News - 2025
പാശ്ചാത്യ ലോകത്തെ ക്രൈസ്തവര്‍ മത സ്വാതന്ത്ര്യ ഭീഷണിയുടെ നിഴലില്‍: മുന്നറിയിപ്പുമായി കര്‍ദ്ദിനാള്‍ റോബര്‍ട്ട് സാറ
പ്രവാചകശബ്ദം 29-11-2022 - Tuesday
വത്തിക്കാന്‍ സിറ്റി: പാശ്ചാത്യ ലോകത്തെ ക്രൈസ്തവര്‍ മതസ്വാതന്ത്ര്യത്തെയും ആരാധനാ സ്വാതന്ത്ര്യത്തെയും നിസാരമായി കാണരുതെന്ന് കര്‍ദ്ദിനാള്‍ റോബര്‍ട്ട് സാറ. ഇക്കഴിഞ്ഞ നവംബര്‍ 27ന് ഇ.ഡബ്യു.ടി.എന്നിന് നല്‍കിയ അഭിമുഖത്തിലാണ് കര്‍ദ്ദിനാള്‍ ഇക്കാര്യം പറഞ്ഞത്. മതസ്വാതന്ത്ര്യത്തിനെതിരെയുള്ള ഭീഷണി പല രീതിയിലും വരാമെന്നും ലോകമെമ്പാടുമായി നിരവധി രക്തസാക്ഷികള്‍ വിശ്വാസത്തിന് വേണ്ടി മരിച്ചിട്ടുണ്ടെന്നും പാശ്ചാത്യ ലോകത്തും മതസ്വാതന്ത്ര്യം ഭീഷണിയുടെ നിഴലിലാണെന്നും വത്തിക്കാന്‍ ആരാധന തിരുസംഘത്തിന്‍റെ മുന്‍ തലവനും എഴുപത്തിയേഴുകാരനുമായ കര്‍ദ്ദിനാള്‍ സാറ പറഞ്ഞു. ഇത് പലപ്പോഴും വിശ്വാസത്തോടുള്ള വിദ്വേഷമോ പ്രത്യക്ഷത്തിലുള്ള ഭീഷണിയോ അല്ലെന്നു പറഞ്ഞ കര്‍ദ്ദിനാള്‍, ഇത് ക്രൈസ്തവര്‍ക്കു നേരെയുള്ള പരോക്ഷമായ പക്ഷപാതമാണെന്നും കൂട്ടിച്ചേര്‍ത്തു.
മതസ്വാതന്ത്ര്യത്തെ നിസാരമായി കാണുകയോ, അവഗണിക്കുകയോ ചെയ്യരുതെന്നും പാശ്ചാത്യ ലോകത്തെ അദ്ദേഹത്തെ ഓര്‍മ്മിപ്പിച്ചു. പ്രസിദ്ധീകരിക്കുവാനിരിക്കുന്ന തന്റെ പുതിയ പുസ്തകത്തെക്കുറിച്ച് കര്‍ദ്ദിനാള്‍ സാറ ഈ മാസം ആദ്യം ഇ.ഡബ്യു.ടി.എന്നിനോട് വിവരിച്ചിരിന്നു. കത്തോലിക്ക സഭയുടെ ഏഴു കൂദാശകളെ ആഴത്തിലുള്ള വിവരങ്ങള്‍ നല്‍കുന്നതാണ് കര്‍ദ്ദിനാള്‍ സാറയുടെ ഏഴാമത്തെ പുസ്തകമായ “ആത്മീയ ജീവിതത്തിന്റെ മതബോധനം”. വിശുദ്ധ കുര്‍ബാനയും, ദിവ്യകാരുണ്യവുമാണ് പുസ്തകത്തിന്റെ പ്രധാന പ്രമേയങ്ങളില്‍ ഒന്ന്. “കുരിശ്, ഓസ്തി, കന്യകാമറിയം” എന്നീ മൂന്ന്‍ തൂണുകളിലാണ് ക്രിസ്തീയ വിശ്വാസം പടുത്തുയര്‍ത്തിയിരിക്കുന്നതെന്നു കര്‍ദ്ദിനാള്‍ പറയുന്നത്. ദൈവത്തോടുള്ള ആരാധനയില്‍ നിന്നും തെന്നിമാറി വിശുദ്ധ കുര്‍ബാന ഒരു പ്രകടനമാക്കി മാറ്റുന്നതിനെതിരെ കര്‍ദ്ദിനാള്‍ മുന്നറിയിപ്പ് നല്‍കി.
നമ്മുടെ ജീവിതങ്ങളെ മാറ്റുവാന്‍ കഴിയുന്ന തരത്തില്‍ യേശുവുമായുള്ള കൂടിക്കാഴ്ചക്ക് വഴിയൊരുക്കുന്നതാണ് നിശബ്ദമായ ദിവ്യകാരുണ്യ ആരാധനയെന്നും കര്‍ദ്ദിനാള്‍ ഓര്‍മ്മിപ്പിച്ചു. ആധുനിക സമൂഹം ദൈവത്തെ മറന്നിരിക്കുകയാണ്. ദിവ്യകാരുണ്യത്തിലെ ക്രിസ്തുവിന്റെ സജീവ സാന്നിധ്യമാണ് സഭയുടെ അടിസ്ഥാന വിശ്വാസമെന്നും ഇതല്ലെങ്കില്‍ സഭയുടെ നിലനില്‍പ്പിന്റെ അര്‍ത്ഥം തന്നെ ഇല്ലാതാവുമെന്നും കര്‍ദ്ദിനാള്‍ പറഞ്ഞു. ആത്മീയ യുദ്ധം എക്കാലവും ഒരുപോലെ തന്നെയാണെന്ന് പറഞ്ഞ കര്‍ദ്ദിനാള്‍, ദൈവവചനമാണ് ഈ യുദ്ധത്തില്‍ നമ്മുടെ ആയുധമെന്നും കൂട്ടിച്ചേര്‍ത്തു. 2014 നവംബര്‍ മുതല്‍ 2021 ഫെബ്രുവരി വരെ ആരാധനാക്രമ തിരുസംഘത്തിന്റെ തലവനായിരുന്ന കര്‍ദ്ദിനാള്‍ സാറ വിരമിക്കല്‍ പ്രായമെത്തിയതിനെ തുടര്‍ന്നു 2020-ല്‍ രാജി സമര്‍പ്പിക്കുകയായിരുന്നു. 2021-ലാണ് പാപ്പ രാജി സ്വീകരിച്ചത്. വത്തിക്കാനിലെ ഏറ്റവും മുതിര്‍ന്ന ആഫ്രിക്കന്‍ പുരോഹിതനായ കര്‍ദ്ദിനാള്‍ സാറ 2001-മുതല്‍ വത്തിക്കാനില്‍ പല പ്രധാന പദവികളും വഹിച്ചിട്ടുണ്ട്.