News - 2024

ലോകയുവജന സമ്മേളനത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്നു; വിവിധ രാജ്യങ്ങളിലെ സംഘങ്ങള്‍ പുറപ്പെടുവാന്‍ തയ്യാറെടുക്കുന്നു

സ്വന്തം ലേഖകന്‍ 21-07-2016 - Thursday

വാഷിംഗ്ടണ്‍/ലാഹോര്‍: ലോകയുവജന സമ്മേളനത്തില്‍ പങ്കെടുക്കുവാന്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ലക്ഷക്കണക്കിനു യുവജനങ്ങള്‍ അന്തിമ തയ്യാറെടുപ്പുകള്‍ നടത്തുകയാണ്. ഇത്തവണ യുഎസില്‍ നിന്നും 40,000 പേരാണ് സമ്മേളനത്തില്‍ പങ്കെടുക്കുവാനായി പോളണ്ടിലേക്ക് പോകുന്നത്. ക്രൈസ്തവ പീഡനങ്ങള്‍ക്ക് പേരു കേട്ട ഇറാഖില്‍ നിന്ന്‍ 200 പേരും പാക്കിസ്ഥാനില്‍ നിന്നും 11 പേരും പോളണ്ടിലെ ലോകയുവജന സമ്മേളനത്തില്‍ പങ്കെടുക്കും. സമ്മേളനത്തില്‍ പങ്കെടുക്കുവാനുള്ള തയാറെടുപ്പുകള്‍ മിക്ക രാജ്യങ്ങളിലും പൂര്‍ത്തിയായികഴിഞ്ഞു.

യുഎസില്‍ നിന്നും രജിസ്റ്റര്‍ ചെയ്ത യുവാക്കള്‍ക്കു വേണ്ടി പ്രത്യേക ക്രമീകരണങ്ങള്‍ പോളണ്ടില്‍ ഒരുക്കുവാനും അവരെ നയിക്കുവാനുമായി 13 ബിഷപ്പുമാരാണ് യാത്ര തിരിച്ചിരിക്കുന്നത്. ആരാധനയ്ക്കും പഠനങ്ങള്‍ക്കും ഇവര്‍ നേതൃത്വം നല്‍കും. നൂറില്‍ അധികം ബിഷപ്പുമാര്‍ സമ്മേളനത്തിനായി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും എത്തും.

ജൂലൈ 24-നു പോളണ്ടിലേക്ക് പോകുന്ന പാക്കിസ്ഥാനില്‍ നിന്നുള്ള സംഘം യാത്ര തിരിക്കുന്നതിനു മുമ്പ് പാക്കിസ്ഥാന്‍ സഭയുടെ വാര്‍ഷിക യുവജനസമ്മേളനത്തില്‍ പങ്കെടുത്തു. അഞ്ചു ദിനങ്ങള്‍ നീണ്ടു നിന്ന വാര്‍ഷിക യുവജനസമ്മേളനം ജൂലൈ 17നാണ് അവസാനിച്ചത്. പാക്കിസ്ഥാന്‍ സംഘത്തെ ലാഹോര്‍ ആര്‍ച്ച് ബിഷപ്പ് സെബാസ്റ്റിന്‍ ഷായാണ് നയിക്കുന്നത്. സംഘത്തിലെ ഹാരൂണ്‍ താരിഖ് എന്ന 19-കാരന് ഇതു രണ്ടാം തവണയാണ് മാര്‍പാപ്പയെ കാണുവാനുള്ള അവസരം ലഭിക്കുന്നത്. ഫ്രാന്‍സിസ് പാപ്പ ശ്രീലങ്കയില്‍ വന്നപ്പോള്‍ താരിഖ് അവിടെ പോയി മാര്‍പാപ്പയെ കണ്ടിരുന്നു.

പോളണ്ടിലെ സമ്മേളനത്തില്‍ പങ്കെടുക്കുവാന്‍ സാധിക്കാത്തവര്‍ക്കായി മൊബൈലില്‍ പ്രത്യേക ആപ്ലിക്കേഷനും ഒരുക്കിയിട്ടുണ്ട്. വിര്‍ച്വല്‍ പില്‍ഗ്രിമേജ് എന്ന രീതിയിലാണ് ഇത് തയ്യാറാക്കപ്പെട്ടിരിക്കുന്നത്. പോളണ്ടിലെ പരിപാടികളുടെ 360 ഡ്രിഗ്രിയില്‍ വീക്ഷിക്കാവുന്ന ചിത്രങ്ങള്‍ ഈ ആപ്ലിക്കേഷനില്‍ ലഭ്യമാക്കും. അനുദിനം വായിക്കേണ്ട വചനഭാഗങ്ങളും പോളണ്ടില്‍ നടക്കുന്ന വിവിധ പ്രസംഗങ്ങളും ധ്യാന ചിന്തകളും പരിപാടികളുടെ റിപ്പോര്‍ട്ടുകളും അടങ്ങുന്ന വിവരങ്ങള്‍ പുതിയ ആപ്ലിക്കേഷനിലൂടെ ലഭ്യമാകും. യുഎസില്‍ നിന്നും വരുന്നവര്‍ ഒരുമിച്ച് പോളണ്ടില്‍ പ്രത്യേക വിശുദ്ധ ബലിയും അര്‍പ്പിക്കുന്നുണ്ട്.


Related Articles »