Social Media - 2024

സാമൂഹ്യശാസ്ത്ര പാഠപുസ്തകങ്ങളിലെ ക്രൈസ്തവ വിരുദ്ധത: മാര്‍ ജോസഫ് പെരുന്തോട്ടത്തിന്റെ ലേഖനം ചര്‍ച്ചയാകുന്നു

പ്രവാചകശബ്ദം 26-11-2022 - Saturday

ചങ്ങനാശ്ശേരി: കേരള സര്‍ക്കാര്‍ വിദ്യാഭ്യാസ വകുപ്പിന്റെ കീഴില്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി തയാറാക്കി നടപ്പില്‍ വരുത്തിയിരിക്കുന്ന സാമൂഹ്യശാസ്ത്ര പാഠപുസ്തകങ്ങളിലെ ക്രൈസ്തവ വിരുദ്ധതയും തെറ്റിദ്ധരിപ്പിക്കലും ചൂണ്ടിക്കാട്ടി ചങ്ങനാശ്ശേരി അതിരൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് പെരുന്തോട്ടത്തിന്റെ ലേഖനം. ഇന്നലെ 'ദീപിക' ദിനപത്രത്തില്‍ പ്രസിദ്ധീകരിച്ച ലേഖനം സമൂഹ മാധ്യമങ്ങളില്‍ വലിയതോതില്‍ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. ഹാഗിയാ സോഫിയ ഉള്‍പ്പെടെ ലോകം മൊത്തം ചര്‍ച്ചയായ വിഷയങ്ങള്‍ അടക്കം ഏറെ തെറ്റിദ്ധരിപ്പിക്കുന്ന വിധത്തിലാണ് അവതരിപ്പിച്ചിരിക്കുന്നതെന്ന് ആര്‍ച്ച് ബിഷപ്പ് ചൂണ്ടിക്കാട്ടി. കുരിശുയുദ്ധങ്ങളെ യഥാര്‍ത്ഥ സത്യത്തില്‍ നിന്നു വളച്ചൊടിച്ചതും കല, സാഹിത്യ, സംഗീത, ശാസ്ത്രാദി മേഖലകളിലെല്ലാം മികച്ച സംഭാവനകള്‍ നല്‍കിയ യൂറോപ്പിനെ തീര്‍ത്തും അവഗണിച്ചതും ക്രിസ്തുമതത്തെക്കുറിച്ച് പരാമര്‍ശിക്കുന്നിടത്ത് പോരായ്മകള്‍ ഉണ്ടെന്നു സ്ഥാപിക്കാന്‍ നടത്തുന്ന ശ്രമവും ലേഖനത്തില്‍ കൃത്യമായി അവതരിപ്പിക്കുന്നുണ്ട്. നിരവധി പേരാണ് ലേഖനം നവ മാധ്യമങ്ങളിലൂടെ ഷെയര്‍ ചെയ്തുക്കൊണ്ടിരിക്കുന്നത്.

ലേഖനത്തിന്റെ പ്രസക്ത ഭാഗം ‍

ചരിത്രപഠനം ഒരു സത്യാന്വേഷണമാണ്. അതിനുവേണ്ട ഏറ്റവും പ്രധാന ഗുണം സത്യസന്ധതയാണ്. അതു തികച്ചും നിഷ്പക്ഷമായിരിക്കണം. രചയിതാവിന്റെയോ ഏതെങ്കിലും വിഭാഗത്തിന്റെയോ ചില താത്പര്യങ്ങള്‍ സ്ഥാപിച്ചെടുക്കാന്‍വേണ്ടി ചരിത്രസംഭവങ്ങള്‍ വളച്ചൊടിക്കുന്നത് ചരിത്രത്തോടും പൊതുസമൂഹത്തോടുമുള്ള വഞ്ചനയാണ്. സത്യസന്ധതയും മൂല്യബോധവും സ്വഭാവവൈശിഷ്ട്യവുമുള്ള ഒരു തലമുറയെ രൂപപ്പെടുത്തുക എന്നത് വിദ്യാഭ്യാസത്തിന്റെ അടിസ്ഥാന പ്രമാണം തന്നെയാണ്. നമ്മുടെ കുട്ടികള്‍ക്കുവേണ്ടി തയാറാക്കിയ ചില പാഠപുസ്തകങ്ങളില്‍ ചരിത്രത്തിനു കളങ്കം ചാര്‍ത്തുന്ന, കുട്ടികളെ വഴിതെറ്റിക്കുന്ന അവതരണങ്ങള്‍ ഉണ്ടെന്നുള്ളത് വളരെ വ്യക്തമാണ്, അവ തിരുത്തപ്പെടേണ്ടതാണ്. ചില ഉദാഹരണങ്ങള്‍ ചൂണ്ടിക്കാണിക്കാം.

ഹാഗിയാ സോഫിയ ‍

ഏഴാം ക്ലാസിലെ സാമൂഹ്യശാസ്ത്ര പാഠപുസ്തകം ഒന്നാം ഭാഗം ആരംഭിക്കുന്നത് ഹാഗിയാ സോഫിയയുടെ ചരിത്രത്തോടും അതിനെക്കുറിച്ചുള്ള ചെറിയ വിവരണത്തോടുംകൂടിയാണ്. ലോകചരിത്രത്തിലെ പ്രധാന സ്മാരകങ്ങളില്‍ ഒന്നാണ് ഹാഗിയാ സോഫിയാ എന്നും ആറാം നൂറ്റാണ്ടിലാണത് പണിയപ്പെട്ടതെന്നും ഇപ്പോഴത് ഒരു ചരിത്രമ്യൂസിയമായി തുര്‍ക്കിയില്‍ സംരക്ഷിക്കപ്പെടുന്നു എന്നുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഹാഗിയാ സോഫിയയുടെ യഥാര്‍ഥ ചരിത്രം ഇവിടെ തമസ്‌കരിക്കപ്പെട്ടിരിക്കുന്നു.

എഡി 360ല്‍ നിര്‍മിക്കപ്പെട്ട പ്രശസ്തമായ ഒരു ക്രൈസ്തവ ദേവാലയമായിരുന്നു ഹാഗിയാ സോഫിയ. നാശനഷ്ടങ്ങള്‍ക്കിരയായ ഈ ദേവാലയം ജസ്റ്റീനിയന്‍ ചക്രവര്‍ത്തി 537ല്‍ പുതുക്കിപ്പണിതു. 1453ല്‍ ഓട്ടോമന്‍ സുല്‍ത്താന്‍ കോണ്‍സ്റ്റാന്റിനോപ്പിളും അതോടൊപ്പം ഹാഗിയാ സോഫിയയും ആക്രമിച്ചു കീഴടക്കി ദേവാലയം കൊള്ളയടിച്ചു. പുരാതനമായ ഈ ക്രിസ്തീയ പള്ളിയെ മുസ്ലിം പള്ളിയാക്കി മാറ്റി. 1935ല്‍ അന്നത്തെ ഭരണാധികാരി ഹാഗിയാ സോഫിയയെ മ്യൂസിയമാക്കി. വീണ്ടും ഹാഗിയാ സോഫിയ മോസ്‌കാക്കി മാറ്റുമെന്ന് 2018 മാര്‍ച്ച് 31ന് തുര്‍ക്കിയുടെ പ്രസിഡന്റ് എര്‍ദോഗന്‍ പ്രഖ്യാപിച്ചു. ലോകവ്യാപകമായുണ്ടായ പ്രതിഷേധങ്ങളെ അവഗണിച്ചും ലോകമെങ്ങുമുള്ള ക്രൈസ്തവ വിശ്വാസികളുടെ മതവികാരങ്ങളെ വ്രണപ്പെടുത്തിയും അദ്ദേഹം പ്രഖ്യാപനം നടപ്പില്‍ വരുത്തി.

പുരാതനപ്രസിദ്ധവും കോണ്‍സ്റ്റാന്റിനോപ്പിള്‍ പാത്രിയാര്‍ക്കീസിന്റെ ആസ്ഥാനവുമായിരുന്ന ഹാഗിയാ സോഫിയ ഒരു ക്രൈസ്തവ ദേവാലയമായിരുന്നുവെന്നുള്ള വസ്തുതപോലും മറച്ചുവച്ചുകൊണ്ട്, അതൊരു ചരിത്രമ്യൂസിയമാണെന്നു മാത്രം രേഖപ്പെടുത്തിയിരിക്കുന്നതിന്റെ പിന്നിലെ ലക്ഷ്യമെന്ത്

തെറ്റിദ്ധരിപ്പിക്കുന്ന അവതരണങ്ങള്‍: ‍

വിവിധ മതവിശ്വാസികളായ കുട്ടികള്‍ ഒരുമിച്ചിരുന്നു പഠിക്കേണ്ട പാഠപുസ്തകങ്ങളില്‍ വര്‍ഗീയതയോ മതവിദ്വേഷമോ ഉളവാക്കുന്ന പാഠാവതരണങ്ങള്‍ ഉണ്ടാകാന്‍ പാടില്ല. നിഷ്പക്ഷതയും സത്യസന്ധതയും കൈവെടിഞ്ഞ് ഏതെങ്കിലും ഒരു മതത്തെ ഉയര്‍ത്തിക്കാട്ടുന്നതും മറ്റൊരു മതത്തിന്റെ സംഭാവനകളെ അവഗണിക്കുന്നതും മതപരമായ അസഹിഷ്ണുതയാണ് വെളിപ്പെടുത്തുന്നത്. ലോകചരിത്രത്തിലെ പ്രമേയങ്ങള്‍ എന്ന പതിനൊന്നാം ക്ലാസ് ചരിത്രപാഠപുസ്തകത്തില്‍ 'മധ്യ ഇസ്ലാമിക പ്രദേശങ്ങള്‍' എന്ന ഭാഗം മേല്‍പ്പറഞ്ഞതിന് ഉദാഹരണമാണ്. ലോകപുരോഗതി മുഴുവന്‍ ഇസ്ലാമിന്റെ സംഭാവനയാണെന്നു സ്ഥാപിക്കാനുള്ള ശ്രമം ചരിത്രപുസ്തകങ്ങളില്‍ പ്രകടമാണ്. അതേസമയം, യുറോപ്പിന്റെ ക്രിസ്തീയ അടിത്തറയാണ് ആഗോളതലത്തില്‍ ശാസ്ത്രസാങ്കേതികവിദ്യകളുടെ വികസനത്തിനും വിദ്യാഭ്യാസ പുരോഗതിക്കും നവോത്ഥാനത്തിനും വഴിയൊരുക്കിയത് എന്നത് ചരിത്രം സാക്ഷ്യപ്പെടുത്തുന്ന സത്യമാണ്.

ഇക്കാര്യം പാഠപുസ്തക രചയിതാവ് തമസ്‌കരിക്കുന്നുവെന്നു മാത്രമല്ല, ക്രിസ്തുമതത്തെക്കുറിച്ച് പരാമര്‍ശിക്കുന്നിടത്ത് അതില്‍ പോരായ്മകള്‍ ഉണ്ടെന്നു സ്ഥാപിക്കാനാണ് താത്പര്യം. കൂടാതെ പലയിടത്തും ഇസ്ലാമിക മതപഠനഭാഗങ്ങള്‍ അനാവശ്യമായി ചേര്‍ക്കുകയും ചെയ്തിരിക്കുന്നു. ക്രൈസ്തവ, ഹൈന്ദവ സംസ്‌കാരങ്ങളെക്കുറിച്ച് വിവരിക്കുന്നിടത്ത് മതവിശ്വാസത്തെക്കുറിച്ച് ഒന്നുംതന്നെ പറയുന്നുമില്ല.

'അറബികള്‍ക്ക് അല്ലാഹുവെന്ന പരമോന്നത ദൈവത്തെക്കുറിച്ചുള്ള ധാരണയുണ്ടായത് അവര്‍ക്കിടയില്‍ ജീവിച്ചിരുന്ന ജൂത, ക്രിസ്തീയ ഗോത്രങ്ങളുടെ സ്വാധീനത്താലാവണം' എന്ന പ്രസ്താവന (പേജ്-85) തെറ്റിദ്ധാരണ ജനിപ്പിക്കുന്നതാണ്. കാരണം, അല്ലാഹു എന്ന ഒരു ദൈവം ജൂതര്‍ക്കോ ക്രൈസ്തവര്‍ക്കോ ഇല്ല. മുഹമ്മദും കൂട്ടരും ചേര്‍ന്ന് ഇസ്ലാമികരാഷ്ട്രം സ്ഥാപിച്ചതിനെപ്പറ്റി പറയുന്നുണ്ട്; എന്നാല്‍ അതിനുവേണ്ടി നടത്തിയ വലിയ രക്തച്ചൊരിച്ചിലിനെക്കുറിച്ച് ഒന്നും പറയുന്നില്ല. ഇസ്ലാമിക ഏകാധിപത്യത്തിനെതിരേ ഉണ്ടായ മുന്നേറ്റങ്ങളെ കലാപങ്ങളായിട്ടാണ് ചിത്രീകരിച്ചിരിക്കുന്നത്.

കുരിശുയുദ്ധങ്ങള്‍ ‍

മുസ്ലിംകള്‍ക്കെതിരേ ക്രിസ്ത്യാനികള്‍ നടത്തിയ കടന്നാക്രമണം എന്ന രീതിയിലാണ് കുരിശുയുദ്ധങ്ങളെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍. യഥാര്‍ഥത്തില്‍ ക്രിസ്ത്യാനികള്‍ക്ക് ഏറ്റവും പുണ്യപ്പെട്ടതും ക്രിസ്തീയവിശ്വാസത്തിന്റെ പിള്ളത്തൊട്ടിലുമായ ഓര്‍ശ്ലേമും മറ്റു വിശുദ്ധ സ്ഥലങ്ങളും മുസ്ലിംകള്‍ കീഴടക്കിയപ്പോള്‍, അവ വീണ്ടെടുക്കാനുള്ള പരിശ്രമമായിരുന്നു കുരിശുയുദ്ധങ്ങള്‍. അവ പ്രതിരോധങ്ങളായിരുന്നുവെന്നു പറയാം. ഇക്കാര്യങ്ങളൊന്നും വ്യക്തമാക്കാതെ കേവലം കടന്നാക്രമണങ്ങളായി കുരിശുയുദ്ധങ്ങളെ ചിത്രീകരിക്കുന്നത് ചരിത്രത്തോടുള്ള സത്യവിരുദ്ധ സമീപനമാണ്.

പതിനൊന്നിലെ 104 മുതലുള്ള ഏതാനും പേജുകള്‍ മുസ്ലിംകളുടെ മതഗ്രന്ഥമായ ഖുറാനെക്കുറിച്ചും ഇസ്ലാം മതത്തെക്കുറിച്ചുമാണ്. ആദ്യകാല മുസ്ലിംകളുടെ സ്വഭാവം ഉണ്ടായിരിക്കയും പ്രവാചകനായ മുഹമ്മദിന്റെ പാതകള്‍ പിന്തുടരുകയും ചെയ്യുന്ന ആളിനെയാണ് മാതൃകാ വിദ്യാര്‍ഥിയായി അവതരിപ്പിച്ചിരിക്കുന്നത്. ഇസ്ലാം മതപഠന ക്ലാസിലെ പാഠപുസ്തകം പോലെയാണ് ഈ ഭാഗത്തിന്റെ ഉള്ളടക്കം. മറ്റു മതങ്ങളെക്കുറിച്ചോ മതഗ്രന്ഥങ്ങളെക്കുറിച്ചോ ഇപ്രകാരമുള്ള വിവരണങ്ങളൊന്നുമില്ലാതെ ഖുറാനെയും ഇസ്ലാമിനെയും മാത്രം ഉയര്‍ത്തിക്കാണിക്കുന്നത് ഒരു പൊതുപാഠപുസ്തകത്തിനു ചേര്‍ന്നതല്ല.

ക്രൈസ്തവവിരുദ്ധ മനോഭാവം ‍

ക്രൈസ്തവ വിരുദ്ധമനോഭാവം പല പാഠഭാഗങ്ങളിലും നിഴലിക്കുന്നതായി തോന്നുന്നു. ക്രിസ്തുമതത്തോട് കുട്ടികളില്‍ അസ്വീകാര്യത സൃഷ്ടിക്കുകയാണോ ലക്ഷ്യമെന്ന് സംശയം ഉളവാക്കുന്നവയാണ് ഈ പരാമര്‍ശങ്ങള്‍. 'തന്റെ മാതാവിനെ പിതാവ് സ്ഥിരമായി മര്‍ദിച്ചിരുന്നുവെന്നും താന്‍ വളര്‍ന്നുവന്ന ആ നഗരത്തിലെ മിക്ക സ്ത്രീകള്‍ക്കും ഈ അവസ്ഥ ഉണ്ടായിരുന്നുവെന്നും.... കത്തോലിക്കാ ബിഷപ് സെന്റ് അഗസ്റ്റിന്‍ പറഞ്ഞിട്ടുണ്ട്' എന്ന പ്രസ്താവന (പേജ് 69) കത്തോലിക്കരുടെ ഇടയില്‍ ഇത്തരത്തിലുള്ള സ്ത്രീപീഡനം സര്‍വസാധാരണമായിരുന്നു എന്ന പ്രതീതിയാണ് ജനിപ്പിക്കുന്നത്.

എന്നാല്‍ വസ്തുത മറ്റൊന്നാണ്. നാലാം നൂറ്റാണ്ടില്‍ സെന്റ് അഗസ്റ്റിന്‍ ജീവിച്ചിരുന്ന വടക്കേ ആഫ്രിക്കയിലെ ആ പ്രദേശത്ത് ക്രിസ്തുമതം വ്യാപിച്ചിരുന്നില്ല. അദ്ദേഹത്തിന്റെ പിതാവുള്‍പ്പെടെ ഭൂരിപക്ഷം പേരും പേഗന്‍ മതവിശ്വാസികളായിരുന്നു. താന്‍ ക്രിസ്തീയ വിശ്വാസത്തിലേക്കു കടന്നുവരുന്നതിനു മുന്പ് നിലവിലിരുന്ന റോമന്‍ പേഗന്‍ ആചാര പശ്ചാത്തലമാണ് സെന്റ് അഗസ്റ്റിന്‍ പരാമര്‍ശിക്കുന്നത്. ഇതൊന്നും വ്യക്തമാക്കാതെ ഒരു കത്തോലിക്കാ ബിഷപ്പിനെ ഉദ്ധരിച്ചുകൊണ്ടുള്ള പ്രസ്താവന തെറ്റിദ്ധരിപ്പിക്കുന്നതുതന്നെയാണ്.

'യുറോപ്പില്‍ സ്ത്രീകള്‍ക്ക് പോഷകാഹാരം ലഭിച്ചിരുന്നില്ല, പൊതുജീവിതത്തില്‍ അവര്‍ക്ക് പൊതുവേ സ്ഥാനമില്ലായിരുന്നു, സ്ത്രീധനം നല്‍കാന്‍ കഴിയാത്ത സ്ത്രീകള്‍ സന്ന്യാസജീവിതം സ്വീകരിച്ചു' തുടങ്ങിയ പ്രസ്താവനകളുടെ അടിസ്ഥാനം എന്താണ് മറിച്ച്, 'ഇസ്ലാമിക ഭരണപ്രദേശങ്ങളില്‍ സ്ത്രീകള്‍ക്ക് ഉയര്‍ന്ന പദവി ലഭിച്ചിരുന്നു, അവര്‍ വിദ്യാഭ്യാസം നേടി അധ്യാപികമാരായി' തുടങ്ങിയ പ്രസ്താവനകളിലൂടെ ഇസ്ലാമിനെ ഉയര്‍ത്തിക്കാട്ടുന്നു. പല ഇസ്ലാം ഭരണപ്രദേശങ്ങളിലും ഇന്നും മുസ്ലിം സ്ത്രീകള്‍ അനുഭവിക്കുന്ന സ്വാതന്ത്ര്യനിഷേധവും പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നിഷേധിക്കുന്നതും ഏവര്‍ക്കും അറിവുള്ളതാണ്. ക്രിസ്തീയമൂല്യങ്ങള്‍ ഉള്‍ക്കൊണ്ടു വളര്‍ന്ന യൂറോപ്പിന്റെ നാനാമുഖമായ പുരോഗതിക്കും നവോത്ഥാനത്തിനും അതു കാരണമായി.

'ഒന്പതാം ക്ലാസിലെ സാമൂഹ്യശാസ്ത്രം 1' എന്ന പാഠപുസ്തകത്തില്‍ പക്ഷപാതപരമായ നിരവധി വിവരണങ്ങള്‍ കാണാം. യൂറോപ്പിനെയും ഇസ്ലാമിക പ്രദേശങ്ങളെയും താരതമ്യം ചെയ്തുകൊണ്ടുള്ള ചില പരാമര്‍ശങ്ങളുണ്ട്. യൂറോപ്പിന്റെ മികച്ച നേട്ടങ്ങളെ കാണാതെപോകുകയും കോട്ടങ്ങളെ എടുത്തുപറയുകയും ചെയ്യുന്നു. എന്നാല്‍ ഇസ്ലാമിക പ്രദേശങ്ങളിലെ ചില സാധാരണ കാര്യങ്ങള്‍പോലും പ്രാധാന്യം നല്‍കി അവതരിപ്പിക്കുകയും കുറവുകളുടെ നേരേ കണ്ണടയ്ക്കുകയും ചെയ്യുന്നു.

മധ്യകാല വിദ്യാഭ്യാസത്തിന്റെ സവിശേഷതയായി ഇസ്ലാമിക വിജ്ഞാനവും മറ്റും വിവരിക്കുന്നുണ്ടെങ്കിലും യൂറോപ്പിലെ സര്‍വകലാശാലകളെക്കുറിച്ചും അവിടെ പ്രാധാന്യം കൊടുത്തിരുന്ന ക്രൈസ്തവ ദൈവശാസ്ത്രത്തെക്കുറിച്ചും പാഠപുസ്തകം മൗനംപാലിക്കുന്നു. യൂറോപ്പിലെ ആദ്യ സര്‍വകലാശാലയായിരുന്ന ബൊളോഞ്ഞായെക്കുറിച്ച് പ്രത്യേകിച്ചൊന്നും പറയുന്നില്ല; ലോകപ്രസിദ്ധങ്ങളായ ഓക്‌സ്ഫഡ്, കേംബ്രിജ് സര്‍വകലാശാലകളുടെ പേരുമാത്രം പറഞ്ഞുപോകുന്നു. എന്നാല്‍, അറബികള്‍ സ്‌പെയ്‌നില്‍ സ്ഥാപിച്ചതായി പറയുന്ന, അത്ര അറിയപ്പെടാത്ത കൊര്‍ദോവ സര്‍വകലാശാലയെക്കുറിച്ച് വിശദവിവരങ്ങള്‍ നല്‍കിയിരിക്കുന്നു.

കല, സാഹിത്യ, സംഗീത, ശാസ്ത്രാദി മേഖലകളിലെല്ലാം മികച്ച സംഭാവനകള്‍ നല്‍കിയ യൂറോപ്പിനെ തീര്‍ത്തും അവഗണിച്ചിരിക്കുന്നു പാഠപുസ്തകം ( IX സാമൂഹ്യശാസ്ത്രം I, ഭാഗം 1, പേജ് 32-35 ). എല്ലാംതന്നെ അറബികളുടെ സംഭാവനയായി വിവരിച്ചിരിക്കുന്നു. മാത്രമല്ല, അറബ് സ്വാധീനത്തിലാണ് യൂറോപ്പിന് എന്തെങ്കിലും നേട്ടം ഉണ്ടായിരിക്കുന്നതെന്ന് പറയുകയും ചെയ്യുന്നു. ഇതുപോലെ ഇന്ത്യാ ചരിത്രം, സ്വാതന്ത്ര്യസമര ചരിത്രം, ഭരണഘടന തുടങ്ങിയ വിവിധ വിഷയങ്ങളെക്കുറി

ച്ച് നിഷ്പക്ഷത വെടിഞ്ഞ് നടത്തിയിട്ടുള്ള അപഗ്രഥനങ്ങള്‍ പാഠപുസ്തകങ്ങളുടെ നിലവാരത്തിനു മങ്ങലേല്‍പ്പിക്കുന്നതും ലക്ഷ്യങ്ങളില്‍നിന്ന് വ്യതിചലിപ്പിക്കുന്നതുമാണ്. അസത്യങ്ങളും അര്‍ധസത്യങ്ങളും നിറഞ്ഞ വികലമായ ഒരു ചരിത്രബോധമാണ് നമ്മുടെ കുട്ടികള്‍ക്ക് ക്ലാസുകളില്‍ ലഭിക്കുന്നത്. ചരിത്രപരമായ തെറ്റുകള്‍ പഠിച്ചിറങ്ങുന്ന കുട്ടികള്‍ തങ്ങള്‍ക്കുതന്നെയും സമൂഹത്തിനും വിനയാകാം.

- ആര്‍ച്ച് ബിഷപ്പ് ജോസഫ് പെരുന്തോട്ടം

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 33