News - 2025
മൊസാംബിക്കില്‍ കഴിഞ്ഞ മാസം മാത്രം ഇസ്ലാമിക തീവ്രവാദികളാല്‍ 21 ക്രൈസ്തവര്‍ കൊല്ലപ്പെട്ടു
പ്രവാചകശബ്ദം 13-11-2022 - Sunday
മാപുടോ: തെക്കന്‍ ആഫ്രിക്കന്‍ രാജ്യമായ മൊസാംബിക്കില്‍ ഇസ്ലാമിക തീവ്രവാദികള്‍ കഴിഞ്ഞ മാസം നടത്തിയ വിവിധ ആക്രമണങ്ങളില്‍ ഇരുപത്തിയൊന്നിലധികം ക്രൈസ്തവര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. പ്രാദേശിക തലത്തില്‍ അല്‍ഷബാബ് എന്നറിയപ്പെടുന്ന അഹ്ലൂ സുന്ന വാ-ജാമ എന്ന ഇസ്ലാമിക തീവ്രവാദി സംഘടന ഒക്ടോബര്‍ 3നും 20നും ഇടയില്‍ നടത്തിയ ആക്രമണങ്ങളില്‍ ഇരുപതോളം ക്രൈസ്തവര്‍ കൊല്ലപ്പെട്ടുവെന്നും, നിരവധി ഭവനങ്ങള്‍ അഗ്നിക്കിരയാക്കപ്പെട്ടുവെന്നും സി.ബി.എന്‍ ന്യൂസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. സെപ്റ്റംബര്‍ ആദ്യം മുതല്‍ കാബോ ഡെല്‍ഗാഡോ പ്രവിശ്യയില്‍ നടന്നു വരുന്ന ആക്രമണങ്ങളില്‍ ക്രിസ്ത്യന്‍ ദേവാലയം അഗ്നിക്കിരയായെന്ന് ‘ബര്‍ണബാസ് എയിഡ്’ന്റെ റിപ്പോര്‍ട്ടിലും പരാമര്‍ശിക്കുന്നുണ്ട്. മറ്റൊരു ദേവാലയം അഗ്നിക്കിരയായെന്ന് പറയപ്പെടുന്നുണ്ടെങ്കിലും കൂടുതല്‍ വിവരങ്ങള്‍ വ്യക്തമല്ല.
കാബോ ഡെല്‍ഗാഡോയിലും സമീപ പ്രവിശ്യയായ നംപൂലയിലും നടന്ന ആക്രമണങ്ങളില്‍ എട്ടോളം ക്രൈസ്തവരാണ് കൊല്ലപ്പെട്ടതെന്നു ബര്‍ണബാസ് എയിഡ് പറയുന്നു. ഇതില്‍ ഒരു ക്രൈസ്തവ സ്ത്രീയ്ക്കു വെടിയേറ്റ് കൊല്ലപ്പെട്ടപ്പോള്‍ നാലുപേര്‍ ദേവാലയം അഗ്നിക്കിരയാക്കുന്നത് തടയുന്നതിനിടയിലാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ നാല് വര്‍ഷങ്ങളായി മൊസാംബിക്കിലെ വടക്കന്‍ പ്രവിശ്യയായ കാബോ ഡെല്‍ഗാഡോ ഇസ്ലാമിക തീവ്രവാദത്താല്‍ അതികഠിനമായ ബുദ്ധിമുട്ടുകളിലൂടെ കടന്നുപോകുകയാണ്. 2018 മുതല്‍ ഏതാണ്ട് 8 ലക്ഷത്തിലധികം ആളുകളാണ് ഭവനരഹിതരായിരിക്കുന്നത്.
ഇതിനിടെ തീവ്രവാദി ആക്രമണങ്ങള്‍ക്കും പട്ടിണിക്കുമിടയില്‍ ക്രിസ്തുവിന്റെ സ്നേഹം ജനങ്ങള്‍ക്ക് പകര്‍ന്നു നല്‍കുന്ന ‘ഐറിസ് ഗ്ലോബല്‍ മിനിസ്ട്രി’യേ കുറിച്ച് പറയുന്ന ‘നിഫെന്റോ’ എന്ന ഡോക്യുമെന്ററി ജനശ്രദ്ധയാകര്‍ഷിക്കുകയാണ്. ഹെയിദി, റോളണ്ട് ബേക്കര്‍ എന്നീ മിഷ്ണറിമാര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളാണ് ഓണ്‍ലൈനിലൂടെ പുറത്തിറങ്ങിയ ഡോക്യുമെന്ററിയുടെ പ്രമേയം. വടക്കന്‍ മൊസാംബിക്കിലെ യുദ്ധത്തിനും അന്ധകാരത്തിനുമിടയില്‍ യേശു എങ്ങനെ സഞ്ചരിക്കുന്നു എന്നതിന്റേയും, വലിയ തിന്മകള്‍ക്കിടയില്‍ ക്രിസ്തുവിന്റെ സഭയായ നമുക്ക് എങ്ങനെ യേശുവിന്റെ കൈകളും, കാലുകളുമാകാമെന്നും, എങ്ങനെ പ്രകാശിക്കാമെന്നുമുള്ളതിന്റേയും നേര്‍ സാക്ഷ്യമാണ് ഈ ഡോക്യുമെന്ററിയെന്നും സഹസംവിധായകനും, സിനിമാട്ടോഗ്രാഫറുമായ ജെയിംസ് ബ്ര്യൂവര്‍ സി.ബി.എൻ ന്യൂസിനോട് പറഞ്ഞു.