News - 2025

ബെനഡിക്ട് പതിനാറാമൻ പാപ്പ: ഏറ്റവും കൂടുതൽ കാലം ജീവിച്ച പത്രോസിന്റെ പിന്‍ഗാമി

പ്രവാചകശബ്ദം 31-12-2022 - Saturday

റോം: എമിരിറ്റസ് ബെനഡിക്ട് പതിനാറാമൻ പാപ്പ യാത്രയായത് ഏറ്റവും കൂടുതൽ കാലം ജീവിച്ച മാർപാപ്പ എന്ന ചരിത്രപരമായ തിരുത്തി കുറിക്കല്‍ നടത്തിയതിന് ശേഷം. 93 വർഷവും, നാലു മാസവും മൂന്നു ദിവസവും ജീവിച്ച ലിയോ പതിമൂന്നാമൻ മാർപാപ്പയുടെ പ്രായത്തിന്റെ കണക്കാണ് ബെനഡിക്ട് മാർപാപ്പ 2020-ല്‍ മറികടന്നത്. ഇന്നു നിത്യസമ്മാനത്തിന് വിളിക്കപ്പെടുമ്പോള്‍ ബെനഡിക്ട് പാപ്പയ്ക്കു 95 വര്‍ഷവും 8 മാസവും 15 ദിവസവുമായിരിന്നു പ്രായം. 1600ന് ശേഷമുള്ള മാർപാപ്പമാരുടെ പ്രായം കണക്കിലെടുത്താണ് ഇത്തരമൊരു നിഗമനത്തിൽ എത്തിച്ചേർന്നിരിക്കുന്നത്. 1740ൽ അന്തരിച്ച ക്ലെമന്റ് പന്ത്രണ്ടാമൻ മാർപാപ്പയാണ് ഏറ്റവും കൂടുതൽ കാലം ജീവിച്ച മൂന്നാമത്തെ പാപ്പ.

1676-ല്‍ എണ്‍പത്തിയാറാം വയസിൽ മരിച്ച ക്ലെമന്റ് പത്താമൻ മാർപാപ്പയാണ് നാലാം സ്ഥാനത്ത് വരുന്നത്. ജോൺ പോൾ രണ്ടാമന്‍ മാർപാപ്പ 84 വയസ്സ് വരെയാണ് ജീവിച്ചിരുന്നത്. രണ്ടാം വത്തിക്കാൻ കൗൺസിൽ ആരംഭിച്ച ജോൺ ഇരുപത്തിമൂന്നാമൻ മാർപാപ്പ 1963ൽ എൺപത്തിയൊന്നാം വയസ്സിലാണ് നിത്യസമ്മാനത്തിനായി വിളിക്കപ്പെടുന്നത്. വിശുദ്ധ പോൾ ആറാമൻ പാപ്പ 80 വയസ്സ് വരെയാണ് ജീവിച്ചത്. വെറും 33 ദിവസം മാത്രം പത്രോസിന്റെ സിംഹാസനത്തിലിരുന്ന ജോൺ പോൾ ഒന്നാമൻ മാർപാപ്പ 65ാം വയസ്സിലാണ് അന്തരിച്ചത്. 2013ൽ ബനഡിക്ട് പതിനാറാമൻ മാർപാപ്പ സ്ഥാനത്യാഗം ചെയ്തതിനുശേഷം പകരക്കാരനായി തെരഞ്ഞെടുക്കപ്പെട്ട ഫ്രാൻസിസ് മാർപാപ്പയ്ക്ക് ഇപ്പോൾ 86 വയസ്സാണുള്ളത്.


Related Articles »