India - 2024
വിശുദ്ധ ചാവറയച്ചൻ നവോത്ഥാനത്തിന്റെ ആദ്യ മുഖം: ശശി തരൂർ എംപി
പ്രവാചകശബ്ദം 10-01-2023 - Tuesday
മാന്നാനം: വിശുദ്ധ ചാവറയച്ചൻ നവോത്ഥാനത്തിന്റെ ആദ്യമുഖമാണെന്ന് ശശി തരൂർ എംപി. മാന്നാനം ആശ്രമ ദേവാലയത്തിൽ വിശുദ്ധ ചാവറയച്ചന്റെ കബറിടം സന്ദർശിച്ച് പുഷ്പാർച്ചന നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ദളിത് വിദ്യാർഥികളെ മറ്റ് വിദ്യാർഥികൾക്കൊപ്പമിരുത്തി പഠിപ്പിച്ചും ഇന്ത്യയിൽ ആദ്യ മായി വിദ്യാർഥികൾക്ക് സൗജന്യ ഉച്ചഭക്ഷണ പരിപാടി ആവിഷ്കരിച്ചും വിപ്ലവകരമായ സാമൂഹിക മാറ്റത്തിനാണ് അദ്ദേഹം വഴിതുറന്നത്. അതിനു പിന്നാലെയാണ് ചട്ടമ്പി സ്വാമികളും ശ്രീനാരായണ ഗുരുവുമൊക്കെ വരുന്നതെന്നു അദ്ദേഹം ചൂണ്ടിക്കാട്ടി.
കേരളത്തിന്റെ ആദ്യ നവോത്ഥാന നായകനായ വിശുദ്ധ ചാവറയച്ചനെ വേണ്ട രീതി യിൽ ഭാരതം അറിയുന്നില്ല. ഇവിടെ ചെയ്തതുപോലെ രാജ്യവ്യാപകമായി ടെക്സ്റ്റ് ബുക്കുകളിലൂടെയും മറ്റും അദ്ദേഹത്തെ പരിചയപ്പെടുത്താനുള്ള ശ്രമങ്ങൾ ഉണ്ടാകേണ്ടിയിരിക്കുന്നു. അതിനായി തന്നെക്കൊണ്ട് പറ്റുന്ന ശ്രമങ്ങൾ നടത്തുമെന്നും തരൂർ പറഞ്ഞു.
സിഎംഐ സഭ വികാരി ജനറൽ ഫാ. ജോസി താമരശേരിയുടെ നേതൃത്വത്തിൽ ശശി തരൂരിനെ സ്വീകരിച്ചു. തുടർന്ന് അദ്ദേഹം വിശുദ്ധ ചാവറയച്ചന്റെ കബറിടത്തിൽ പുഷ്പാർച്ചന നടത്തി പ്രാർത്ഥിച്ചു. മാന്നാനം ആശ്രമം പ്രിയോർ ഫാ. മാത്യൂസ് ചക്കാലയ്ക്കൽ, ഫാ. ജയിംസ് മുല്ലശേരി, ഫാ. തോമസ് കല്ലുകളം, ഫാ.ആന്റണി കാഞ്ഞിരത്തിങ്കൽ, കെ.എസ്. ശബരിനാഥ്, യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ചിന്തു കുര്യൻ ജോയി, ജില്ലാ പഞ്ചായത്ത് മെംബർ ജോസ്മോൻ മുണ്ടയ്ക്കൽ തുടങ്ങിയവർ സന്നിഹിതരായിരുന്നു.