News - 2024
കത്തോലിക്ക ഓർത്തഡോക്സ് സമൂഹത്തിന്റെ ഉയിര്‍പ്പ് തിരുനാള്‍ ഏകീകരിക്കുന്നതിന് വഴി തെളിയുന്നു
പ്രവാചകശബ്ദം 19-11-2022 - Saturday
വത്തിക്കാന്‍ സിറ്റി: കത്തോലിക്ക, ഓർത്തഡോക്സ് സമൂഹം ഒരേ ദിവസം കർത്താവിന്റെ ഉയിർപ്പ് തിരുനാള്‍ ആഘോഷിക്കുന്നതിന് വഴി തെളിയുന്നു. പൗരസ്ത്യ ഓർത്തഡോക്സ് സഭകളുടെ തലവനായ കോൺസ്റ്റാന്റിനോപ്പിളിലെ എക്യുമെനിക്കൽ പാത്രിയാർക്കീസ് ബർത്തലോമിയ ഒരേ ദിവസം ഉയിർപ്പ് ആഘോഷിക്കാനായുളള തീയതി കണ്ടെത്തുന്നതിനു വേണ്ടിയുള്ള തന്റെ പിന്തുണ പ്രഖ്യാപിച്ചു. ഈ വിഷയത്തിൽ വിവിധ സഭകളുടെ പ്രതിനിധികൾ തമ്മിൽ ചർച്ചകൾ തുടരുകയാണെന്ന് പാത്രിയാർക്കീസ് ബർത്തലോമിയ പറഞ്ഞതായി 'സെനിത്ത്' എന്ന മാധ്യമം റിപ്പോർട്ട് ചെയ്തു. നിഖ്യാ സൂനഹദോസിന്റെ 1700ാം വാർഷികം ആചരിക്കുന്ന 2025ൽ ഉയിർപ്പ് ആചരിക്കുന്നതിന് വേണ്ടിയുള്ള പൊതുവായ ദിനം കണ്ടെത്താമെന്ന് അദ്ദേഹം പറഞ്ഞതായി നേരത്തെ വത്തിക്കാൻ ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു.
തെൽമോസോസ് ആർച്ച് ബിഷപ്പ് ജോബ് ഗെച്ചയും അഭിപ്രായത്തെ പിന്തുണച്ച് മുന്നോട്ടു വന്നിരുന്നു. വസന്തകാലത്തിനു ശേഷം വരുന്ന പൂർണ്ണ ചന്ദ്രന് പിന്നാലെ ഉള്ള ആദ്യത്തെ ഞായറാഴ്ച ഉയിർപ്പ് തിരുനാൾ ആചരിക്കാമെന്ന് എഡി 325-ല്‍ നടന്ന നിഖ്യാ സുനഹദോസിൽ പങ്കെടുത്ത സഭാ പിതാക്കന്മാർ തീരുമാനമെടുത്തിരുന്നു. ഇത് പ്രകാരം മാർച്ച് 22നും, ഏപ്രിൽ 25നും ഇടയിലുള്ള ഏതെങ്കിലും ദിവസമായിരുന്നു ഉയിർപ്പ് തിരുനാൾ ആചരിച്ചുവന്നിരുന്നത്. കത്തോലിക്ക സഭ ഉപയോഗിക്കുന്ന ഗ്രിഗോറിയൻ കലണ്ടറിൽ നിന്നു വിഭിന്നമായി 1582 മുതൽ ഉപയോഗത്തിലുള്ള ജൂലിയൻ കലണ്ടർ ആണ് ഓർത്തഡോക്സ് ക്രൈസ്തവർ ഇപ്പോൾ ഉപയോഗിക്കുന്നത്. ഇതിന്‍ പ്രകാരം തീയതികളില്‍ വ്യത്യാസമുണ്ടായിരിന്നു.
ഒരേ ദിവസം ഉയിർപ്പ് തിരുനാൾ ആചരിക്കാൻ വേണ്ടിയുള്ള ശ്രമങ്ങൾക്ക് ക്രൈസ്തവ ഐക്യത്തിനു വേണ്ടിയുള്ള പൊന്തിഫിക്കൽ കൗൺസിൽ അധ്യക്ഷൻ കർദ്ദിനാൾ കുർട്ട് കോച്ചും പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ആഗ്രഹം, ഫ്രാൻസിസ് മാർപാപ്പയ്ക്കും, കോപ്റ്റിക് സഭയുടെ തലവനായ തവാദ്രോസിനും ഉണ്ടെന്ന് അദ്ദേഹം വിശദീകരിച്ചു. ഇതിനിടയിൽ റഷ്യൻ ഓർത്തഡോക്സ് സഭയും, കോൺസ്റ്റാന്റിനോപ്പിളിലെ ഓർത്തഡോക്സ് സഭയും തമ്മിൽ നിലനിൽക്കുന്ന പ്രശ്നങ്ങൾ ആഗോളതലത്തിൽ ഉയിർപ്പ് തിരുനാൾ ആചരിക്കാൻ വേണ്ടിയുള്ള പൊതുവായ ദിനം കണ്ടെത്തുന്നതിന് വിഘാതമാകുമോയെന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്.