Youth Zone - 2025
ജോൺ പോൾ രണ്ടാമനെപോലെ വൈദികനായി തീരണം: കുട്ടികളുടെ റിയാലിറ്റി ഷോയില്‍ ആഗ്രഹം പ്രകടിപ്പിച്ച ബാലന്റെ വീഡിയോ വൈറൽ
പ്രവാചകശബ്ദം 22-11-2022 - Tuesday
മെക്സിക്കോ സിറ്റി: വിശുദ്ധ ജോൺ പോൾ രണ്ടാമന്‍ മാർപാപ്പയെ പോലൊരു വൈദികനായി തീരണമെന്ന തന്റെ ആഗ്രഹം കുട്ടികളുടെ റിയാലിറ്റി ഷോയില്‍ പ്രകടിപ്പിച്ച മെക്സിക്കൻ ബാലന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ തരംഗമാകുന്നു. 'ലാ വോസ് കിഡ്സ്' എന്ന പരിപാടിയിൽ എട്ടു വയസ്സുകാരനായ ലൂയിസ് ഏർണസ്റ്റോ ഗോൺസാലസ് എന്ന ബാലന്റെ വാക്കുകള്‍ ഉള്‍പ്പെടുന്ന വീഡിയോയാണ് ശ്രദ്ധയാകര്‍ഷിക്കുന്നത്. വലുതാവുമ്പോൾ എന്തായി തീരാനാണ് ആഗ്രഹം, പാട്ടുകാരൻ ആകാനാണോ എന്ന കാർലോസ് റിവേറയെന്ന വിധികർത്താവിന്റെ ചോദ്യത്തിന് ഉത്തരമായാണ് വലുതാവുമ്പോൾ ഒരു പാട്ടുകാരനും, ജോൺ മാർപാപ്പയെ പോലെ ഒരു വൈദികനും ആയിത്തീരണമെന്നാണ് ആഗ്രഹമെന്ന് ലൂയിസ് ഏർണസ്റ്റോ പറഞ്ഞത്.
ഒരു വൈദികനും, പാട്ടുകാരനും ആയി തീരണം എന്നായിരുന്നു തന്റെയും ആഗ്രഹമെന്നും, എന്നാൽ താൻ ഒടുവിൽ പാട്ടുകാരനായി തീരുകയായിരുന്നുവെന്നും കാർലോസ് റിവേറ സ്മരിച്ചു. തന്റെ പോക്കറ്റിൽ വിശുദ്ധരുടെ ചിത്രങ്ങൾ കൊണ്ട് നടക്കാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതിനു മറുപടിയായി, തന്റെ കൈവശവും വിശുദ്ധരുടെ കാർഡുകൾ ഉണ്ടെന്ന് ബാലനായ ലൂയിസ് ഏർണസ്റ്റോ പറഞ്ഞു. വിധികർത്താക്കൾക്കും ഓരോ കാർഡുകൾ വീതം കുട്ടി നൽകി. എന്തിനാണ് വൈദികനാകുന്നതെന്ന് മെലിൻഡി എന്ന വിധികർത്താവ് ചോദിച്ചപ്പോൾ ആളുകൾ നല്ലവരാകണം, അങ്ങനെയാണെങ്കിൽ ലോകത്തിൽ സമാധാനം ഉണ്ടാകുമെന്ന മനോഹരമായ മറുപടിയാണ് ബാലന്‍ നൽകിയത്. ഇതിന്റെ ദൃശ്യങ്ങളും സംഭാഷണങ്ങളും സമൂഹ മാധ്യമങ്ങളില്‍ ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരിന്നു. മാർപാപ്പയായതിനുശേഷം അഞ്ചു തവണ ജോൺപോൾ രണ്ടാമൻ പാപ്പ മെക്സിക്കോ സന്ദർശിച്ചിരിന്നു.