News
ഇല്ലിനോയിസിലെ സ്റ്റേറ്റ് കാപ്പിറ്റോൾ കെട്ടിടത്തിൽ സാത്താനിക പ്രദർശനം; പ്രതിഷേധം
പ്രവാചകശബ്ദം 11-12-2022 - Sunday
സ്പ്രിംഗ്ഫീല്‍ഡ്: അമേരിക്കന്‍ സംസ്ഥാനമായ ഇല്ലിനോയിസിലെ സ്റ്റേറ്റ് കാപ്പിറ്റോൾ കെട്ടിടത്തിൽ സാത്താനിക് ടെമ്പിൾ എന്ന സംഘടന നടത്തുന്ന പ്രദർശനത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. "സാത്താനിക മൂല്യങ്ങളുടെ" ഓർമ്മപ്പെടുത്തൽ എന്ന വിശേഷണത്തോടെയാണ് "ഹോളിഡേ ഡിസ്പ്ലേ" എന്ന പേരിൽ പ്രദർശനം നടത്തുന്നത്. ലോകമെമ്പാടും ക്രിസ്തുമസിന് ഒരുക്കമായി തിരുപിറവി രംഗങ്ങൾ പ്രദർശിപ്പിക്കുന്ന പശ്ചാത്തലത്തിലാണ് പൈശാചിക പ്രദർശനവുമായി സാത്താൻ ആരാധകർ രംഗത്തെത്തിയിരിക്കുന്നത്. ആപ്പിളിൽ തല ചുറ്റി ഒരു പുസ്തകത്തിൽവെച്ചിരിക്കുന്ന ഒരു സർപ്പത്തെയാണ് സ്റ്റേറ്റ് കാപ്പിറ്റോൾ കെട്ടിടത്തിൽ പ്രദർശിപ്പിച്ചിരിക്കുന്നതെന്നു അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
'ഓൺ ദി റവല്യൂഷൻസ് ഓഫ് ദ ഹെവൻലി സ്പിയേഴ്സ്' എന്ന നിക്കോളാസ് കോപ്പർനിക്കസ് എഴുതിയ പുസ്തകത്തിലാണ് സർപ്പം തലവെച്ചിരിക്കുന്നത്. പുസ്തകം കത്തോലിക്ക സഭ വിലക്കിയിരുന്നു. വിലക്കപ്പെട്ട പുസ്തകങ്ങളെ പറ്റി ആളുകളുടെ ശ്രദ്ധ ആകർഷിക്കാനാണ് ഇത്തരമൊരു പ്രദർശനം സംഘടിപ്പിച്ചതെന്ന് സാത്താനിക് ടെമ്പിൾ പറയുന്നു. ഇത് നാലാമത്തെ തവണയാണ് പൈശാചികമായ പ്രദർശനം ക്രിസ്തുമസ് ട്രീയുടെ സമീപത്ത് സാത്താനിക് ടെമ്പിൾ നടത്തുന്നത്.
ദൈവവുമായി നിത്യതയിൽ ആയിരിക്കാനാണ് ക്രൈസ്തവ വിശ്വാസികൾ ആഗ്രഹിക്കുന്നതെന്നും, സാത്താനെ ആരാധിക്കുന്നവർക്ക്, അവനോടും, അവന്റെ കൂട്ടാളികളോടും ഒപ്പം നരകത്തിന്റെ വേദന അനുഭവിക്കേണ്ടി വരുമെന്നും സ്പ്രിങ്ഫീൽഡ് ബിഷപ്പ് തോമസ് പാപ്പറോക്കി മുന്നറിയിപ്പ് നല്‍കി. ഓരോ കാര്യവും തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ആളുകൾക്കുണ്ടെന്നും. പാപികളുടെ മാനസാന്തരത്തിനും, അവരുടെ നിത്യ രക്ഷയ്ക്കും വേണ്ടി പ്രാർത്ഥിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്കൂളുകളിൽ സാത്താന്‍ ക്ലബ്ബുകൾ അടക്കം തുടങ്ങാൻ അടുത്തിടെ സാത്താനിക് ടെമ്പിൾ ശ്രമം ആരംഭിച്ചിരുന്നു. ഇതിനെതിരെ വലിയ പ്രതിഷേധമാണ് ഉയര്‍ന്നത്.