News - 2025

പ്രോലൈഫ് ലോകത്തിന് തീരാനഷ്ടം: ഇന്റര്‍ അമേരിക്കന്‍ കോടതിയിലെ ഏക പ്രോലൈഫ് ജഡ്ജി വിയോ ഗ്രോസ്സി വിടവാങ്ങി

പ്രവാചകശബ്ദം 06-12-2022 - Tuesday

സാന്‍ ജോസ്: അമേരിക്കന്‍ വന്‍കരയിലെ രാഷ്ട്രങ്ങളിലെ മനുഷ്യാവകാശങ്ങള്‍ക്ക് വേണ്ടി സ്ഥാപിതമായ ഇന്റര്‍ അമേരിക്കന്‍ കോര്‍ട്ട് ഓഫ് ഹ്യൂമന്‍ റൈറ്റ്സ് കോടതിയിലെ (ഐഎസിഎച്ച്ആര്‍) ഏക പ്രോലൈഫ് ജഡ്ജിയും ചിലി സ്വദേശിയുമായ എഡുറാഡോ വിയോ ഗ്രോസ്സി (78) അന്തരിച്ചു. തന്റെ ജീവിതത്തില്‍ ഉടനീളം ശക്തമായ പ്രോലൈഫ് സമീപനവുമായി നിലകൊണ്ട അദ്ദേഹം ഡിസംബര്‍ മൂന്നിനായിരുന്നു നിത്യസമ്മാനത്തിന് വിളിക്കപ്പെട്ടത്. ഗ്രോസ്സിയുടെ നിര്‍ഭാഗ്യകരമായ നിര്യാണത്തില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നുവെന്നും അദ്ദേഹത്തിന്റെ വേദനാജനകമായ നിര്യാണം മൂലം കുടുംബത്തിനും സുഹൃത്തുക്കള്‍ക്കുമുണ്ടായ നികത്താനാവാത്ത നഷ്ടത്തിന് ഹൃദയംഗമമായ അനുശോചനം അറിയിക്കുകയും ചെയ്യുന്നുവെന്നു ഐഎസിഎച്ച്ആര്‍ ട്വീറ്റ് ചെയ്തു. വിയോ ഗ്രോസ്സിയുടെ നിര്യാണത്തില്‍ നിരവധി പ്രോലൈഫ് സംഘടനകളും പ്രമുഖരും ദുഃഖം രേഖപ്പെടുത്തി.

ഗര്‍ഭധാരണം മുതലുള്ള മനുഷ്യജീവനെ വിയോ ഗ്രോസ്സി, കൃത്യമായും സമര്‍ത്ഥമായും പ്രതിരോധിച്ചുവെന്നും അദ്ദേഹത്തിന്റെ വിയോഗം ലോകത്തിന്റേയും മനുഷ്യജീവന്റേയും വലിയ നഷ്ടമാണെന്നും പ്രമുഖ പ്രോലൈഫ് സംഘടനയായ കോസ്റ്ററിക്കയിലെ ‘ഡോക്ടേഴ്സ് ഫോര്‍ ലൈഫ്’ന്റെ അനുശോചന കുറിപ്പില്‍ പറയുന്നു. വളര്‍ന്നുകൊണ്ടിരിക്കുന്ന ആപേക്ഷികതാവാദത്തിനിടയില്‍ സത്യത്തിനു വേണ്ടി സാക്ഷ്യം വഹിച്ച ജഡ്ജിക്ക് വേണ്ടി പ്രാര്‍ത്ഥിക്കണമെന്ന് ബയോഎത്തിക്സ് വിദഗ്ദനായ നിക്കോളാസ് ലാഫെറിയേരെ ട്വീറ്റ് ചെയ്തു. 2010 മുതല്‍ വിയോ ഗ്രോസ്സി ‘മനുഷ്യാവകാശങ്ങള്‍ക്ക് വേണ്ടിയുള്ള അമേരിക്കന്‍ കണ്‍വെന്‍ഷന്‍’ ഉടമ്പടിയിലെ വ്യവസ്ഥകള്‍ പ്രാബല്യത്തില്‍ വരുത്തുന്നുണ്ടോ എന്ന് ഉറപ്പുവരുത്തുവാന്‍ സ്ഥാപിതമായ ‘ഐഎസിഎച്ച്ആര്‍’ല്‍ ജഡ്ജിയായി സേവനം ചെയ്തു വരികയായിരിന്നു.

2018 മുതല്‍ 2019 വരെ കോടതിയുടെ വൈസ് പ്രസിഡന്റായും അദ്ദേഹം സേവനം ചെയ്തിട്ടുണ്ട്. 2021-ല്‍ അബോര്‍ഷനെ ഒരു അവകാശമായി അംഗീകരിക്കുന്ന ഇന്റര്‍-അമേരിക്കന്‍, അന്താരാഷ്ട്ര നിയമ വ്യവസ്ഥയുമില്ലെന്ന് തുറന്ന് പറഞ്ഞ വ്യക്തിയാണ് വിയോ ഗ്രോസ്സി. 2012-ല്‍ കോസ്റ്ററിക്കയില്‍ ഇന്‍ വിട്രോ ഫെര്‍ട്ടിലൈസേഷന്‍ (കൃത്രിമ ബീജസങ്കലനം) ശരിവെച്ച വിധിക്കെതിരേ, പുതുജീവിതം സംബന്ധിച്ച് ദൈവത്താല്‍ സൃഷ്ടിക്കപ്പെട്ട സ്വാഭാവിക ക്രമത്തെ ബഹുമാനിച്ചു കൊണ്ട് തന്റെ നിഷേധ വോട്ടു ചെയ്യുവാനും അദ്ദേഹം മടിച്ചില്ല. വിയോ ഗ്രോസ്സിയുടെ നിര്യാണത്തില്‍ പ്രോലൈഫ് പ്രവര്‍ത്തകരുടെ അനുശോചന പ്രവാഹം തുടരുകയാണ്.

More Archives >>

Page 1 of 807