News - 2025

ഫാ. സ്റ്റാൻ സ്വാമിയെ കേസില്‍ കുടുക്കാന്‍ തെളിവ് കെട്ടിച്ചമച്ച സംഭവം: കേന്ദ്രത്തിനെതിരെ വ്യാപക പ്രതിഷേധം

പ്രവാചകശബ്ദം 15-12-2022 - Thursday

ന്യൂഡൽഹി: മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഫാ. സ്റ്റാൻ സ്വാമിയെ കേസില്‍ കുടുക്കാന്‍ തെളിവ് കെട്ടിച്ചമച്ച സംഭവത്തില്‍ രാജ്യമെമ്പാടും പ്രതിഷേധം. അന്വേഷണ ഏജൻസികൾക്കും കേന്ദ്രസർക്കാരിനും എതിരേ വിമർശനവുമായി കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാർട്ടികളും സാമൂഹിക പ്രവർത്തകരും രംഗത്തെത്തി. സ്റ്റാൻ സാമിക്ക് നീതി ഉറപ്പാക്കണം എന്നാവശ്യപ്പെട്ട് ലോക്സഭയിൽ എംപിമാർ പോസ്റ്ററുകളും ഉയർത്തി.

ലോക് സഭയിൽ ആന്റോ ആന്റണിയാണ് വിഷയം ഉന്നയിച്ചത്. സ്റ്റാൻ സ്വാമിയുടേത് കസ്റ്റഡിയിൽ കഴിയുമ്പോഴുള്ള മരണമായിരുന്നില്ലെന്നും ക്രൂരമായ കൊലപാതകം എന്നു തന്നെ പറയേണ്ടിവരുമെന്നും ആന്റോ ആന്റണി എം‌പി ലോക്സഭയിൽ ആരോപിച്ചു. വൈദികനു നേരെയുള്ള തെളിവുകൾ മിക്കതും കെട്ടിച്ചമച്ചതായിരുന്നുവെന്ന അമേരിക്കൻ ഫോറൻസിക് സ്ഥാപനത്തിന്റെ റിപ്പോർട്ട് ഞെട്ടിക്കുന്നതാണെന്നും ആന്റോ ആന്റണി ചൂണ്ടിക്കാട്ടി.

83 വയസുള്ള വയോധികനായ വൈദികനെ അന്വേഷണ ഏജൻസികൾ ക്രൂരമായി പീഡിപ്പിച്ചപ്പോൾ സർക്കാർ മൗനം പാലിച്ചു. പിന്നീട് അതിനെ അപലപിച്ച് ഐക്യരാഷ്ട്ര സംഘടന വരെ രംഗത്തെത്തുകയും ചെയ്തു. നിരാലംബരായ നിരവധി മനുഷ്യരുടെ ആശയവും സഹായവുമായിരുന്ന മനുഷ്യനെ ഒരു തെളിവും ഇല്ലാതിരുന്നിട്ടും ജയിലിലിട്ട് പീഡിപ്പിച്ചു. അദ്ദേഹത്തിനെതിരായ തെളി വുകൾ മിക്കതും കെട്ടിച്ചമച്ചതായിരുന്നു എന്ന അമേരിക്കൻ ഫോറൻസിക് സ്ഥാപന ത്തിന്റെ റിപ്പോർട്ട് ഞെട്ടിക്കുന്നതാണെന്നും ആന്റോ ആന്റണി ചൂണ്ടിക്കാട്ടി. ഇങ്ങനെയാണ് ഒരു ജനാധിപത്യരാജ്യം സ്വന്തം ജനതയോട് പെരുമാറുന്നതെന്നും കോടതികൾ ആത്മപരിശോധന നടത്തണമെന്നും കോൺഗ്രസ് നേതാവ് സൽമാൻ അനീസ് സോസ് ട്വിറ്ററിൽ കുറിച്ചു.

ഈ രീതിയിലാണു തെളിവുക ൾ ഉണ്ടാക്കുന്നതെങ്കിൽ, നിരവധി പേരെ പല കുറ്റങ്ങളും ചുമത്തി ജയിലിൽത്തള്ളാൻ സാധിക്കുമെന്ന് കോൺഗ്രസ് നേതാവ് ദിനേശ് ഗുണ്ടുറാവു ട്വിറ്ററിൽ ആരോപിച്ചു. സ്റ്റാൻ സ്വാമി അറസ്റ്റിലാകുന്നതിന്റെ തലേദിവസം വരെ ഹാക്കിംഗ് നടന്നതായും പെ ഗാസസ് ഹാക്കിംഗ് സോഫ്റ്റ്വേർ ഇന്ത്യൻ സർക്കാർ വാങ്ങിയിരുന്നെന്നും പ്രശാന്ത് ഭൂഷൻ പറഞ്ഞപ്പോൾ ആരാണ് സ്റ്റാൻ സ്വാമിയെ കൊന്നതെന്ന് നടൻ പ്രകാശ് രാജ് ട്വിറ്ററിൽ ചോദ്യമുയര്‍ത്തി.

നിരവധി മനുഷ്യാവകാശ പ്രവര്‍ത്തകരും പുതിയ വെളിപ്പെടുത്തലില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിട്ടുണ്ട്. അമേരിക്കൻ ഫോറൻസിക് സ്ഥാപനമായ ആഴ്സണൽ കൺസള്‍ട്ടിംഗാണ് കേസിൽ കുടുക്കാനായി ഫാ. സ്റ്റാൻ സ്വാമിയുടെ ലാപ്ടോപ്പിൽ ഹാക്കിങിലൂടെ രേഖകൾ സ്ഥാപിച്ചുവെന്നു ഇക്കഴിഞ്ഞ ദിവസം കണ്ടെത്തിയിരിക്കുന്നത്.

More Archives >>

Page 1 of 808