Youth Zone - 2024
ജോഷിമഠിലെ ദുരിതബാധിതര്‍ക്ക് സഹായമെത്തിച്ച മെല്‍വിനച്ചന്റെ മടക്കയാത്ര സ്വര്‍ഗ്ഗത്തിലേക്ക്
പ്രവാചകശബ്ദം 20-01-2023 - Friday
ജോഷിമഠ് (ഉത്തരാഖണ്ഡ്): ഉത്തരാഖണ്ഡിലെ ജോഷിമഠിൽ ഭൂമി പിളർന്നുതാഴുന്നതു മൂലം ദുരിതത്തിലായ പ്രദേശവാസികള്‍ക്ക് അരി ഉള്‍പ്പെടെയുള്ള ഭക്ഷ്യവസ്തുക്കളുമായി പോയ മലയാളി വൈദികന്‍ മടക്കയാത്രയില്‍ വാഹനാപകടത്തില്‍ മരിച്ചു. ബിജ്നോര്‍ രൂപതയ്ക്കു വേണ്ടി സേവനം ചെയ്യുന്ന കോഴിക്കോട് ചക്കിട്ടപ്പാറ സ്വദേശി ഫാ. മെല്‍വിന്‍ അബ്രാഹം പള്ളിത്താഴത്താണ് അനേകരുടെ കണ്ണീര്‍ തുടച്ചുള്ള തന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്നാലെ നിത്യസമ്മാനത്തിന് വിളിക്കപ്പെട്ടത്. ബിജ്‌നോര്‍ രൂപതയ്ക്കു വേണ്ടി സേവനം ചെയ്തിരിന്ന അദ്ദേഹം ജോഷിമഠിലേക്ക് ഭക്ഷ്യവസ്തുക്കളുമായി ഒറ്റയ്ക്കു യാത്ര തിരിച്ചപ്പോള്‍ മുതലുള്ള ദൃശ്യങ്ങള്‍ കാമറയില്‍ പകര്‍ത്തി പ്രിയപ്പെട്ടവരുമായി പങ്കുവെച്ചിരിന്നു. ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്.
മിഷന്‍ സ്റ്റേഷനില്‍നിന്നും 320 കിലോമീറ്റര്‍ അകലെയുള്ള ജോഷിമഠിലേക്ക് ഭക്ഷണ സാധനങ്ങളുമായി യാത്ര തിരിച്ച അദ്ദേഹം തന്റെ ദൌത്യം പൂര്‍ത്തിയാക്കി ഇന്നലെ മടക്കയാത്രയിലാണ് മരണപ്പെട്ടത്. കനത്ത മഞ്ഞുവീഴ്ചയെ തുടര്‍ന്നു റോഡ് മൂടപ്പെട്ട നിലയിലായിരിന്നുവെന്നും വാഹനം കൊക്കയിലേക്ക് പതിക്കുകയുമായിരിന്നെന്നാണ് പ്രാഥമിക വിവരം. മഞ്ഞില്‍ തെന്നി അഞ്ഞൂറടി താഴ്ചയിലേക്കാണ് വാഹനം പതിച്ചത്. ഇന്നു പുലര്‍ച്ചെയോടെ സൈനീകരാണ് മൃതദേഹം കണ്ടെടുത്തത്. മടക്കയാത്രയില്‍ ഫാ. മെല്‍വിനൊപ്പം സഹയാത്രികര്‍ ഉണ്ടായിരിന്നെന്നും സൂചനകളുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ സ്ഥിരീകരണമില്ല.
പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം എയിംസ് ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റുമെന്ന് ബിജ്നോര്‍ രൂപത അറിയിച്ചു. ഞായറാഴ്ച കൊറ്റഡ്വാര്‍ സെന്‍റ് ജോസഫ് കത്തീഡ്രല്‍ ദേവാലയത്തില്‍ മൃതദേഹം പൊതുദര്‍ശനത്തിനുവെയ്ക്കും. ജനുവരി 23 തിങ്കളാഴ്ചയാണ് മൃതസംസ്കാരം. രാവിലെ 9 മണിയോടെ മൃതസംസ്കാര ശുശ്രൂഷകള്‍ക്ക് തുടക്കമാകും. റിട്ടയേര്‍ഡ് അധ്യാപകരായ പള്ളിത്താഴത്ത് ബാബു- കാത്‌റിന്‍ ദമ്പതികളുടെ മൂന്നുമക്കളില്‍ ഇളയ മകനാണ് ഫാ. മെല്‍വിന്‍.