News - 2024

പോളണ്ടില്‍ നടക്കുന്ന ലോകയുവജന സമ്മേളനത്തിനു മുന്നോടിയായി ആശംസകള്‍ അറിയിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ വീഡിയോ സന്ദേശം

സ്വന്തം ലേഖകന്‍ 21-07-2016 - Thursday

വത്തിക്കാന്‍: ലോകയുവജന ദിനത്തില്‍ പങ്കെടുക്കുവാനായി പോളണ്ടിലേക്ക് എത്തുന്ന മാര്‍പാപ്പ, തന്റെ സന്ദര്‍ശനത്തിനു മുന്നോടിയായി വീഡിയോ സന്ദേശത്തിലൂടെ പോളണ്ടിനേയും, പരിപാടിയില്‍ പങ്കെടുക്കുന്നവരേയും അഭിസംബോധന ചെയ്തു. ജൂലൈ 27 മുതല്‍ 31 വരെ ഫ്രാന്‍സിസ് മാര്‍പാപ്പ പോളണ്ടില്‍ സന്ദര്‍ശനം നടത്തുകയും ലോകയുവജന ദിനത്തില്‍ പങ്കെടുക്കുകയും ചെയ്യും. വിശ്വാസത്തിന്റെയും സാഹോദര്യത്തിന്റേയും ഒരു സമ്മേളനമായി ലോകയുവജന ദിനം മാറട്ടെ എന്നു അദ്ദേഹം ആശംസിച്ചു.

"പോളണ്ടിലെ എന്റെ പ്രിയപ്പെട്ട യുവജനങ്ങളെ, നിങ്ങള്‍ ഏറെനാളുകളായി ലോകയുവജനദിനത്തിന്റെ ഒരുക്കത്തിനായി കഠിനാധ്വാനം ചെയ്യുന്നുവെന്ന് എനിക്ക് അറിയാം. ഇതിന് നിങ്ങളോടുള്ള എന്റെ നന്ദി അറിയിക്കട്ടെ. നിങ്ങളെ ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ. അതു പോലെ തന്നെ യൂറോപ്പില്‍ നിന്നും ആഫ്രിക്ക, ഏഷ്യ, അമേരിക്ക, ഓഷിയാന എന്നീ ഭൂഖണ്ഡങ്ങളില്‍ നിന്നും വരുന്ന പ്രിയ യുവാക്കളെ നിങ്ങളേയും ഞാന്‍ അനുഗ്രഹിക്കുന്നു. ദൈവം നിങ്ങളുടെ രാജ്യങ്ങളെ അനുഗ്രഹിക്കട്ടെ. പോളണ്ടിലേക്കുള്ള നിങ്ങളുടെ യാത്രയില്‍ അവിടുത്തെ സാന്നിധ്യം നിങ്ങളുടെ ഒപ്പമുണ്ടാകട്ടെ. നിങ്ങളുടെ ഈ തീര്‍ത്ഥാടനം വിശ്വാസത്തിന്റെയും സാഹോദര്യത്തിന്റെയും വേദിയാക്കി മാറ്റുക". പാപ്പ തന്റെ വീഡിയോ സന്ദേശത്തില്‍ പറയുന്നു.

പോളണ്ടിലേക്ക് തനിക്ക് സന്ദര്‍ശനം നടത്തുവാന്‍ കഴിയുന്നത് ദൈവത്തിന്റെ വലിയ കൃപ ഒന്നുകൊണ്ട് മാത്രമാണെന്നും പാപ്പ അനുസ്മരിച്ചു. നിരവധി പരീക്ഷകളിലൂടെയും പ്രതികൂലങ്ങളിലൂടെയും കടന്നു പോയ ജനതയാണ് പോളണ്ടിലുള്ളതെന്നും ഈ കഷ്ടപാടുകളുടെ നടുവിലും ദൈവമാതാവിന്റെ മധ്യസ്ഥതയില്‍ അഭയം പ്രാപിച്ച് മുന്നോട്ട് പോയ ജനതയെ ദൈവം താങ്ങിനടത്തിയെന്ന കാര്യവും ഫ്രാന്‍സിസ് മാര്‍പാപ്പ തന്റെ സന്ദേശത്തില്‍ സൂചിപ്പിച്ചു.

പോളണ്ടില്‍ എത്തുന്ന മാര്‍പാപ്പ സെസ്സ്റ്റോചോവിലുള്ള പരിശുദ്ധ അമ്മയുടെ പ്രശസ്തമായ ദേവാലയം സന്ദര്‍ശിക്കും. ബ്രിസേഗിയില്‍ മാര്‍പാപ്പ വിശുദ്ധ ബലി അര്‍പ്പിക്കുന്നുണ്ട്. കരുണയുടെ ഈ ജൂബിലി വര്‍ഷത്തില്‍ വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയെ പ്രത്യേകം സ്മരിക്കുന്നുവെന്നും ഫ്രാന്‍സിസ് പാപ്പ തന്റെ വീഡിയോ സന്ദേശത്തില്‍ പറഞ്ഞു. ലോകയുവജന ദിനം എന്ന ആശയം തുടങ്ങിവച്ചത് വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമനാണ്.

വീഡിയോ കാണാനായി ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »