News - 2025
തടവിലാക്കിയ ഭൂഗര്‍ഭ സഭയുടെ മെത്രാനെ ഔദ്യോഗികമായി അംഗീകരിച്ച് ചൈനീസ് ഭരണകൂടം
പ്രവാചകശബ്ദം 25-11-2022 - Friday
ബെയ്ജിംഗ്: 2014ൽ ഫ്രാൻസിസ് മാർപാപ്പ യുജിയാങ് രൂപതയുടെ മെത്രാനായി നിയമിക്കുകയും, പിന്നീട് ഭരണകൂടം ആറുമാസം തടങ്കലിൽ അടയ്ക്കുകയും ചെയ്ത ബിഷപ്പിനെ ഔദ്യോഗികമായി അംഗീകരിച്ച് ചൈനീസ് കമ്മ്യൂണിസ്റ്റ് ഭരണകൂടം. ജിയാങ്സി രൂപതയുടെ സഹായ മെത്രാനായാണ് ജോൺ പെങ് വെയ്‌ഷാവോ സ്ഥാനാരോഹണം ചെയ്യപ്പെട്ടിരിക്കുന്നത്. 23 വർഷം ജയിലിൽ കിടന്ന തോമസ് സെങ് എന്ന മെത്രാന്റെ പിൻഗാമി ആയിട്ടാണ് 2014ൽ ഫ്രാൻസിസ് മാർപാപ്പ യുജിയാങിലെ രഹസ്യ സഭയുടെ മെത്രാനായി പെങിനെ നിയമിക്കുന്നത്. പ്രാദേശിക മെത്രാനായ ജോൺ ബാപ്റ്റിസ്റ്റ് ലീയുടെ നേതൃത്വത്തിൽ നഞ്ചാങിൽ കഴിഞ്ഞ ദിവസം നടന്ന മെത്രാഭിഷേക ചടങ്ങിൽ ഏകദേശം ഇരുന്നൂറോളം പേര്‍ പങ്കെടുത്തു. ബെയ്ജിംങ്ങിലെ നാഷണൽ സെമിനാരിയിൽ പഠിച്ച 56 വയസ്സുള്ള പെങ് 1989ലാണ് പൗരോഹിത്യം സ്വീകരിക്കുന്നത്.
ജിയാങ്സി രൂപത ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നിരീക്ഷണത്തിലാണ് പ്രവർത്തിക്കുന്നത്. 2018ൽ ചൈനീസ് സർക്കാരും, വത്തിക്കാനും തമ്മിൽ കരാർ ഒപ്പിട്ടതിനു ശേഷം സർക്കാരിന്റെ കീഴിൽ പ്രവർത്തിക്കുന്ന സഭയിൽ ചേരാൻ യുജിയാങിലെ സഭയുടെ മേൽ വലിയ സമ്മര്‍ദ്ധമുണ്ടായിരിന്നു. സെപ്റ്റംബർ മാസം ഇരുപത്തിരണ്ടാം തീയതിയാണ് യുജിയാങിലെ മെത്രാൻ എന്ന സ്ഥാനത്തുനിന്ന് താൻ രാജിവെക്കുകയാണെന്നും, പ്രാദേശികമായ ഏതാനും രൂപതകൾ കൂട്ടിയിണക്കി ജിയാങ്സി രൂപതയ്ക്ക് രൂപം നൽകുമെന്നും ബിഷപ്പ് പെങ് പ്രഖ്യാപിക്കുന്നത്. നഞ്ചാങിൽ ഒക്ടോബർ പതിനൊന്നാം തീയതി പുതിയ രൂപതയ്ക്ക് വേണ്ടി നിർമ്മിക്കുന്ന മെത്രാസന മന്ദിരത്തിന്റെ തറക്കല്ലിടിയിൽ ചടങ്ങിലും അദ്ദേഹം പങ്കെടുത്തിരുന്നു.
ദശാബ്ദങ്ങളായി ചൈനയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നിയന്ത്രണത്തിലുള്ള ചൈനീസ് പാട്രിയോട്ടിക് കാത്തലിക് അസോസിയേഷനും, വത്തിക്കാനെ അംഗീകരിക്കുന്ന സര്‍ക്കാര്‍ അംഗീകാരമില്ലാത്ത ഭൂഗര്‍ഭ സഭയുമായി ചൈനീസ് കത്തോലിക്ക സഭ വിഭജിക്കപ്പെട്ടിരിക്കുകയാണ്. ഇരു സഭകളേയും യോജിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് വത്തിക്കാന്‍ - ചൈന കരാര്‍ 2018 സെപ്റ്റംബറില്‍ പ്രാബല്യത്തില്‍ വന്നത്. മെത്രാന്മാരുടെ നിയമനം അടക്കമുള്ള വിഷയങ്ങള്‍ കരാറില്‍ ഉള്‍പ്പെടുന്നുണ്ടെങ്കിലും, നിരവധി ക്രൈസ്തവ ദേവാലയങ്ങളാണ് അതിനു ശേഷം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള ഭരണകൂടം അടച്ചുപൂട്ടിയത്.