News - 2025

ബെനഡിക്ട് പാപ്പയുടെ ഭൗതീകശരീരം ഇന്ന് മുതല്‍ പൊതുദർശനത്തിന്; വത്തിക്കാനിലേക്ക് പതിനായിരങ്ങള്‍ ഒഴുകും

പ്രവാചകശബ്ദം 02-01-2023 - Monday

വത്തിക്കാൻ സിറ്റി: ദിവംഗതനായ ബെനഡിക്ട് പതിനാറാമന്‍ പാപ്പയുടെ ഭൗതീകശരീരം ഇന്നു മുതല്‍ പൊതുദർശനത്തിനായിവെക്കും. വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയിലാണ് പൊതുദര്‍ശനത്തിനു വെയ്ക്കുക. രാഷ്ട്ര പ്രതിനിധികള്‍, കര്‍ദ്ദിനാളുമാര്‍, മെത്രാപ്പോലീത്തമാര്‍, മെത്രാന്മാര്‍, വൈദികര്‍, വിശ്വാസികള്‍ അടക്കം ജനലക്ഷങ്ങള്‍ പാപ്പയുടെ ഭൗതീകശരീരം കാണാനും പ്രാര്‍ത്ഥിക്കാനും ഈ ദിവസങ്ങളില്‍ എത്തുമെന്നാണ് നിരീക്ഷിക്കപ്പെടുന്നത്. വത്തിക്കാന്‍ സമയം രാവിലെ 9 മണിക്ക് (ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 01:30) മുതലാണ് സെന്റ് പീറ്റേഴ്സ് ബസിലിക്കയില്‍ പൊതുദര്‍ശനം ആരംഭിക്കുക. നിലവില്‍ പോപ്പ് എമിരിറ്റസ് തന്റെ അവസാനകാലം ചെലവിട്ട മാത്തര്‍ എക്ലേസിയ ആശ്രമത്തിലെ ചാപ്പലിലാണ് ഭൗതിക ശരീരം സൂക്ഷിച്ചിരിക്കുന്നത്.

ചാപ്പലിൽ നിന്നുള്ള പാപ്പയുടെ മൃതശരീരത്തിന്റെ ചിത്രങ്ങള്‍ വത്തിക്കാന്‍ ഇന്നലെ പുറത്തുവിട്ടിരിന്നു. മാത്തര്‍ എക്ലേസിയയിലെ ആശ്രമത്തില്‍ പാപ്പയോടൊപ്പം കഴിഞ്ഞിരിന്നവര്‍ക്ക് മാത്രമാണ് ഇന്നലെ മൃതശരീരം കാണാന്‍ അനുമതിയുണ്ടായിരിന്നത്. 2022-ലെ അവസാന ദിവസമായ ഡിസംബര്‍ 31 പ്രാദേശിക സമയം രാവിലെ 9.34നാണ് (ഇന്ത്യന്‍ സമയം ഉച്ചക്കഴിഞ്ഞ് 02:04) അദ്ദേഹം നിത്യസമ്മാനത്തിന് വിളിക്കപ്പെട്ടത്. ജോൺ പോൾ രണ്ടാമൻ മാർപാപ്പയുടെ പിൻഗാമിയായി 2005 ഏപ്രിൽ 19ന് സ്ഥാനമേറ്റ അദ്ദേഹം അനാരോഗ്യം മൂലം 2013 ഫെബ്രുവരി 28ന് സ്ഥാനത്യാഗം ചെയ്യുകയായിരിന്നു.


Related Articles »