്ചിരുന്നു. 2017ൽ ഈജിപ്തിലേയ്ക്ക് നടത്തിയ അപ്പസ്തോലിക സന്ദർശനത്തിൽ കോപ്റ്റിക് ഓർത്തഡോക്സ് സഭയുമായി സൗഹൃദം പുതുക്കാനും ഫ്രാൻസിസ് മാർപാപ്പ സമയം കണ്ടെത്തി. യുഎഇ, മൊറോക്കോ, ഇറാഖ് തുടങ്ങിയ അറബ് രാജ്യങ്ങളാണ് ഇതിനുശേഷം പാപ്പ സന്ദർശിച്ചത്. സമാധാനത്തിന്റെയും, സ്നേഹത്തിന്റെയും, സഹവർത്തിത്വത്തിന്റെയും സന്ദേശമാണ് സന്ദർശനങ്ങളിൽ ഉടനീളം പാപ്പ നൽകിയിട്ടുള്ളത്.
നവംബർ 6 വരെയാണ് ഫ്രാന്‍സിസ് പാപ്പയുടെ ബഹ്റൈന്‍ സന്ദര്‍ശനം. നവംബര്‍ 5ന് രാവിലെ 8.30-ന് ബഹ്റൈനിലെ നാഷ്ണല്‍ സ്റ്റേഡിയത്തില്‍ പാപ്പയുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ അര്‍പ്പിക്കുന്ന വിശുദ്ധ കുര്‍ബാനയില്‍ ബഹ്റൈന്‍, സൗദി, യു.എ.ഇ എന്നിവിടങ്ങളില്‍ നിന്നുള്ള ഏറ്റവും ചുരുങ്ങിയത് 28,000-ത്തോളം പേര്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സൗദിയില്‍ നിന്നു മാത്രം നിന്നും രണ്ടായിരത്തോളം പേരെയാണ് പ്രതീക്ഷിക്കുന്നത്. ഇതിനായി പ്രത്യേക ഗതാഗത ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ട്.