News - 2024

ബുദ്ധമതക്കാരിയായ സുഷ്മയെ ബൈബിള്‍ പഠിപ്പിച്ചത് ക്ഷമയുടെ പാഠങ്ങള്‍

സ്വന്തം ലേഖകന്‍ 19-07-2016 - Tuesday

നാഗ്പൂര്‍: "എന്നോട് തെറ്റു ചെയ്തവരോട് ക്ഷമിക്കുവാനുള്ള കൃപ മാത്രമല്ല ബൈബിള്‍ എനിക്ക് നല്‍കിയത്. അനുദിനം എന്നെ മുന്നോട്ടു നടത്തുവാനുള്ള ശക്തിയും ബൈബിള്‍ വചനങ്ങള്‍ എനിക്ക് നല്‍കുന്നു". ഒരു ക്രൈസ്തവ വിശ്വസിയുടെ സാക്ഷ്യമല്ല ഇത്. ജീവിതത്തിന്റെ പ്രതിസന്ധി ഘട്ടത്തില്‍ ബൈബിള്‍ വായിച്ച ഒരു ബുദ്ധമതവിശ്വാസിനി, ദൈവവചനത്തിന്റെ അത്ഭുത ശക്തിയെ സാക്ഷ്യപ്പെടുത്തുന്ന വാക്കുകളാണ്.

നാഗ്പൂര്‍ സ്വദേശിയായ സുഷ്മ സൂര്യവന്‍ഷിയെ പറ്റിയാണ് പറഞ്ഞു വരുന്നത്. ഒരു വര്‍ഷം മുമ്പ് നെഞ്ചുവേദനയെ തുടര്‍ന്ന് സുഷ്മയുടെ ഭര്‍ത്താവ് മരിച്ചു പോയിരുന്നു. സ്ഥിരം മദ്യപാനിയായിരുന്നു ഇയാള്‍. സുഷ്മയാണ് ഭര്‍ത്താവിന്റെ മരണത്തിന് കാരണക്കാരിയെന്ന അടിസ്ഥാന രഹിതമായ ആരോപണം ബന്ധുക്കളും സുഹൃത്തുക്കളും ചേര്‍ന്ന് ഉന്നയിച്ചു. ഓരോ ആരോപണവും സുഷമയെ മാനസികമായി ഏറെ തളര്‍ത്തി.

ഈ സമയത്താണ് നാഗ്പൂര്‍ രൂപതയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കാത്തലിക് ഇന്‍ഫര്‍മേഷന്‍ സെന്ററിന്റെ ബൈബിള്‍ പഠന ക്ലാസിനെ കുറിച്ച് അവള്‍ അറിഞ്ഞത്. ബൈബിള്‍ പഠിക്കുവാനുള്ള സൗജന്യ കോഴ്‌സിന് സുഷ്മയും ചേര്‍ന്നു. ബൈബിള്‍ പഠനം അവളെ ആകെപ്പാടെ മാറ്റി മറിച്ചു. സുഷ്മ, പുതിയ നിയമം പല തവണ ആവര്‍ത്തിച്ച് വായിച്ചു. ക്രിസ്തുവിന്റെ വാക്കുകളും അപ്പോസ്‌ത്തോലന്‍മാരുടെ ഉപദേശങ്ങളും സുഷ്മയെ പുതിയ വനിതയാക്കി മാറ്റി.

തന്നോട് തെറ്റു ചെയ്ത സകലരോടും ക്ഷമിക്കുവാനുള്ള മാനസിക നില ബൈബിള്‍ പഠനത്തിലൂടെ ലഭിച്ചുവെന്നും സമാധാനപൂര്‍വ്വവും സന്തോഷകരവുമായ ഒരു മനോഭാവം വിശുദ്ധ ഗ്രന്ഥം തനിക്ക് പ്രദാനം ചെയ്തുവെന്നും കാത്തലിക് ഇന്‍ഫര്‍മേഷന്‍ സെന്ററിന്റെ ഒന്നാം വാര്‍ഷിക യോഗത്തില്‍ വെച്ചു സുഷ്മ സാക്ഷ്യപ്പെടുത്തി. വിശുദ്ധ ഗ്രന്ഥം നല്കുന്ന പ്രത്യാശയിലാണ് സുഷ്മയും രണ്ടു മക്കളും ഇന്ന്‍ ജീവിക്കുന്നത്.

നാഗ്പൂര്‍ രൂപതയുടെ അധ്യക്ഷന്‍ ആര്‍ച്ച് ബിഷപ്പ് എബ്രഹാം വിരുതകുളങ്ങരയുടെ ആശയത്തില്‍ നിന്നുമാണ് കാത്തലിക് ഇന്‍ഫര്‍മേഷന്‍ സെന്റര്‍ രൂപമെടുത്തത്. ബൈബിള്‍ പഠിക്കുവാന്‍ ഓരോ വ്യക്തികളെയും സഹായിക്കുന്നതിനുള്ള പ്രത്യേക കോഴ്‌സാണ് ഇവിടെ നടത്തുന്ന മുഖ്യപരിപാടി. ഇന്ന്‍ ഇതര മത വിശ്വാസികളടക്കമുള്ള അനേകര്‍ക്ക് കാത്തലിക് ഇന്‍ഫര്‍മേഷന്‍ സെന്റര്‍ ദൈവവചനം പകര്‍ന്ന് നല്‍കുന്നു.


Related Articles »