News
ബെനഡിക്ട് പതിനാറാമൻ പാപ്പ വളരെ രോഗബാധിതൻ; പ്രത്യേകം പ്രാര്‍ത്ഥിക്കണമെന്നു ഫ്രാന്‍സിസ് പാപ്പ
പ്രവാചകശബ്ദം 28-12-2022 - Wednesday
വത്തിക്കാന്‍ സിറ്റി: ദിവസം ചെല്ലുംതോറും ആരോഗ്യനില വഷളായി കൊണ്ടിരിക്കുന്ന തന്റെ മുന്‍ഗാമിയായ ബെനഡിക്ട് പതിനാറാമൻ പാപ്പയ്ക്കു വേണ്ടി പ്രാര്‍ത്ഥനാ സഹായം അഭ്യര്‍ത്ഥിച്ചുക്കൊണ്ട് ഫ്രാന്‍സിസ് പാപ്പ. ഇന്ന്‍ വത്തിക്കാനിലെ പോള്‍ ആറാമന്‍ ഹാളില്‍വെച്ച് നടന്ന തന്റെ പതിവനുസരിച്ചുള്ള പൊതു അഭിസംബോധനക്കിടയിലാണ് ഫ്രാന്‍സിസ് പാപ്പ, ബെനഡിക്ട് പതിനാറാമൻ പാപ്പയ്ക്കു വേണ്ടി പ്രത്യേക പ്രാര്‍ത്ഥന സഹായം അഭ്യര്‍ത്ഥിച്ചത്.
“നിശബ്ദമായി സഭയെ നിലനിര്‍ത്തിക്കൊണ്ട് പോകുന്ന ബെനഡിക്ട് പാപ്പയ്ക്കു വേണ്ടി പ്രത്യേകം പ്രാര്‍ത്ഥിക്കുവാന്‍ ഞാന്‍ നിങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു. അദ്ദേഹത്തെ ഓര്‍ക്കുക – അദ്ദേഹം വളരെ രോഗബാധിതനാണ് – അദ്ദേഹത്തെ ആശ്വസിപ്പിക്കുവാനും അവസാനം വരെ സഭയോടുള്ള സ്നേഹത്തിന്റെ സാക്ഷ്യത്തില്‍ അദ്ദേഹത്തെ നിലനിര്‍ത്തുവാനും കര്‍ത്താവിനോട് അപേക്ഷിക്കുക”- ഫ്രാന്‍സിസ് പാപ്പ അഭ്യര്‍ത്ഥിച്ചു. മുന്‍പാപ്പയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ചുള്ള കൂടുതല്‍ കാര്യങ്ങളൊന്നും പാപ്പ വിശദമാക്കിയില്ല.
2005-ല്‍ ആഗോള കത്തോലിക്കാ സഭയുടെ തലവനായി തിരഞ്ഞെടുക്കപ്പെട്ട ബെനഡിക്ട് പതിനാറാമന്‍ പാപ്പ 2013 ഫെബ്രുവരി 28-നാണ് സ്ഥാനത്യാഗം ചെയ്തു പദവിയില്‍ നിന്നും രാജി വെക്കുന്നത്. വത്തിക്കാനിലെ മാറ്റർ ഏക്ളേസിയ ആശ്രമത്തിലാണ് അദ്ദേഹമിപ്പോള്‍ കഴിയുന്നത്. മുന്‍ പാപ്പ എന്ന നിലയില്‍ ബെനഡിക്ട് പതിനാറാമന്‍ തിരുസഭയ്ക്കും, ദൈവശാസ്ത്ര രംഗത്തിനും നല്‍കിയ സംഭാവനകളെ ഡിസംബര്‍ 1-ന് വത്തിക്കാനില്‍വെച്ച് നടന്ന റാറ്റ്സിംഗര്‍ പ്രൈസ് അവാര്‍ഡ് ദാന ചടങ്ങില്‍വെച്ച് ഫ്രാന്‍സിസ് പാപ്പ പ്രശംസിച്ചിരുന്നു. സാര്‍വ്വത്രിക സഭക്ക് വേണ്ടിയുള്ള പ്രാര്‍ത്ഥനയില്‍ അദ്ദേഹത്തിന്റെ ആത്മീയ സാന്നിധ്യവും, അകമ്പടിയും നമ്മള്‍ അനുഭവിക്കുന്നുണ്ടെന്നും അദ്ദേഹത്തിന്റെ ദൈവശാസ്ത്ര പ്രവര്‍ത്തനപരമായ സംഭാവനകളും, ചിന്തകളും ഫലപ്രദമാകുന്നുണ്ടെന്ന്‍ ഉറപ്പ് വരുത്തുന്നതില്‍ പ്രധാനപ്പെട്ടതാണെന്നും പാപ്പ അന്ന് പറഞ്ഞിരുന്നു.
കഴിഞ്ഞ 600 വര്‍ഷങ്ങള്‍ക്കിടയില്‍ രാജിവെക്കുന്ന ആദ്യ പത്രോസിന്റെ പിൻഗാമിയാണ് ബെനഡിക്ട് പതിനാറാമന്‍ പാപ്പ. തന്റെ വിശ്രമ ജീവിതം പ്രാര്‍ത്ഥനയിലും, ധ്യാനത്തിലും ചിലവഴിച്ചു വരികയായിരുന്ന ബെനഡിക്ട് പതിനാറാമന്റെ ആരോഗ്യം സമീപ വര്‍ഷങ്ങളിലായി ക്ഷയിച്ചു വരികയാണ്. ബെനഡിക്ട് പതിനാറാമൻ പാപ്പയുടെ നിലവിലെ ആരോഗ്യത്തെ സംബന്ധിച്ച വത്തിക്കാന്റെ ഔദ്യോഗിക അറിയിപ്പൊന്നും ഇതുവരെ പുറത്തുവന്നിട്ടില്ല. സമീപകാലത്ത് പുറത്തുവന്ന ചില ഫോട്ടോകളില്‍ നിന്നും ബെനഡിക്ട് പതിനാറാമന്‍ ഏറെ ക്ഷീണിതനായാണ് കാണപ്പെടുന്നത്.