India - 2025
അഹമ്മദാബാദ് വിമാന ദുരന്തം; അനുശോചന കുറിപ്പുമായി കെസിബിസി
പ്രവാചകശബ്ദം 14-06-2025 - Saturday
കൊച്ചി: അഹമ്മദാബാദ് വിമാനദുരന്തത്തിൽ കേരള കത്തോലിക്കാ സഭ അനുശോചനവും അഗാധമായ ദുഃഖവും രേഖപ്പെടുത്തുന്നതായി കെസിബിസി പത്രക്കുറിപ്പിൽ അറിയിച്ചു. മരിച്ചവരുടെ ബന്ധുമിത്രാദികളുടെയും പരിക്കേറ്റവരുടെയും രാജ്യം മുഴുവന്റെയും വേദനയിൽ ആത്മാർഥമായി പങ്കുചേരുന്നു. ഈ ഘട്ടത്തിൽ തീവ്രമായ വേദനയിലൂടെ കടന്നുപോകുകയും രക്ഷാപ്രവർത്തനങ്ങൾ സംബന്ധിച്ച വിവിധ മേഖലകളിൽ പ്രവർത്തനനിരതരായിരിക്കുകയും ചെയ്യുന്നവരെ പ്രാർത്ഥനയിലൂടെ ശക്തിപ്പെടുത്താൻ നമുക്കു കടമയുണ്ടെന്ന് കെസിബിസി പ്രസ്താവിച്ചു.
മരിച്ചവരുടെ ആത്മശാന്തിക്കായും നമുക്കു പ്രാർത്ഥിക്കാം. പ്രവർത്തനനിരതമായിരിക്കുന്ന കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കും സർക്കാർ സംവിധാനങ്ങൾക്കും ഉദ്യോഗസ്ഥർക്കും പിന്തുണ അറിയിക്കുന്നു. ഇതുപോലുള്ള മഹാദുരന്തങ്ങൾ ഇനിയും ആവർത്തിക്കാതിരിക്കാൻ ആഗ്രഹിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നതായും കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ജനറലും വക്താവുമായ ഫാ. തോമസ് തറയിൽ പറഞ്ഞു.
