Faith And Reason
ഗ്വാഡലൂപ്പ മാതാവിന്റെ തിരുനാളില്‍ ഭക്ത്യാദരപൂര്‍വം പങ്കുചേര്‍ന്ന് സ്വതന്ത്ര ലൂഥറന്‍ വിഭാഗങ്ങളും
പ്രവാചകശബ്ദം 19-12-2022 - Monday
ലോസ് ആഞ്ചലസ്: 1531-ല്‍ മെക്സിക്കോയിലെ തദ്ദേശീയനായ ജുവാന്‍ ഡീഗോക്ക് പരിശുദ്ധ കന്യകാമാതാവ് നല്‍കിയ അത്ഭുതകരമായ ദര്‍ശനത്തിന്റെ ഓര്‍മ്മപുതുക്കലായ ഗ്വാഡലൂപ്പ മാതാവിന്റെ തിരുനാള്‍ ലോകമെമ്പാടുമുള്ള കത്തോലിക്കര്‍ ഡിസംബര്‍ 12-ന് സമുചിതമായി ആഘോഷിച്ചപ്പോള്‍, ആഘോഷങ്ങളില്‍ പങ്കുചേര്‍ന്ന് സ്വതന്ത്ര ലൂഥറന്‍ വിഭാഗങ്ങളും. ഇഗ്ലേസ്യ ലൂഥറന്‍ സാന്താ മരിയ പെരെഗ്രീന എന്ന സ്വതന്ത്ര ലൂഥറന്‍ ലാറ്റിനോ വിഭാഗത്തിന്റെ ഗ്വാഡലൂപ്പ മാതാവിന്റെ തിരുനാള്‍ ആഘോഷങ്ങള്‍ വേറിട്ടതായി. കാലിഫോര്‍ണിയയിലെ സെന്‍ട്രല്‍ വാലിയില്‍ ഡിസംബര്‍ 11 ഞായറാഴ്ച നടന്ന ആഘോഷത്തില്‍ അസ്ടെക് നൃത്തക്കാരും, മരിയാച്ചികളും വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ മാതാവിന്റെ രൂപത്തെ വരവേറ്റു.
ലൂഥറന്‍ സമൂഹമായിരുന്നിട്ട് പോലും മാതാവിന്റെ തിരുനാള്‍ ആഘോഷിക്കുന്നുവെന്നത് അര്‍ത്ഥവത്തായ കാര്യമാണെന്നു തിരുനാള്‍ ആഘോഷത്തില്‍ പങ്കുകൊണ്ട ലൂഥറന്‍ സമൂഹാംഗമായ ജോവിറ്റ ടോറസ് പറയുന്നു. എപ്പിസ്കോപ്പലിയന്‍, ലൂഥറന്‍ പോലെയുള്ള പ്രൊട്ടസ്റ്റന്‍റ് വിഭാഗങ്ങള്‍ക്കും തിരുനാളുമായി ബന്ധമുണ്ട്. ‘ദി സീ എപ്പിസ്കോപ്പല്‍ സഭ’ സൗത്ത് ഓറഞ്ച് കൗണ്ടിയിലെ സെന്റ് ക്ലമന്റ്സ് ദേവാലയത്തില്‍ സംഘടിപ്പിച്ച ഗ്വാഡലൂപ്പ മാതാവിന്റെ തിരുനാള്‍ ആഘോഷ വേളയില്‍ കടുത്ത പെന്ത്ക്കോസ്ത് വിശ്വാസിയായ തനിക്ക് ഗ്വാഡലൂപ്പ മാതാവിനോടുള്ള ഭക്തിയുടെ കാരണം മനസ്സിലാക്കുവാന്‍ കഴിഞ്ഞിട്ടില്ലായെന്നാണ് റവ. നോര്‍മ ഗുവേര പറഞ്ഞത്.
അമേരിക്കയില്‍ താന്‍ സ്നേഹിക്കുകയും, സ്നേഹിക്കപ്പെടുകയും ചെയ്ത ഒരു ആഘോഷമാണിതെന്നും, ആളുകളുടെ അനുഭവം കേട്ടതും, അവരുടെ സാക്ഷ്യങ്ങള്‍ കണ്ടതുമാണ് ഗ്വാഡലൂപ്പയില്‍ പ്രത്യക്ഷപ്പെട്ട ദൈവമാതാവിനെ താന്‍ ഇത്രത്തോളം സ്നേഹിക്കുവാന്‍ കാരണമായതെന്നു റവ. നോര്‍മ ഗുവേര പറഞ്ഞു. ചരിത്രത്തിലെ ഒരു പ്രത്യേക സംഭവം വഴി ദൈവം നമ്മുടെ ജീവിതത്തില്‍ ഇടപെട്ടതിനെ ആദരിക്കുകയാണ് തങ്ങള്‍ ചെയ്യുന്നതെന്നു പാസദേനയിലെ ഓള്‍ സെയിന്റ്സ് എപ്പിസ്കോപ്പല്‍ ദേവാലയത്തില്‍ നടന്ന ആഘോഷവേളയില്‍ പാസ്റ്റര്‍ ആല്‍ഫ്രഡോ ഫെരെഗ്രിനോ പറഞ്ഞു.
നവോത്ഥാന കാലഘട്ടം മുതലേ പ്രൊട്ടസ്റ്റന്റ് പ്രമുഖര്‍ ദൈവ മാതാവിനെ ക്രിസ്ത്യന്‍ വിശ്വാസത്തിലെ ഒരു വ്യക്തിത്വമായി അംഗീകരിക്കുന്നുണ്ടെങ്കിലും മാതാവിന്റെ പ്രാധാന്യം കുറച്ചു കാട്ടുകയാണ് ചെയ്തുകണ്ടിരിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ തിരുനാള്‍ ആഘോഷത്തിന്റെ പേരില്‍ അമേരിക്കയിലെ ഇവാഞ്ചലിക്കല്‍ ലൂഥറന്‍ സമൂഹത്തിന്റെ സിയന്നാ പസിഫിക് സിനഡില്‍വെച്ച് അന്നത്തെ മെത്രാനായിരുന്ന റവ. മേഗന്‍ റോറെര്‍ റാബെല്‍-ഗോണ്‍സാലസിനെ തങ്ങളുടെ കൂട്ടായ്മയില്‍ നിന്നും പുറത്താക്കിയതായി പ്രഖ്യാപിച്ചിരുന്നു.
ഗ്വാഡലൂപ്പ മാതാവ്:
1531-ല്‍ മെക്‌സിക്കന്‍ കര്‍ഷകനായ ജുവാന്‍ ഡിഗോയ്ക്ക് നല്‍കിയ പ്രത്യക്ഷപ്പെടലിലൂടെയാണ് ഗ്വാഡലൂപ്പ ആഗോള ശ്രദ്ധ നേടുന്നത്. തനിക്ക് ലഭിച്ച ദര്‍ശനം ബിഷപ്പിന് മുന്നില്‍ സ്ഥിരീകരിക്കുവാന്‍ പരിശുദ്ധ അമ്മ സമ്മാനിച്ച പുഷ്പവുമായി എത്തിയ ജുവാന്‍ തന്റെ മേലങ്കി ബിഷപ്പിന് മുന്നില്‍ തുറന്നപ്പോള്‍ പൂക്കൾ സൂക്ഷിച്ചിരുന്ന സ്ഥാനത്ത് ജുവാനു പ്രത്യക്ഷപ്പെട്ട അതേ രൂപത്തിൽ പരിശുദ്ധ അമ്മയുടെ ചിത്രം അത്ഭുതകരമായി ആലേഖനം ചെയ്തിരിക്കുകയായിരിന്നു. ഈ ചിത്രമാണ് ‘ഗ്വാഡലൂപിലെ പരിശുദ്ധ മാതാവ്’ എന്ന പേരില്‍ പ്രസിദ്ധമായത്.