Faith And Reason - 2024

യഹൂദ ഹാസ്യ താരം കത്തോലിക്ക വിശ്വാസത്തിലേക്ക്; തന്റെ തീരുമാനത്തിൽ ദൈവമാതാവിന് വലിയ പങ്കെന്നു താരം

പ്രവാചകശബ്ദം 11-11-2022 - Friday

പാരീസ്: പ്രമുഖ ഹാസ്യ താരവും യഹൂദനുമായ ഗാഡ് എൽമലേ കത്തോലിക്ക വിശ്വാസം സ്വീകരിക്കുവാന്‍ ഒരുങ്ങുന്നു. തന്റെ തീരുമാനത്തിന് പിന്നിൽ വളരെ പ്രധാനപ്പെട്ട പങ്കുവഹിച്ചത് പരിശുദ്ധ കന്യകാമറിയമാണെന്നാണ് മുന്‍പ് യഹൂദ വിശ്വാസിയായിരുന്ന താരം പറയുന്നത്. കത്തോലിക്ക സഭയിലേക്ക് ഗാഡ് എൽമലേ നടത്തിയ യാത്ര വിവരിക്കുന്ന 'റെസ്റ്റെ ഉൻ പിയു' എന്ന ചിത്രം ഉടൻ തിയേറ്ററുകളിൽ പ്രദർശനത്തിന് എത്തും. മാമോദിസ സ്വീകരിക്കുന്ന വേളയില്‍ ജിയാൻ മേരി എന്ന പേരായിരിക്കും പാരീസിൽ ദൈവശാസ്ത്രം പഠിച്ച ഹാസ്യ താരം സ്വീകരിക്കുന്നതെന്ന് സ്പാനിഷ് മാധ്യമമായ 'എൽമുണ്ടോ' റിപ്പോർട്ട് ചെയ്തു.

പരിശുദ്ധ കന്യകാമറിയമാണ് തന്റെ ഏറ്റവും സൗന്ദര്യമുള്ള സ്നേഹമെന്ന് ലീ ഫിഗാരോ എന്ന ഫ്രഞ്ച് മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ എൽമലേ പറഞ്ഞു. നിലവില്‍ ഫ്രാൻസില്‍ ജീവിക്കുന്ന അദ്ദേഹം, ഭൂരിപക്ഷം കത്തോലിക്കരും തങ്ങളുടെ വിശ്വാസം പരസ്യമായി പ്രകടിപ്പിക്കാൻ തയ്യാറാകാത്തതിൽ ആശ്ചര്യം പ്രകടിപ്പിച്ചു. അദ്ദേഹത്തിൻറെ മാതാപിതാക്കൾക്ക് മകൻ കത്തോലിക്കാ വിശ്വാസം സ്വീകരിക്കുന്നതിൽ സന്തോഷം ഇല്ലെങ്കിലും, മകന് പിന്തുണ നൽകുന്നതിൽ അവർ വിമുഖത കാട്ടുന്നില്ല. ചെറിയ പ്രായത്തിൽ മൊറോക്കോയിലെ കാസബ്ലാങ്കയിൽ ദൈവമാതാവിന്റെ ചിത്രം കണ്ടത് എൽമലേ അഭിമുഖത്തിൽ സ്മരിച്ചു.

ക്രൈസ്തവ വിശ്വാസത്തോടും, ദേവാലയങ്ങളോടും എതിര്‍പ്പ് നിലനിന്നിരുന്ന സമയമായിരിന്നു അത്. ക്രൈസ്തവ ദേവാലയങ്ങളിൽ പ്രവേശിക്കുന്നത് പാപമാണെന്ന് പറഞ്ഞ് വിലക്കുണ്ടായിരുന്നുവെങ്കിലും, ആറാമത്തെയോ, ഏഴാമത്തെയോ വയസ്സിൽ ആദ്യമായി ഒരു ക്രൈസ്തവ ദേവാലയത്തിൽ പ്രവേശിച്ചപ്പോൾ മറ്റൊരു പ്രതീതിയാണ് മനസില്‍ രൂപപ്പെട്ടതെന്നും എന്തുകൊണ്ടാണ് പിന്നെ തന്നെ അവർ വിലക്കിയതെന്നുമുള്ള ചോദ്യമാണ് മനസ്സിൽ വന്നതെന്നും അദ്ദേഹം പറഞ്ഞു. നവംബർ 16നു പുറത്തിറങ്ങാൻ ഇരിക്കുന്ന സിനിമയെ കുറിച്ചു വലിയ പ്രതീക്ഷയിലാണ് താരം. തന്റെ ചിത്രത്തെ സാക്ഷ്യമെന്നും, സ്നേഹത്തിന്റെ കഥയെന്നുമാണ് എൽമലേ വിശേഷിപ്പിക്കുന്നത്. മൊറോക്കോയിലെ കരോളിൻ രാജകുമാരിയുടെ മകൾ ഷാർലോട്ടാണ് എൽമലേയുടെ ജീവിത പങ്കാളി.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »