News

പിശാചിന് സമർപ്പിച്ച് സാത്താനിക ശുശ്രൂഷകൾ ചെയ്ത മനുഷ്യന്‍ വിശുദ്ധ പദവിയിലെത്തിയ സംഭവക്കഥ

ജിൽസ ജോയ് / പ്രവാചകശബ്ദം 06-10-2024 - Sunday

പൗരോഹിത്യ സ്വീകരണ ചടങ്ങിന്റെ അന്ന് സ്വന്തം വീട്ടിലെ ഒരാൾ പോലും ചടങ്ങിന് എത്താതിരുന്ന നിർഭാഗ്യവാൻ.. എന്തേ അവർ ആരും വന്നില്ല? ആ ചടങ്ങിനെ പറ്റി അറിഞ്ഞിരുന്നെങ്കിൽ പോലും അവർ വരുമായിരുന്നില്ല, മാത്രമല്ല ദൈവത്തെ പ്രകീർത്തിച്ചുള്ള സ്തുതിപ്പുകളേ ആയിരുന്നില്ല അവിടെങ്ങും മുഴങ്ങി കേട്ടത്… ആക്രോശങ്ങളും ശാപവാക്കുകളും ദൈവനിന്ദയും! കാരണം? അവൻ അഭിഷിക്തനാകുന്നത് ഒരു സാത്താനിക പുരോഹിതനായിട്ടായിരുന്നു!

തീർന്നില്ല, തന്റെ ആത്മാവിനെ പിശാചിന് സമർപ്പിച്ച്, സാത്താനിക ശുശ്രൂഷകൾ ചെയ്ത്, ദൈവദൂഷണം പറഞ്ഞ്, ദൈവത്തെ ഏത് വിധേനയും നിന്ദിച്ചു കൊണ്ടിരുന്ന ആൾ മരണശേഷം കത്തോലിക്കാ സഭയിലെ വാഴ്ത്തപ്പെട്ടവരിൽ ഒരാളായി തീർന്നു! വിശ്വസിക്കാൻ പറ്റുന്നുണ്ടോ? വിശ്വസിച്ചേ മതിയാകൂ. അവിടെയാണ് ജപമാല ചൊല്ലുന്നതിന്റെയും പരിശുദ്ധ അമ്മയുടെ മാധ്യസ്ഥത്തിന്റെയും ശക്തി എത്ര മടങ്ങെന്ന് വെളിപ്പെടുന്നത്. ആ മനുഷ്യനാണ് ‘ജപമാലയുടെ അപ്പസ്തോലൻ’ എന്ന് വിശുദ്ധ ജോൺപോൾ രണ്ടാമൻ പാപ്പ വിളിച്ച, വാഴ്ത്തപ്പെട്ട ബർത്തലോ ലോംഗോ.

നല്ലൊരു കത്തോലിക്ക കുടുംബത്തിൽ ജനിച്ച ബർത്തലോമിയോ ലോംഗോ, പത്താം വയസ്സിൽ അമ്മ മരിച്ചതിൽ പിന്നെയാണ് വിശ്വാസത്തിൽ നിന്നകലാൻ തുടങ്ങിയത്. അവന്റെ കൗമാരകാലം ഇറ്റലിയിൽ പ്രക്ഷോഭത്തിന്റെ സമയമായിരുന്നു. മാർപാപ്പ രാഷ്ട്രത്തെ ഇല്ലാതാക്കിയുള്ള ഒരു ഏകീകൃത ഇറ്റലിക്കായി ഗാരിബാൾഡി ശ്രമിച്ചു കൊണ്ടിരുന്ന സമയം.

1861ൽ, ഒരു അഭിഭാഷകനാവാൻ നേപ്പിൾസ് സർവ്വകലാശാലയിൽ പഠിച്ചുകൊണ്ടിരുന്ന ബർത്തലോയുടെ ചില പ്രൊഫസർമാർ സഭക്കെതിരെ വിഷം ചീറ്റുന്ന മുൻ പുരോഹിതൻമാരായിരുന്നു. അവർ മൂലം കത്തോലിക്കപുരോഹിതരോടും പോപ്പിനോടും ഉണ്ടായി വന്ന വെറുപ്പ് വളർന്ന്, അവൻ ആദ്യം ഒരു നിരീശ്വരവാദിയും പിന്നീട് സാത്താനിക പുരോഹിതനുമായി. പക്ഷേ ഉള്ളിൽ ശൂന്യതയും ഇരുട്ടും നിരാശയും വളർന്ന് അവൻ ഭ്രാന്ത്‌ പിടിക്കുന്ന ഒരവസ്ഥയിൽ എത്തി. ആകെ ക്ഷീണിച്ചു എല്ലും തോലുമായി. അവന്റെ കുടുംബം അവനായി പ്രാർത്ഥിച്ചുകൊണ്ടിരുന്നു.

പ്രാർത്ഥനയുടെ ഫലം എന്ന പോലെ, വിൻസെൻസോ പെപ്പെ എന്ന് പേരുള്ള കത്തോലിക്കപ്രൊഫസർ അവനോട് സംസാരിക്കാനാരംഭിച്ചു. 'നിനക്ക് ഭ്രാന്താശുപത്രിയിലേക്ക് പോകണോ? നിന്റെ ആത്മാവ് നിത്യനാശത്തിൽ ഒടുങ്ങണോ, വേണ്ടെങ്കിൽ സഭയിലേക്ക് തിരിച്ചുവരൂ' എന്നൊക്കെ പറഞ്ഞു അവന്റെ മനസ്സ് മാറ്റാൻ തുടങ്ങി. ഏതാണ്ട് അതേ സമയത്ത് അവന്റെ മരിച്ചു പോയ പിതാവ്, “ദൈവത്തിലേക്ക് തിരിച്ചുവരൂ” എന്ന് വീണ്ടും വീണ്ടും പറയുന്നതായി അവൻ കേട്ടു. പെപ്പെയിലൂടെ ബർത്തലോ, ഡൊമിനിക്കൻ പുരോഹിതനായ ആൽബർട്ടിലേക്കും പിന്നീട് സഭയുടെ അനുരഞ്ജന കൂദാശയിലേക്കും എത്തി.

ഡൊമിനിക്കൻ മൂന്നാം സഭയിൽ അംഗമായി. സാത്താനിക പൗരോഹിത്യം ഉപേക്ഷിച്ചിട്ടും ബർത്തലോക്ക് നിരാശയിൽ നിന്ന് പൂർണ്ണമോചനം കിട്ടിയില്ല. ക്രിസ്തുവിന്റെ പൗരോഹിത്യം നിത്യമാണെങ്കിൽ, സാത്താന്റെ പുരോഹിതനായി അവന് ആത്മാവിനെ സമർപ്പിച്ച തന്റെ പൗരോഹിത്യവും നിത്യമായിരിക്കില്ലേ? എക്കാലവും താൻ സാത്താന്റെ അടിമയായിരിക്കും, നരകത്തിലേ താൻ ചെന്നുചേരൂ എന്നൊക്കെ ചിന്തിച്ചു നിരാശയുടെ ആഴത്തിലേക്ക് പോയ ബർത്തലോ ആത്മഹത്യയുടെ വക്കത്തെത്തി.

അപ്പോഴാണ് പരിശുദ്ധ അമ്മ വിശുദ്ധ ഡൊമിനിക്കിന് കൊടുത്ത വാഗ്ദാനത്തെ ഓർമിപ്പിച്ചുകൊണ്ട്, ഫാ. ആൽബർട്ട് പറയും പോലെ ഒരു വാചകം വീണ്ടും വീണ്ടും അവന്റെ ചെവിയിൽ വന്നലച്ചത്, ജപമാലഭക്തി പ്രചരിപ്പിക്കുന്നവർ രക്ഷപ്പെടുമെന്നും , അവരുടെ ആവശ്യങ്ങളിൽ പരിശുദ്ധ അമ്മ അവരെ സഹായിക്കും എന്നുമുള്ള ഉറപ്പായിരുന്നു അത്.

“മുട്ടിൽ വീണ് ഞാൻ പറഞ്ഞു, ‘ജപമാലഭക്തി പ്രചരിപ്പിക്കുന്നവർ രക്ഷപ്പെടും’എന്ന നിന്റെ വാക്ക് സത്യമാണെങ്കിൽ ഞാൻ രക്ഷ പ്രാപിക്കും കാരണം ജപമാലഭക്തി പ്രചരിപ്പിക്കാതെ ഞാൻ ഈ ലോകം വിട്ടുപോവില്ല”... ബർത്തലോയുടെ വാക്കുകൾ.

പോംപേയിൽ വെച്ചായിരുന്നു അതുണ്ടായത്. പോംപേയിൽ നിന്നാരംഭിച്ചതാണ് ബർത്തലോ അവന്റെ വാക്ക് പാലിക്കാൻ. ഈ ലോകം വിട്ടുപോകുന്നത് വരെ അത് അഭംഗുരം തുടർന്നു. സ്കൂളുകൾ, ഓർഫനേജുകൾ, ജപമാലയെക്കുറിച്ച് പുസ്തകങ്ങൾ, നൊവേന - പ്രാർത്ഥന രചനകൾ, ജപമാല കൂട്ടായ്മകൾ എന്ന് വേണ്ട, പോംപേ മാതാവിന്റെ ബസിലിക്കയുടെ നിർമ്മാണത്തിന് പിന്നിൽ പോലും ബർത്തലോ ലോംഗോ ആണ്.

ജപമാലപ്രചാരകനായ പണ്ടത്തെ ആ സാത്താനിക പുരോഹിതൻ, വലിയ ജപമാലഭക്തനായിരുന്ന, ‘ജപമാലയുടെ പാപ്പ ‘ എന്നറിയപ്പെടുന്ന, ലിയോ പതിമൂന്നാമൻ പാപ്പയുമായി സൗഹൃദത്തിലായി. പാപ്പയുടെ നിർദ്ദേശപ്രകാരമാണ് വിധവയായിരുന്ന പ്രഭ്വി മരിയാന ഡി ഫുസ്‌കോയെ ബർത്തലോ വിവാഹം കഴിച്ചത്. അവർ ഒന്നിച്ച് ജപമാല സഖ്യങ്ങൾക്ക് നേതൃത്വം കൊടുത്തു. പോംപേയിൽ ബർത്തലോ തുടങ്ങിവെച്ച ആത്മീയവിപ്ലവമാണ്, 1950 ൽ പരിശുദ്ധ അമ്മയുടെ സ്വർഗ്ഗാരോപണം വിശ്വാസസത്യമായി പ്രഖ്യാപിക്കുന്നതിലേക്ക് നയിക്കുന്ന പ്രധാന കണ്ണിയായത്.

തീർന്നില്ല, ബർത്തലോയുടെ ചിന്തകളിൽ നിന്നും രചനകളിൽ നിന്നുമാണ് വിശുദ്ധ ജോൺപോൾ രണ്ടാമൻ പാപ്പക്ക് പ്രകാശത്തിന്റെ രഹസ്യങ്ങൾ ജപമാലയിൽ കൂട്ടിചേർക്കാനുള്ള പ്രചോദനവും മാർഗ്ഗരേഖയും ലഭിച്ചത്.

1926ൽ ദൈവസന്നിധിയിലേക്ക് യാത്രയായ ബർത്തലോയെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ച വിശുദ്ധ ജോൺപോൾ രണ്ടാമൻ പാപ്പ, തന്റെ ചാക്രികലേഖനമായ ‘റൊസാരിയും വീർജിനിസ് മരിയേ’ (കന്യകാമറിയത്തിന്റെ ജപമാല ) അവസാനിപ്പിക്കുന്നത് ബർത്തലോമിയോ ലോംഗോയുടെ ഹൃദയസ്പർശിയായ വാക്കുകളോടെയാണ്, തന്നെ രക്ഷിച്ച പരിശുദ്ധ അമ്മയുടെ ജപമാലയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ വാക്കുകൾ.

“മറിയത്തിന്റെ വാഴ്ത്തപ്പെട്ട ജപമാലയേ, ഞങ്ങളെ ദൈവത്തോട് ഐക്യപ്പെടുത്തുന്ന മാധുര്യമുള്ള ചങ്ങലയേ, മാലാഖമാരോട് ഞങ്ങളെ ഒന്നിപ്പിക്കുന്ന സ്നേഹബന്ധനമേ, നരകത്തിന്റെ ആക്രമണങ്ങൾക്കെതിരെയുള്ള രക്ഷയുടെ ഗോപുരമേ, ഞങ്ങളുടെ സാർവ്വത്രിക കപ്പൽഛേതത്തിൽ സുരക്ഷിതമായ തുറമുഖമേ, ഞങ്ങൾ നിന്നെ ഒരിക്കലും ഉപേക്ഷിക്കുകയില്ല. മരണത്തിന്റെ മണിക്കൂറിൽ നീ ഞങ്ങളുടെ ആശ്വാസമായിരിക്കും. ജീവൻ കടന്നുപോകുമ്പോൾ ഞങ്ങളുടെ അവസാനചുംബനം നിനക്കുള്ളതായിരിക്കും. പോംപേയിലെ ജപമാലറാണി, ഏറ്റവും പ്രിയപ്പെട്ട അമ്മേ, പാപികളുടെ സങ്കേതമേ, പീഡിതരുടെ പരമോത്കൃഷ്ട ആശ്വാസദായികേ, ഞങ്ങളുടെ അവസാനവാക്ക് മധുരിക്കുന്ന നിന്റെ നാമമായിരിക്കും. നീ എല്ലായിടത്തും വാഴ്ത്തപ്പെടട്ടെ. ഇന്നും എപ്പോഴും സ്വർഗ്ഗത്തിലും ഭൂമിയിലും".

ഈ ജപമാലമാസത്തിൽ, ജപമാല എന്ന ആത്മീയ ആയുധത്തെക്കുറിച്ച് വേറെ എന്ത് സാക്ഷ്യമാണ് നമുക്ക് വേണ്ടത്? ജപമാലഭക്തി ജീവിതാവസാനം വരെ പ്രചരിപ്പിച്ച് വിശുദ്ധനായി മരിച്ച, ബർത്തലോ ലോംഗോയെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കുന്ന ചടങ്ങിൽവെച്ച്, 1980ൽ വിശുദ്ധ ജോൺപോൾ രണ്ടാമൻ പാപ്പ പറഞ്ഞു.

“ജപമാല കയ്യിൽ പിടിച്ചുകൊണ്ട്, വാഴ്ത്തപ്പെട്ട ബർത്തലോ ലോംഗോ നമ്മൾ ഓരോരുത്തരോടും പറയുന്നു, ഏറ്റം പരിശുദ്ധ ജപമാലരാജ്ഞിയിലുള്ള നിങ്ങളുടെ വിശ്വാസത്തെ ഉണർത്തുക, വന്ദ്യയായ പരിശുദ്ധ അമ്മേ, അങ്ങയിൽ ഞാൻ അർപ്പിക്കുന്നു, എന്റെ മുഴുവൻ ക്ലേശങ്ങളും, മുഴുവൻ ശരണവും മുഴുവൻ പ്രതീക്ഷയും"!


Related Articles »