India - 2024

പ്രതിഷേധത്തിന് ഒടുവില്‍ ചാവറയച്ചന്‍ കേരള പാഠാവലിയിലെ നവോത്ഥാന ചരിത്രത്തില്‍

പ്രവാചകശബ്ദം 24-05-2024 - Friday

കോട്ടയം: ശക്തമായ പ്രതിഷേധത്തിന് ഒടുവില്‍ സ്കൂൾ പാഠപുസ്‌തകത്തിൽ കേരളത്തിലെ ആദ്യകാല സാമൂഹിക പരിഷ്കർത്താക്കളുടെ നിരയിൽ വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസച്ചനെയും ഉൾപ്പെടുത്തി. 7-ാം ക്ലാസിലെ പുസ്തകത്തില്‍ 10 വര്‍ഷത്തിനു ശേഷമാണു ചാവറയച്ചനെ ഉള്‍പ്പെടുത്തിയത്. 2022ല്‍ കേരള പാഠാവലിയിലെ നവോത്ഥാന ചരിത്രത്തില്‍ ചാവറയച്ചനെ ഉള്‍പ്പെടുത്താതിരുന്നത് വിവാദം സൃഷ്ടിച്ചിരുന്നു. സാമൂഹികശാസ്ത്രം പുസ്തകത്തിലെ 4–ാം അധ്യായത്തിലാണ് ചാവറയച്ചന്റെ സംഭാവനകൾ ഉൾപ്പെടുത്തിയത്.

സാമൂഹിക പരിഷ്‌കരണത്തിനു നേതൃത്വം നല്‍കിയവരുടെ കൂട്ടത്തിലാണ് ചാവറയച്ചനെയും ഉള്‍പ്പെടുത്തിയിരിക്കുന്നത്. ശ്രീനാരായണ ഗുരു, കുര്യാക്കോസ് ഏലിയാസ് ചാവറ, വൈകുണ്ഠ സ്വാമികൾ, ചട്ടമ്പിസ്വാമികൾ, വക്കം അബ്ദുൾ ഖാദർ മൗലവി, പൊയ്ക്‌കയിൽ യോഹന്നാൻ, പണ്ഡിറ്റ് കെ.പി. കറുപ്പൻ, ദാക്ഷായണി വേലായുധൻ എന്നീ ക്രമത്തിലാണ് സാമൂഹിക പരിഷ്‌കർത്താക്കളുടെ നിരയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ശ്രീ നാരായണ ഗുരുവിനും മുന്നേ കേരള സമൂഹത്തിൽ സാമൂഹിക പരിഷ്കരണത്തിൽ നിർണായക പങ്കുവഹിച്ച ചാവറയച്ചനെ ഈ പട്ടികയിൽ ചേർക്കാത്തതിൽ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. സമുദായ പരിഷ്കർത്താവ്‌, വിദ്യാഭ്യാസ പ്രവർത്തകൻ, ജീ‍വകാരുണ്യപ്രവർത്തകൻ, അയിത്തോച്ചാടനം നടത്തിയ വ്യക്തി എന്നീ വിവിധ നിലകളിലും ശ്രദ്ധനേടിയ വ്യക്തിയാണ് ചാവറയച്ചന്‍. 1871ജനുവരി 3 നു കൂനമാവിൽ വെച്ച് അന്തരിച്ചു.1986 ഫെബ്രുവരി 8-ന് രണ്ടാം ജോൺ പോൾ മാർപാപ്പ അദ്ദേഹത്തെ കോട്ടയത്തുവെച്ച് വാഴ്ത്തപ്പെട്ടവൻ ആയി പ്രഖ്യാ‍പിച്ചു. 2014 നവംബർ 23-ന് ഫ്രാൻസിസ് മാർപാപ്പയാണ് ചാവറയച്ചനെ വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തിയത്. .


Related Articles »