News - 2024

അരക്ഷിതാവസ്ഥ നിലനിൽക്കുന്ന നിക്കരാഗ്വേയിൽ നിന്ന് വിദേശ വൈദികർ മടങ്ങാൻ ഒരുങ്ങുന്നു

പ്രവാചകശബ്ദം 31-01-2023 - Tuesday

മനാഗ്വേ: കടുത്ത അരക്ഷിതാവസ്ഥയും ഏകാധിപത്യവും നിലനിൽക്കുന്ന ലാറ്റിൻ അമേരിക്കൻ രാജ്യമായ നിക്കരാഗ്വേയിൽ നിന്നും ഏതാനും വിദേശ വൈദികർ രാജ്യം വിടാൻ ഒരുങ്ങുന്നു. മനാഗ്വേ ആർച്ച് ബിഷപ്പ് കർദ്ദിനാൾ ലിയോപോൾഡോ ബ്രണസ് ഇക്കാര്യം ശരിവെച്ചു. ഞായറാഴ്ച കത്തീഡ്രൽ ദേവാലയത്തിൽ വിശുദ്ധ കുർബാനക്കിടയിൽ നടത്തിയ സന്ദേശത്തിലാണ് അദ്ദേഹം ഈ വെളിപ്പെടുത്തൽ നടത്തിയത്. നിയോകാറ്റിക്കുമനൽ വേ എന്ന കത്തോലിക്കാ പ്രസ്ഥാനത്തിൽ വൈദിക പഠനത്തിനുവേണ്ടിr ചേർന്ന ചിലർ അതിരൂപതയ്ക്ക് വേണ്ടി തിരുപ്പട്ടം സ്വീകരിച്ചിട്ടുണ്ടെന്നും, അവർ സ്വന്തം രാജ്യത്തേക്ക് തിരികെ പോകണം എന്നാണ് പറയുന്നതെന്നും, ഇത് ചെറിയതോതിൽ രാജ്യത്തുള്ള വൈദികരുടെ എണ്ണം കുറയാൻ ഇടയാക്കുമെന്നും അദ്ദേഹം പറഞ്ഞു.

നിയോകാറ്റിക്കുമനൽ വേയിൽ അംഗങ്ങളായുള്ള അതിരൂപതയ്ക്ക് വേണ്ടി വൈദിക പട്ടം സ്വീകരിച്ച വൈദികർക്ക് തിരികെ മടങ്ങാൻ തോന്നുകയാണെങ്കിൽ അതിന് അവർക്ക് സ്വാതന്ത്ര്യം ഉണ്ടെന്ന് കർദ്ദിനാൾ വിശദീകരിച്ചു. ഈ ആവശ്യം പറഞ്ഞ് ചിലി സ്വദേശിയായ ഒരു വൈദികൻ തനിക്ക് സന്ദേശം അയച്ചത് കർദ്ദിനാൾ ബ്രണസ് എടുത്തു പറഞ്ഞു. ഒരു മെത്രാൻ എന്ന നിലയിലും, ഒരു വ്യക്തിയെന്ന നിലയിലും ദൈവവിളിയുടെ ഉടമ താനല്ലെന്നും, ദൈവമാണ് പൗരോഹിത്യത്തിലേക്ക് ആളുകളെ വിളിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 11 നവ വൈദികരെ തന്ന ദൈവത്തിന്റെ അനുഗ്രഹം അനുഭവിച്ചറിയാൻ സാധിക്കുന്നുണ്ടെന്ന് ജനുവരി 28 ശനിയാഴ്ച 11 ഡീക്കന്മാർക്ക് വൈദിക പട്ടം നൽകിയത് ഓർത്തെടുത്ത് കർദ്ദിനാൾ ബ്രണസ് പറഞ്ഞു.

നല്ല വിശുദ്ധരായ വൈദികരെ നൽകണമെന്ന് എല്ലാ ദിവസവും ജപമാല ചെല്ലുമ്പോൾ നിയോഗം വെക്കാറുണ്ടെന്നും അദ്ദേഹം പങ്കുവെച്ചു. ഇതിനിടെ ജനുവരി 27നു ഗൂഢാലോചന, വ്യാജ വാർത്ത പ്രചരണം തുടങ്ങിയ കുറ്റങ്ങൾ മൂന്നു വൈദികരുടെയും, ഒരു ഡീക്കന്റെയും, രണ്ട് സെമിനാരി വിദ്യാർഥികളുടെയും, ഒരു അൽമായന്റെയും മേൽ ഡാനിയേൽ ഒർട്ടേഗ ഭരണകൂടം ആരോപിച്ചിരുന്നു. പത്തുവർഷം തടവു ശിക്ഷ അവർക്ക് നൽകണമെന്നാണ് ഭരണകൂടം കോടതിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. നിരവധി മാസങ്ങളായി ഭരണകൂട വിമർശനത്തിന്റെ പേരിൽ വീട്ടുതടങ്കലിൽ കഴിയുന്ന മതഗൽപ്പ രൂപത മെത്രാൻ റോലാണ്ടോ അൽവാരസുമായി അടുത്ത പുലർത്തുന്നവരാണ് ഈ ഏഴ് പേരും. അദ്ദേഹത്തിന്റെ കേസും, ഭരണകൂടവുമായി അടുത്ത ബന്ധമുള്ള നാദിയ കമില്ലയാണ് കേൾക്കുന്നത്.



More Archives >>

Page 1 of 818