News - 2025

അഫ്ഗാനിസ്ഥാനു സമാനമായി നൈജീരിയയും ഇസ്ലാമിക തീവ്രവാദികള്‍ കീഴടക്കുന്നതിന് മുന്‍പ് ഇടപെടണം: നൈജീരിയന്‍ മെത്രാന്‍ യുകെ പാര്‍ലമെന്റില്‍

പ്രവാചകശബ്ദം 20-11-2022 - Sunday

അബൂജ: അഫ്ഗാനിസ്ഥാനു സമാനമായി നൈജീരിയയും ഇസ്ലാമിക തീവ്രവാദികള്‍ കീഴടക്കുന്നതിന് മുന്‍പ് നൈജീരിയയിലെ ക്രൈസ്തവര്‍ക്കെതിരായ മതപീഡനം തടയണമെന്ന അഭ്യര്‍ത്ഥനയുമായി നൈജീരിയന്‍ മെത്രാന്‍ യു.കെ പാര്‍ലമെന്റില്‍. നൈജീരിയയില്‍ ഇസ്ലാമിക നിയമം പ്രാബല്യത്തില്‍ വരുത്തുകയാണ് ബൊക്കോഹറാം, ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് വെസ്റ്റ് ആഫ്രിക്ക പ്രൊവിന്‍സ്‌, ഫുലാനി ഗോത്രവര്‍ഗ്ഗക്കാര്‍ തുടങ്ങിയ ഇസ്ലാമിക തീവ്രവാദികളുടെ ലക്ഷ്യമെന്ന്‍ നൈജീരിയയില്‍ ഒണ്‍ഡോ രൂപതാധ്യക്ഷന്‍ ബിഷപ്പ് ജൂഡ് അരോഗുണ്ടാഡെ ഇക്കഴിഞ്ഞ നവംബര്‍ 16ന് യു.കെ പാര്‍ലമെന്റിനെ അഭിസംബോധന ചെയ്യവേ പറഞ്ഞു. ക്രൈസ്തവര്‍ക്കെതിരായ വംശഹത്യ അവസാനിപ്പിക്കുവാന്‍ നൈജീരിയന്‍ സര്‍ക്കാരില്‍ സമ്മര്‍ദ്ധം ചെലുത്തണമെന്നും ഇക്കാര്യത്തില്‍ മറ്റ് രാജ്യങ്ങളുടെ സഹായം തേടണമെന്നും മെത്രാന്‍ അഭ്യര്‍ത്ഥിച്ചു.

നിയമപരവും രാഷ്ട്രീയവുമായ എല്ലാ സംവിധാനങ്ങളും ഉപയോഗിച്ച് മതന്യൂനപക്ഷങ്ങളെ സംരക്ഷിക്കുവാനും കൊലപാതകങ്ങള്‍ തടയുവാനും മുഹമ്മദ്‌ ബുഹാരി ഗവണ്‍മെന്റിനോട് ആവശ്യപ്പെടണം. ആഫ്രിക്കയിലെ ഏറ്റവും ജനസാന്ദ്രത ഏറിയ നൈജീരിയയുടെ വടക്ക്-മധ്യന്‍ മേഖലകളില്‍ പ്രത്യേകിച്ച് ശരിയത്ത് നിയമം പ്രാബല്യത്തിലിരിക്കുന്ന സംസ്ഥാനങ്ങളില്‍ ക്രിസ്ത്യാനികള്‍ തങ്ങളുടെ വിശ്വാസത്തിന്റെ പേരില്‍ വിവേചനം നേരിടുന്നുണ്ടെന്ന്‍ മെത്രാന്‍ ചൂണ്ടിക്കാട്ടി. മുഹമ്മദ്‌ ബുഹാരി അധികാരത്തിലേറിയ 2015 മുതല്‍ 3478-ലധികം ആളുകള്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നും, 2,256 പേര്‍ തട്ടിക്കൊണ്ടുപോകപ്പെട്ടിട്ടുണ്ടെന്നും 2022-ലെ സ്ഥിതിവിവര കണക്കുകല്‍ ഉദ്ധരിച്ചു കൊണ്ട് മെത്രാന്‍ പറഞ്ഞു. വര്‍ഷാവസാനത്തെ കണക്കുകള്‍ വരുമ്പോള്‍ ലോകം ഞെട്ടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ക്രൈസ്തവരാണ് ഈ ആക്രമണങ്ങളിലെ ഏറ്റവും വലിയ ഇരകള്‍. പകല്‍ വെളിച്ചത്തില്‍ പോലും തീവ്രവാദികള്‍ നിരപരാധികളെ കൊലപ്പെടുത്തുകയും, തട്ടിക്കൊണ്ടു പോകുകയും ചെയ്യുന്നിടം വരെ കാര്യങ്ങള്‍ എത്തിയെന്നും മെത്രാന്‍ പറഞ്ഞു. പോലീസും നിസ്സഹാരായതിനാല്‍ പോലീസില്‍ പരാതിപ്പെട്ടാല്‍ പോലും യാതൊരു ഫലവുമില്ലെന്നതാണ് ഏറ്റവും ഖേദകരം. അക്രമികള്‍ ആവശ്യപ്പെടുന്ന മോചനദ്രവ്യം നല്‍കുവാനാണ് പോലീസിന് നിര്‍ദ്ദേശിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇത്തരം കാര്യങ്ങള്‍ പതിവായി നടക്കുന്നതിനാല്‍ ഇതൊന്നും വാര്‍ത്തയാകാറില്ലെന്നും അക്രമികളെ അറസ്റ്റ് ചെയ്‌താല്‍ തന്നെ കോടതി ശിക്ഷിക്കാറില്ലെന്നും മെത്രാന്‍ പറഞ്ഞു. ലോകത്ത് ക്രൈസ്തവ വിരുദ്ധ പീഡനം അതിരൂക്ഷമായ രാജ്യങ്ങളില്‍ ഒന്നാണ് നൈജീരിയ.

More Archives >>

Page 1 of 804