News - 2024

ബെനഡിക്ട് പതിനാറാമൻ ശക്തനായ പാപ്പ, തന്നെ പിന്തുണച്ചു: അനുസ്മരണവുമായി ഫ്രാന്‍സിസ് പാപ്പ

പ്രവാചകശബ്ദം 03-04-2024 - Wednesday

വത്തിക്കാന്‍ സിറ്റി: തന്റെ മുന്‍ഗാമിയായ ബെനഡിക്ട് പതിനാറാമൻ പാപ്പയെ കുറിച്ച് അനുസ്മരണവുമായി ഫ്രാന്‍സിസ് പാപ്പ. സ്പാനിഷ് മാധ്യമ പ്രവർത്തകനായ ഹവിയെർ മർത്തീനെസ് ബ്രോക്കാൽ ഫ്രാന്‍സിസ് പാപ്പയുമായി നടത്തിയ അഭിമുഖം ഉൾക്കൊള്ളിച്ച് രചിച്ച, ബെനഡിക്ട് പതിനാറാമൻ പാപ്പായെക്കുറിച്ചുള്ള സ്മരണകൾ അടങ്ങുന്ന അഭിമുഖ ഗ്രന്ഥത്തില്‍ മുന്‍ പാപ്പയെ കുറിച്ച് ഫ്രാന്‍സിസ് പാപ്പ വാചാലനാകുകയായിരിന്നു. ബെനഡിക്ട് പാപ്പ തന്നെ ഏറെ പിന്തുണച്ചിരിന്നുവെന്നു അദ്ദേഹം വെളിപ്പെടുത്തി.

വത്തിക്കാനിൽ വിശ്രമ ജീവിതം നയിച്ചിരുന്ന ബെനഡിക്ട് പതിനാറാമൻ പാപ്പ തനിക്കെന്നും പിതൃ തുല്യനായിരുന്നുവെന്നും സഭാഭരണകാര്യങ്ങളിൽ ഒരിക്കലും കൈകടത്തിയിട്ടില്ലെന്നും പാപ്പ അഭിമുഖത്തിൽ പറഞ്ഞു. തന്നെ വളരാൻ അനുവദിച്ച ബെനഡിക്ട് പതിനാറാമൻ പാപ്പ ക്ഷമാശീലനും എന്തിലെങ്കിലും പന്തികേടു തോന്നിയാൽ അത് തന്നോടു പറയുന്നതിനു മുമ്പ് മുന്നും നാലും വട്ടം ചിന്തിക്കുന്ന വ്യക്തിയുമായിരിന്നു. തന്നെ സ്വതന്ത്രനായി വിട്ടിരുന്ന അദ്ദേഹം മനസ്സിലാകാത്തവ സ്വാഭാവിക രീതിയിൽ തന്നോടു ചോദിക്കുമായിരുന്നുവെന്നും എന്നാൽ തീരുമാനം തനിക്കു വിടുമായിരുന്നുവെന്നും പാപ്പ അഭിമുഖത്തില്‍ വെളിപ്പെടുത്തി.

പിൻഗാമി എന്നർത്ഥം വരുന്ന “എൽ സുച്ചെസോർ” (El Sucesor) എന്ന അഭിമുഖ ഗ്രന്ഥം ഇന്നു ഏപ്രില്‍ മൂന്നാം തീയതി ബുധനാഴ്‌ച പുറത്തിറങ്ങും. ജോൺ പോൾ രണ്ടാമൻ മാർപാപ്പയുടെ പിൻഗാമിയായി 2005 ഏപ്രിൽ 19ന് സ്ഥാനമേറ്റ ബെനഡിക്ട് പതിനാറാമൻ പാപ്പ അനാരോഗ്യം മൂലം 2013 ഫെബ്രുവരി 28ന് സ്ഥാനത്യാഗം ചെയ്യുകയായിരിന്നു. ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും അറിയപ്പെടുന്ന ദൈവശാസ്ത്രജ്ഞനും 600 വർഷത്തിനു ശേഷം സ്ഥാനമൊഴിഞ്ഞ ആദ്യത്തെ മാർപാപ്പയുമായ എമിരിറ്റസ് ബെനഡിക്ട് പതിനാറാമൻ മാർപാപ്പ 2022 ഡിസംബർ 31-നാണ് നിത്യസമ്മാനത്തിന് വിളിക്കപ്പെട്ടത്.


Related Articles »