News - 2025
ഫ്രാന്‍സിസ് പാപ്പയുടെ കോംഗോ സന്ദര്‍ശനത്തിന് മുന്നോടിയായി നോബേല്‍ പുരസ്കാര ജേതാവുമായി കൂടിക്കാഴ്ച
പ്രവാചകശബ്ദം 10-12-2022 - Saturday
വത്തിക്കാന്‍ സിറ്റി: കാല്‍മുട്ടിലെ വേദന കാരണം നീട്ടിവെച്ച ഫ്രാന്‍സിസ് പാപ്പയുടെ കോംഗോ, സുഡാന്‍ അപ്പസ്തോലിക സന്ദര്‍ശനം അടുത്ത മാസം ആരംഭിക്കുവാനിരിക്കെ കോംഗോ സ്വദേശിയും സമാധാനത്തിനുള്ള നോബേല്‍ പുരസ്കാര ജേതാവുമായ ഡെനിസ് മുക്വേഗേയുമായി പാപ്പ കൂടിക്കാഴ്ച നടത്തി. ലൈംഗീകാതിക്രമത്തിന് ഇരയായവര്‍ക്കിടയില്‍ നടത്തുന്ന ചികിത്സയുടെ പേരില്‍ പ്രസിദ്ധനും, പ്രമുഖ ഗൈനക്കോളജിസ്റ്റുമായ മുക്വെഗേയുമായി ഇന്നലെ ഡിസംബര്‍ 9-നാണ് പാപ്പ കൂടിക്കാഴ്ച നടത്തിയത്. ജനുവരി 31 മുതല്‍ ഫെബ്രുവരി 5 വരേയാണ് പാപ്പയുടെ കോംഗോ, സുഡാന്‍ സന്ദര്‍ശനം.
പാപ്പയുടെ സന്ദര്‍ശനം കോംഗോയില്‍ ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങളില്‍ വെളിച്ചം വീശുമെന്ന്‍ പ്രതീക്ഷിക്കുന്നതായി ‘വത്തിക്കാന്‍ ന്യൂസ്’ന് നല്‍കിയ അഭിമുഖത്തില്‍ ഡെനിസ് പറഞ്ഞു. റുവാണ്ടയിൽ ന്യൂനപക്ഷമായ ടുട്സി വംശജരെ ഭൂരിപക്ഷമായ ഹുടു വംശജർ കൊന്നൊടുക്കിയ അതേ തെറ്റ് തന്നെയാണ് അന്താരാഷ്ട്ര സമൂഹം ഇപ്പോള്‍ കോംഗോയോട് ചെയ്യുന്നതെന്നും ഡോക്ടര്‍ കൂട്ടിച്ചേര്‍ത്തു. ഇന്ന്‍ റുവാണ്ടന്‍ പിന്തുണയുള്ള ഗറില്ലകള്‍ കോംഗോ സ്വദേശികളെ കൊന്നൊടുക്കുകയാണ്. ഇത് മാനുഷികതക്ക് നിരക്കാത്ത കുറ്റകൃത്യമാണ്. യുദ്ധക്കുറ്റങ്ങളും വംശഹത്യാ കുറ്റം തന്നെയാണ്. 1994-ല്‍ ചെയ്തതുപോലെ അന്താരാഷ്ട്ര സമൂഹം ഇപ്പോഴും തങ്ങളുടെ കണ്ണുകള്‍ അടച്ചുപിടിച്ചിരിക്കുകയാണെന്നും മുക്വേഗേ പറഞ്ഞു.
Today, I had the honor of meeting His Holiness Pope Francis @Pontifex at the Vatican. We discussed the humanitarian crisis in #DRC, and the imperative of justice, consolidation of democracy, and establishment of peace. https://t.co/m9mkbcTjqB
— Denis Mukwege (@DenisMukwege) December 9, 2022
കോംഗോയിലെ സായുധ വിമത പോരാളി സംഘടനയായ ‘എം23’ രണ്ട് ഗ്രാമങ്ങള്‍ ആക്രമിച്ച് 131 പേരേ കൂട്ടക്കൊല ചെയ്തുവെന്നാണ് ഐക്യരാഷ്ട്രസഭയുടെ ഡിസംബര്‍ 8-ലെ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇക്കഴിഞ്ഞ ഒക്ടോബറില്‍ ഇസ്ലാമിക് സ്റ്റേറ്റിനോട് അനുഭാവം പുലര്‍ത്തുന്ന അലൈഡ് ഡെമോക്രാറ്റിക് ഫോഴ്സ് എന്ന ഇസ്ലാമിക തീവ്രവാദി സംഘടന വടക്കന്‍ കിവുവിലെ കത്തോലിക്കാ മിഷന്‍ ആശുപത്രി ആക്രമിച്ച് 6 രോഗികളേയും ഒരു കന്യാസ്ത്രീയേയും കൊലപ്പെടുത്തിയിരിന്നു. ആക്രമണത്തെ ‘ഭീകരം’ എന്ന് വിളിച്ച മുക്വേഗേ സന്യാസിനികളുടെ മൃതദേഹം അടക്കം ചെയ്യുന്ന ദിവസം സമാധാനപരമായി പ്രകടനം നടത്തണമെന്ന് കോംഗോയിലെ ഡോക്ടര്‍മാരോട് ആഹ്വാനവും ചെയ്തിരുന്നു.
അക്രമങ്ങള്‍ക്കും, വിമത പോരാട്ടങ്ങള്‍ക്കുമിടയില്‍ മുക്വേഗേ തന്റെ ജന്മനാടായ ബുകാവുവില്‍ 2008-ല്‍ ഒരു ആശുപത്രി തുറന്നിരിന്നു. മാനഭംഗത്തിനും, ലൈംഗീകാതിക്രമത്തിനും ഇരയായ ആയിരകണക്കിന് സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കുമാണ് അദ്ദേഹം ഇവിടെ ചികിത്സ നല്‍കിയത്. കൂട്ടബലാല്‍സംഗത്തിനിരയാകുന്ന സ്ത്രീകളുടെ ആന്തരിക മുറിവുകള്‍ ചികിത്സിക്കുന്നതില്‍ ലോകത്തില്‍ മുന്‍നിരയില്‍ നില്‍ക്കുന്ന വിദഗ്ദരില്‍ ഒരാളാണ് മുക്വേഗേ. 2018-ലെ സമാധാനത്തിനുള്ള നോബേല്‍ പുരസ്കാരം, ഇസ്ലാമിക് സ്റ്റേറ്റിന്റെ തടവില്‍ നിന്നും മോചിതയായ ശേഷം അടിച്ചമര്‍ത്തപ്പെടുന്ന ഇറാഖി മതന്യൂനപക്ഷങ്ങള്‍ക്ക് വേണ്ടി നിലകൊള്ളുന്ന നാദിയ മുറാദുമായിട്ടാണ് മുക്വേഗേ പങ്കിട്ടത്. പാപ്പയുടെ സന്ദര്‍ശനം കാരണം ലഭിക്കുന്ന മാധ്യമശ്രദ്ധ കോംഗോയിലെ അതിക്രമങ്ങള്‍ തടയുന്നതിനുള്ള നടപടികള്‍ കൈകൊള്ളുവാന്‍ അന്താരാഷ്ട്ര അധികാരികളെ പ്രേരിപ്പിക്കും എന്ന പ്രതീക്ഷയിലാണ് മുക്വേഗേ.