Arts

ഉണ്ണീശോയെ കൈകളിലേന്തിയ ദൈവമാതാവിന്റെ ചിത്രം പ്രമേയമാക്കി യു‌എസ് തപാല്‍ വകുപ്പിന്റെ പുതിയ ക്രിസ്തുമസ് സ്റ്റാമ്പ്

പ്രവാചകശബ്ദം 08-12-2022 - Thursday

ന്യൂയോര്‍ക്ക്: അമേരിക്കന്‍ തപാല്‍ വകുപ്പ് ഇക്കൊല്ലം പുറത്തിറക്കുന്ന ക്രിസ്തുമസ് സ്റ്റാമ്പില്‍ ഉണ്ണീശോയെ കൈകളിലേന്തിയ പരിശുദ്ധ കന്യകാമാതാവിനെ പ്രമേയമാക്കികൊണ്ടുള്ള ചിത്രം. പതിനാറാം നൂറ്റാണ്ടിന്റെ ആദ്യ പകുതിയില്‍ അജ്ഞാതനായ ഇറ്റാലിയന്‍ കലാകാരന്‍ വരച്ച “വിര്‍ജിന്‍ ആന്‍ഡ് ചൈല്‍ഡ്” എന്ന എണ്ണഛായ ചിത്രമാണ് ക്രിസ്തുമസ് സ്റ്റാമ്പില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഓരോ രണ്ടുവര്‍ഷം കൂടുമ്പോഴും ക്രിസ്തുമസ് സീസണില്‍ അമേരിക്കന്‍ തപാല്‍ വകുപ്പ് പ്രത്യേക സ്റ്റാമ്പ് പുറത്തിറക്കുന്ന പതിവുണ്ട്. അമേരിക്കയിലെ ബോസ്റ്റണിലെ മ്യൂസിയം ഓഫ് ഫൈന്‍ ആര്‍ട്സിലെ (എം.എഫ്.എ) റോബര്‍ട്ട് ഡോസണ്‍ ഇവാന്‍സ് ശേഖരത്തിലാണ് ഇപ്പോള്‍ ഈ പെയിന്റിംഗ് ഉള്ളത്.

വിര്‍ജീനിയയിലെ ചാര്‍ലോട്ടെസ്വില്ലെയിലെ ജേര്‍ണി ഗ്രൂപ്പ് ഡിസൈന്‍ ഫേം എന്ന സ്ഥാപനത്തിന്റെ ക്രിയേറ്റീവ് ഡയറക്ടറും സഹ-സ്ഥാപകനുമായ ഗ്രെഗ് ബ്രീഡിംഗാണ് സ്റ്റാമ്പ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. തന്റെ മടിയിലിരിക്കുന്ന ഉണ്ണിയേശുവിനെ സ്നേഹത്തോടെ നോക്കുന്ന പരിശുദ്ധ കന്യകാമാതാവാണ് ചിത്രത്തിലുള്ളത്. പരിശുദ്ധ അമ്മയുടെ ഒരു കരം ഉണ്ണിയെ ചുറ്റിപ്പിടിച്ച് സംരക്ഷിക്കുമ്പോള്‍ രണ്ടാമത്തെ കരംകൊണ്ട് അവന്റെ കരത്തിൽ സ്പർശിക്കുന്നു. ഉണ്ണീശോ ഫ്രെയിമിൽ നിന്ന് പുറത്തേക്ക് നോക്കുംവിധമാണ് ചിത്രം വരച്ചിരിക്കുന്നതെന്നതും ശ്രദ്ധേയമാണ്.

ലോകത്ത് ഏറ്റവുമധികം ആദരിക്കപ്പെടുന്ന പ്രമേയങ്ങളിലൊന്നായ പരിശുദ്ധ കന്യകാമാതാവിന്റേയും, ഉണ്ണിയേശുവിന്റേയും ചിത്രം വെച്ചുകൊണ്ടുള്ള സ്റ്റാമ്പ് സമര്‍പ്പിക്കുന്നത് ഒരു ബഹുമതിയാണെന്നു അമേരിക്കന്‍ തപാല്‍ വകുപ്പിന്റെ ഓര്‍ഗനൈസേഷന്‍ ഡെവലപ്മെന്റ് വൈസ് പ്രസിഡന്റായ ജെന്നി അട്ടെര്‍ബാക്ക് ബോസ്റ്റണ്‍ മ്യൂസിയത്തില്‍വെച്ച് നടന്ന സ്റ്റാമ്പിന്റെ പ്രകാശന ചടങ്ങില്‍വെച്ച് പറഞ്ഞു. പ്രത്യേക അര്‍ത്ഥമുള്ള ഒരു മനോഹരമായ കലാസൃഷ്ടിയാണ് ഇക്കൊല്ലത്തെ സ്റ്റാമ്പെന്നും അട്ടെര്‍ബാക്ക് കൂട്ടിച്ചേര്‍ത്തു.

1960 മുതല്‍ വിശ്വാസപരമായ പ്രമേയമുള്ള സ്റ്റാമ്പുകള്‍ അമേരിക്കന്‍ പോസ്റ്റല്‍ ഡിപ്പാര്‍ട്ട്മെന്റ് പുറത്തിറക്കുന്നുണ്ട്. “വിര്‍ജിന്‍ ആന്‍ഡ് ചൈല്‍ഡ്” 60 സെന്റ്‌ വിലവരുന്ന ഒന്നാം ക്ലാസ് വിഭാഗത്തില്‍പെട്ട സ്റ്റാമ്പാണ്. ക്രിസ്തുമസ് കാലത്ത് ‘ഹോളിഡേ എല്‍വ്സ്’, ‘സ്നോവി ബ്യൂട്ടി’, ‘വിന്റര്‍ ബ്ലൂംസ്’, ‘ഹനൂക്ക’, ‘ക്വാന്‍സാ’ എന്നിങ്ങനെയുള്ള അവധിക്കാല സ്റ്റാമ്പുകളും അമേരിക്കന്‍ തപാല്‍ വകുപ്പ് പുറത്തിറക്കുന്നുണ്ടെങ്കിലും ‘എക്കാലത്തേക്കും’ എന്ന വിഭാഗത്തിലാണ് ‘വിര്‍ജിന്‍ ആന്‍ഡ് ചൈല്‍ഡ്’ ഉള്‍പ്പെടുന്നത്.


Related Articles »