Social Media - 2024

''പ്രിയപ്പെട്ട ദൈവജനമേ നിങ്ങളോട് ഞങ്ങൾ മാപ്പ് ചോദിക്കുന്നു''; ക്രിസ്തുമസിനോട് അനുബന്ധിച്ച് വൈദികന്റെ വൈകാരികമായ കുറിപ്പ് ശ്രദ്ധ നേടുന്നു

പ്രവാചകശബ്ദം 25-12-2022 - Sunday

കൊച്ചി: എറണാകുളം അങ്കമാലി അതിരൂപതയിലെ കത്തീഡ്രൽ ബസിലിക്കയിൽ നടന്ന സംഭവങ്ങളിൽ മാപ്പ് ചോദിച്ചുകൊണ്ടുള്ള വൈദികന്റെ കുറിപ്പ് ശ്രദ്ധ നേടുന്നു. സൊസൈറ്റി ഓഫ് ഡിവൈൻ വൊക്കേഷൻ സമൂഹാംഗമായ ഫാ. റോയി, ക്രിസ്തുമസിനോട് അനുബന്ധിച്ച് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിൽ, ക്ഷമിക്കാനും പൊറുക്കുവാനും അൾത്താരയിൽ നിന്ന് പറയുകയും പരസ്യമായി അതിന് എതിരെ പറയുകയും ചെയ്യുന്ന ഞങ്ങളുടെ എല്ലാ വൈദികരെയും പ്രതി പ്രിയപ്പെട്ട ദൈവജനത്തോട് മാപ്പ് ചോദിക്കുകയാണെന്ന് പറയുന്നു. ദൈവത്തിന്റെ ദീർഘക്ഷമയെ ബലഹീനതയായി കണ്ട് വീണ്ടും പാപം ആവർത്തിക്കുന്നവരുടെ അന്ത്യത്തെക്കുറിച്ച് പത്രോസ് ശ്ലീഹ പറഞ്ഞുവെച്ചിട്ടുണ്ടെന്നു അദ്ദേഹം ചൂണ്ടിക്കാട്ടി.

വിശുദ്ധ കുർബാനയെ അപമാനിക്കുന്ന ഈ കാട്ടിക്കൂട്ടലുകൾ എല്ലാം കാണുന്ന ജനങ്ങൾ ദൈവത്തിൽനിന്നോ വിശ്വാസത്തിൽ നിന്നോ അകന്ന് പോയാൽ അതിനും ദൈവസന്നിധിയിൽ നിങ്ങൾ കണക്കു കൊടുക്കേണ്ടിവരും. ഭൂമിയിൽ നിങ്ങളെ താൽക്കാലികമായി പിന്താങ്ങുന്ന ഓരോരുത്തർക്കും ദൈവത്തിനു മുന്നിൽ നിങ്ങൾക്ക് മധ്യസ്ഥം വഹിക്കാൻ കഴിയുകയില്ല എന്നോർത്ത് കൊള്ളണമെന്നും കുറിപ്പിൽ ഓർമ്മപെടുത്തുന്നു. കുറിപ്പ് വായിക്കുമ്പോൾ പക്ഷം പിടിക്കുകയാണെന്ന് ചിന്തിക്കുന്നവർക്കുള്ള മറുപടിയും പോസ്റ്റിൽ കൃത്യമായി നൽകുന്നുണ്ട്.

സീറോ മലബാർ സിനഡിന്റെയും പരിശുദ്ധ പിതാവിന്റെയും തീരുമാനങ്ങളാണ് എന്റെ പക്ഷം. അത് അവസാനശ്വാസം വരെയും ഞാൻ ഉറക്കെ പറയുകയും ചെയ്യും. കാരണം റോമിലെ മാർപാപ്പയെയും എന്റെ സഭയായ, സീറോ മലബാർ സഭയുടെ മേജർ ആർച്ച് ബിഷപ്പിനെയും, ഞാൻ ശുശ്രൂഷ ചെയ്യുവാൻ നിയോഗിക്കപ്പെടുന്ന സ്ഥലത്തെ മെത്രാനെയും അനുസരിച്ചു കൊള്ളാമെന്ന് സുവിശേഷ ഗ്രന്ഥം സാക്ഷിയാക്കി, എന്റെ കുടുംബാംഗങ്ങളുടെയും ഇടവക ജനത്തിന്റെയും മുന്നിൽ പ്രതിജ്ഞ എടുത്തിരുന്നുവെന്നും ഫാ. റോയി കുറിച്ചു.

ഫാ. റോയിയുടെ കുറിപ്പിന്റെ പൂര്‍ണ്ണരൂപം: ‍

KEEP CHRIST IN YOUR CHRISTMAS.

പ്രിയപ്പെട്ടവരെ, ക്രിസ്മസ് ആശംസകൾ നേരണമെന്ന് ആഗ്രഹമുണ്ട്. എന്നാൽ സീറോ മലബാർ സഭയിലെ, എറണാകുളം അങ്കമാലി അതിരൂപതയിലെ ഞങ്ങളുടെ സഹോദര വൈദികരുടെ എതിർ സാക്ഷ്യങ്ങളും പരസ്യമായ അനുസരണക്കേടും വിശുദ്ധ കുർബാന വരെ അവഹേളിക്കുന്ന സഭയുടെ അംഗീകാരമില്ലാത്ത കുർബാന ക്രമങ്ങളും ഒക്കെ കാണുമ്പോൾ അൽമായർ വരെ അൾത്താരയിൽ കയറി ആ വൈദികരെ പിടിച്ചു വലിച്ചു പുറത്താക്കുന്നത് കാണുമ്പോൾ മെറി ക്രിസ്മസ് എന്ന ആശംസിക്കുവാൻ എന്തൊക്കെയോ ഒരു ബുദ്ധിമുട്ടുകൾ.

സീറോ മലബാർ സഭ ഉറച്ച തീരുമാനങ്ങൾ എടുക്കുവാൻ കഴിവില്ലാത്ത അധികാരികൾ മൂലമോ, അല്ലെങ്കിൽ സിനഡിന്റെ തീരുമാനത്തെ പോലും പരസ്യമായി വെല്ലുവിളിക്കുന്ന എറണാകുളം അങ്കമാലി അതിരൂപതയിലെ വിരലിലെണ്ണാവുന്ന വൈദികരുടെ പ്രവർത്തനങ്ങൾ മൂലമോ വളരെയേറെ വിമർശനങ്ങൾക്കിടയിലൂടെ കടന്നു പോവുകയാണ്.

എറണാകുളം അങ്കമാലി അതിരൂപതയിലെ ഞങ്ങളുടെ ചില മുതിർന്ന വൈദികരുടെ വാട്സപ്പ് പോസ്റ്റുകളും ഫേസ്ബുക്ക് പോസ്റ്റുകളും കാണുമ്പോൾ പലപ്പോഴും തലതാഴ്ത്തി നിൽക്കാറുണ്ട്. ക്രിസ്തുവിന്റെ സ്നേഹത്തെക്കുറിച്ച് ക്ഷമയെക്കുറിച്ച് വാതോരാതെ പ്രസംഗിക്കുന്ന ചില ധ്യാനഗുരുക്കന്മാർ വരെ തിരുസഭയുടെയും സിനഡിന്റെയും പരിശുദ്ധ പിതാവിന്റെയും വരെ നിർദ്ദേശങ്ങളെ തള്ളിക്കളയുന്നത് കാണുമ്പോൾ ഇവരുടെ ആത്മീയത എന്താണ് എന്നൊരു ചോദ്യം സാധാരണക്കാരായ വിശ്വാസികൾ ചോദിച്ചാൽ അതിൽ അത്ഭുതപ്പെടേണ്ട കാര്യമുണ്ടെന്ന് തോന്നുന്നില്ല. ക്ഷമിക്കാനും പൊറുക്കുവാനും അൾത്താരയിൽ നിന്ന് പറയുകയും പരസ്യമായി അതിന് എതിരെ പറയുകയും ചെയ്യുന്ന ഞങ്ങളുടെ എല്ലാ വൈദികരെയും പ്രതി പ്രിയപ്പെട്ട ദൈവജനമേ നിങ്ങളോട് മാപ്പ് ചോദിക്കുന്നു.

ഈശോയിൽ പ്രിയപ്പെട്ട എറണാകുളം അതിരൂപതയിലെ വിഘടിച്ചു നിൽക്കുന്ന വൈദികരെ ദൈവത്തിന്റെ ദീർഘ ക്ഷമയെ ബലഹീനതയായി കണ്ട് വീണ്ടും പാപം ആവർത്തിക്കുന്നവരുടെ അന്ത്യത്തെക്കുറിച്ച് പത്രോസ് ശ്ലീഹ പറഞ്ഞുവെച്ചിട്ടുണ്ട്.

തിരുസഭയും സിനഡും കാണിക്കുന്ന ഈ ദീർഘ ക്ഷമ ഒരു ബലഹീനതയായി കാണാതെ ആഴമായ പശ്ചാത്താപത്തോടെ തെറ്റുകൾ ഏറ്റുപറഞ്ഞ് തമ്പുരാന്റെ മുന്നിലേക്ക് നമുക്ക് പോകാം.



അല്ലെങ്കിൽ ഒരു പക്ഷെ ഇനിയൊരു തിരിച്ചുവരവ് സാധ്യമല്ലാത്ത അവസ്ഥകളിലേക്ക്, നിങ്ങൾ ഇപ്പോൾ ഏറ്റവും അവമതിക്കുന്ന പൗരോഹിത്യമെന്ന ദാനം പോലും നിങ്ങളിൽ നിന്ന് എടുത്തു മാറ്റപ്പെട്ടേക്കാം...

ഇടവക ജനത്തിന് ആവശ്യം തങ്ങളെ നയിക്കുന്ന, നന്മയിലേക്ക് നയിക്കുന്ന വൈദികരെയാണ്. തിരുസഭക്കും അധികാരികൾക്കും എതിരെ അൾത്താരയിൽ നിന്ന് പ്രസംഗിക്കുന്നവരെ പിന്താങ്ങുവാൻ സഭയെ വെറുക്കുന്ന വളരെ കുറച്ച് ആളുകളെ ഉണ്ടാവുകയുള്ളൂ. എറണാകുളം അങ്കമാലി അതിരൂപതയിലെ 98 ശതമാനം ജനങ്ങളും പരിശുദ്ധ പിതാവിന്റെയും സീറോ മലബാർ സഭയുടെ സിനഡിന്റെ കൂടെയും തന്നെയാണ്. നിങ്ങൾ ഇപ്പോൾ നടത്തുന്ന വിശുദ്ധ കുർബാനയെ അപമാനിക്കുന്ന ഈ കാട്ടിക്കൂട്ടലുകൾ എല്ലാം കാണുന്ന ജനങ്ങൾ ദൈവത്തിൽനിന്നോ വിശ്വാസത്തിൽ നിന്നോ അകന്ന് പോയാൽ അതിനും ദൈവസന്നിധിയിൽ നിങ്ങൾ കണക്കു കൊടുക്കേണ്ടിവരും. ഭൂമിയിൽ നിങ്ങളെ താൽക്കാലികമായി പിന്താങ്ങുന്ന ഒരുത്തർക്കും ദൈവത്തിനു മുന്നിൽ നിങ്ങൾക്ക് മധ്യസ്ഥം വഹിക്കാൻ കഴിയുകയില്ല എന്നോർത്ത് കൊള്ളുക..

ഈ കാര്യങ്ങളെക്കുറിച്ച് സോഷ്യൽ മീഡിയയിൽ എഴുതരുതെന്ന് പലപ്പോഴും ആഗ്രഹിച്ചിരുന്നതാണ്. പക്ഷേ ഇന്നലെയും ഇന്നും ആളുകളുടെ ചോദ്യങ്ങളും ഷെയർ ചെയ്യപ്പെടുന്ന വീഡിയോകളും ഞങ്ങളിനി എന്തുചെയ്യുമെന്ന അവരുടെ ചോദ്യവും ഇങ്ങനെ ഒരു അവസ്ഥയിലേക്ക് എത്തിച്ചിരിക്കുകയാണ്. പ്രിയപ്പെട്ട ദൈവജനമേ, ഹൃദയത്തിന്റെ ഉള്ളിൽനിന്ന് നിങ്ങളോട് മാപ്പ് ചോദിക്കുന്നു. തിരുസഭയിൽ ഇതിനേക്കാൾ വലിയ ഒത്തിരി ഏറെ പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ട്. തിരുസഭ അതിനെയെല്ലാം അതിജീവിച്ചിട്ടുണ്ട്. അതുകൊണ്ട് നമുക്ക് പ്രാർത്ഥിക്കാം. തായ്‌തണ്ടിനോട് ചേരാതെ മറുതലിച്ചു നിൽക്കുന്ന ശിഖരങ്ങൾ വെട്ടികളയാൻ ഉള്ള ധൈര്യം പരിശുദ്ധാത്മാവ് തിരുസഭാധികാരികൾക്ക് നൽകട്ടെ....

ഒരുപക്ഷേ ഇത് വായിക്കുമ്പോൾ ഞാൻ പക്ഷം പിടിച്ച് എഴുതുന്നത് പോലെ ചിലർക്കെങ്കിലും തോന്നിയേക്കാം. തീർച്ചയായും ഞാൻ പക്ഷം പിടിക്കുക തന്നെ ചെയ്യും. സീറോ മലബാർ സിനഡിന്റെയും പരിശുദ്ധ പിതാവിന്റെയും തീരുമാനങ്ങളാണ് എന്റെ പക്ഷം. അത് അവസാനശ്വാസം വരെയും ഞാൻ ഉറക്കെ പറയുകയും ചെയ്യും. കാരണം റോമിലെ മാർപാപ്പയെയും എന്റെ സഭയായ, സീറോ മലബാർ സഭയുടെ മേജർ ആർച്ച് ബിഷപ്പിനെയും, ഞാൻ ശുശ്രൂഷ ചെയ്യുവാൻ നിയോഗിക്കപ്പെടുന്ന സ്ഥലത്തെ മെത്രാനെയും അനുസരിച്ചു കൊള്ളാം എന്ന് സുവിശേഷ ഗ്രന്ഥം സാക്ഷിയാക്കി, എന്റെ കുടുംബാംഗങ്ങളുടെയും ഇടവക ജനത്തിന്റെയും മുന്നിൽ ഞാനൊരു പ്രതിജ്ഞ എടുത്തിരുന്നു. ഞാൻ മാത്രമല്ല, ഇന്ന് പരസ്യമായി തിരുസഭയെ അവഹേളിക്കുന്ന വൈദികരും തങ്ങളുടെ തിരുപട്ട ദിവസത്തെ ആ പ്രതിജ്ഞ ഒന്നുകൂടെ ഓർത്തു നോക്കിയാൽ, അത് ജീവിതത്തിൽ പാലിക്കുവാൻ തീരുമാനിച്ചാൽ അവസാനിക്കുന്ന പ്രശ്നങ്ങളെ ഇന്ന് സഭയിലുള്ളൂ...

ഉണ്ണിശോ എല്ലാവരെയും അനുഗ്രഹിക്കട്ടെ.

റോയിച്ചൻ.


Related Articles »